ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉസ്മാൻ ഷിൻവാരി ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ചതായി വാർത്ത. ബർഗർ പെയിന്റ്സും ഫ്രൈസ്‌ലൻഡും തമ്മിലുള്ള മത്സരത്തിനിടെ ഷിൻവാരി മരിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഈ വാർത്ത അവാസ്തവമാണെന്നും ദൈവകൃപയാൽ താൻ സുഖമായിരിക്കുന്നുവെന്നും വ്യക്തമാക്കി ഷിൻവാരി ട്വിറ്ററിലൂടെ രംഗത്തെത്തി. മരിച്ചെന്നു വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷിൻവാരിയുടെ അതേ പേരുള്ള പ്രാദേശിക താരം ഒരു ആഭ്യന്തര മത്സരത്തിനിടെ കൊല്ലപ്പെട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. മത്സരത്തിനിടെ ഫീൽഡിൽവച്ച് ഉസ്മാൻ ഷിൻവാരി എന്നു പേരുള്ള താരം കുഴഞ്ഞുവീഴുന്നതിന്റെയും താരത്തെ ആശുപത്രിയിലേക്കു മാറ്റുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ചത് മറ്റൊരു ഷിൻവാരിയാണെന്നു വ്യക്തമാക്കി ‘ഒറിജിനൽ’ ഷിൻവാരി രംഗത്തെത്തിയത്.
‘‘ദൈവകൃപയാൽ ഞാൻ സുഖമായിരിക്കുന്നു. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ട്. ഏറ്റവും ബഹുമാനത്തോടെ ഒരു കാര്യം പറയട്ടെ. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുൻപ് എല്ലാവരും അതിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തുക. നന്ദി’’ – ഷിൻവാരി ട്വീറ്റ് ചെയ്തു.
English Summary: Pakistan pacer Usman Shinwari issues clarification after his namesake dies on field – Please verify news before running