ADVERTISEMENT

ഗുവാഹത്തി∙ സൂര്യകുമാർ യാദവിന്റെയും കെ.എൽ.രാഹുലിന്റെയും അർധസെഞ്ചറിയുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20ൽ ഇന്ത്യയ്ക്ക് 16 റൺസിന്റെ ഉജ്ജ്വല വിജയം. 47 പന്തിൽ പുറത്താകാതെ 106 റൺസെടുത്ത ഡേവിഡ് മില്ലറുടെ തകർപ്പൻ പ്രകടനത്തിനും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2–0ത്തിന് സ്വന്തമാക്കി. 

238 റൺസിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷാണിഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ക്യാപ്റ്റൻ ടെംബ ബാവുമ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നാലെയെത്തിയ റിലി റൂസോയും പൂജ്യനായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം ഏതാണ്ട് ഉറപ്പായിരുന്നു.

എന്നാൽ ക്വിന്റൻ ഡീകോക്കു(48 പന്തിൽ 69*)മായി ചേർന്ന് ഐഡൻ മാർക്രം(19 പന്തിൽ 33 റൺസ്) ദക്ഷിണാഫ്രിക്കയെ പതിയെ കൈപിടിച്ചുയർത്തി. ഐഡൻ മാർക്രം പോയതിനു പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലർ ഡീകോക്കുമായി ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും നിശ്ചിത ഓവറിൽ 221 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റും അക്‌ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കെ.എൽ.രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെ അർധസെഞ്ചറിയുടെ മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു. 22 പന്തിൽ അഞ്ചു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 61 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രാഹുൽ 28 പന്തിൽ 57 റൺസെടുത്തു.

suryakumar-yadav-ind-vs-sa
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റു ചെയ്യുന്നു. Image. Twitter/@BCCI

ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ(37 പന്തിൽ 43)യും രാഹുലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.5 ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ പന്ത് കേശവ് മഹാരാജ് പിടിച്ച് രോഹിത് ശർമ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഇന്ത്യ 96 റണ്‍സ് കൂട്ടിച്ചേർത്തിരുന്നു. തൊട്ടുപിന്നാലെ രാഹുലും പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാറും വിരാട് കോലി (28 പന്തിൽ 49*)യും ചേർന്ന് ഇന്ത്യയുടെ സ്കോർ 200 കടത്തി. 18.1 ഓവറിൽ സൂര്യകുമാർ റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ 209 എന്ന മികച്ച നിലയിലെത്തിയിരുന്നു. സൂര്യകുമാറിനു പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് 7 ബോളിൽ 17 റൺസെടുത്ത് പുറത്താകാതെ കോലിക്ക് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി വെയ്ൻ പാർനലും ലുംഗി എൻഗിഡിയും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

ഇന്ത്യ: രോഹിത് ശർമ(ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ആർ. അശ്വിൻ, അക്‌ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ദീപക് ചാഹർ, ഹർഷൽ പട്ടേല്‍

ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൻ ഡികോക്ക്, റിലി റൂസോ, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്,വെയ്ൻ പാർനൽ, കഗീസോ റബാദ, കേശവ് മഹാരാജ്, ആൻറിക് നോർട്യ, ലുംഗി എൻഗിഡി

English Summary: India- South Africa Second T20 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com