ADVERTISEMENT

ഇൻഡോർ ∙ വാലറ്റത്തിന്റെ പോരാട്ടത്തിനും ഇൻഡോറിൽ ഇന്ത്യയെ രക്ഷിക്കാനായില്ല. ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമലയ്ക്കു മുന്നിൽ ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ള മുൻനിരയും സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ള മധ്യനിരയും മുട്ടുമടക്കിയതോടെ, ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. 49 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്. ഇൻഡോറിൽ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ, 2–1ന് പരമ്പര സ്വന്തമാക്കി. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ മൂന്നിന് 227 റൺസ്, ഇന്ത്യ 18.3 ഓവറിൽ 178ന് ഓൾഔട്ട്

നാലാമനായി എത്തി തകർത്തടിച്ച ദിനേഷ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കാർത്തിക് 21 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 46 റൺസെടുത്തു. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത് 14 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 27 റൺസെടുത്തും പുറത്തായി. ഇവർക്കു പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് വാലറ്റക്കാരായ ദീപക് ചാഹർ (17 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 31), ഉമേഷ് യാദവ് (17 പന്തിൽ രണ്ടു ഫോറുകളോടെ പുറത്താകാതെ 20), ഹർഷൽ പട്ടേൽ (12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17) എന്നിവർ മാത്രം.

ക്യാപ്റ്റൻ രോഹിത് ശർമ (0), ശ്രേയസ് അയ്യർ (1), സൂര്യകുമാർ യാദവ് (8), അക്ഷർ പട്ടേൽ (9), രവിചന്ദ്രൻ അശ്വിൻ (2), മുഹമ്മദ് സിറാജ് (5) എന്നിവർ നിരാശപ്പെടുത്തി. 3.3 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഡ്വെയിൻ പ്രിട്ടോറിയസാണ് ഇന്ത്യയെ തകർത്തത്. കേശവ് മഹാരാജ് നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മൂന്ന് ഓവറിൽ 51 റണ്‍സ് വഴങ്ങി. പാർണൽ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ നാല് ഓവറിൽ വഴങ്ങിയത് 24 റൺസ് മാത്രം.

∙ തകർത്തടിച്ച് റൂസ്സോ

നേരത്തെ, രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറിയുമായി തകർത്തടിച്ച റിലീ റൂസ്സോയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ഇൻഡോർ ട്വന്റി20യിൽ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 227 റൺസ്. വൺഡൗണായി ക്രീസിലെത്തിയ റൂസ്സോ 48 പന്തിൽ 100 റൺസുമായി പുറത്താകാതെ നിന്നു. ഏഴു ഫോറും എട്ടു സിക്സും ഉൾപ്പെടുന്നതാണ് റൂസ്സോയുടെ ഇന്നിങ്സ്. അർധസെഞ്ചറി നേടിയ ഓപ്പണർ ക്വിന്റൻ ഡികോക്കിന്റെ പ്രകടനവും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി. ഡികോക്ക് 43 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 68 റൺസെടുത്ത് പുറത്തായി.

ട്രിസ്റ്റൻ സ്റ്റബ്സ് 18 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്തായി. അവസാന ഓവറിൽ ക്രീസിലെത്തിയ ഡേവിഡ് മില്ലർ അഞ്ച് പന്തിൽ മൂന്നു സിക്സറുകൾ സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. അതേസമയം, ക്യാപ്റ്റൻ ടെംബ ബാവുമ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഡികോക്കിനൊപ്പം ഓപ്പണറുടെ വേഷത്തിലെത്തിയ ബാവുമ, എട്ടു പന്തിൽ മൂന്നു റൺസെടുത്ത് മടങ്ങി.

30 റൺസെടുക്കുമ്പോഴേയ്ക്കും ആദ്യ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക്, രണ്ടാം വിക്കറ്റിൽ ഡികോക്ക് – റൂസ്സോ സഖ്യം പടുത്തുടർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. വെറും 48 പന്തിൽ ഇരുവരും സ്കോർബോർഡിലെത്തിച്ചത് 90 റൺസ്. മൂന്നാം വിക്കറ്റിൽ റൂസ്സോ – സ്റ്റബ്സ് സഖ്യം 43 പന്തിൽ 87 റൺസും കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കൻ സ്കോറിങ്ങിന് കരുത്തേകി.

ഇന്ത്യയ്ക്കായി ദീപക് ചാഹർ നാല് ഓവറിൽ 48 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്ന് ഓവറിൽ 34 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു. നാല് ഓവറിൽ 49 റൺസ് വഴങ്ങിയ ഹർഷൽ പട്ടേലും 4 ഓവറിൽ 44 റൺസ് വഴങ്ങിയ മുഹമ്മദ് സിറാജും നിരാശപ്പെടുത്തി. അശ്വിൻ നാല് ഓവറിൽ 35 റൺസും അക്ഷർ പട്ടേൽ ഒരു ഓവറിൽ 13 റൺസും വഴങ്ങി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ വിരാട് കോലി, കെ.എൽ.രാഹുൽ എന്നിവർക്ക് വിശ്രമം അനുവദിച്ചു. അർഷ്ദീപ് സിങ് പരുക്കേറ്റും പുറത്തായി. ഇവർക്കു പകരം ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്നു കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

English Summary: India - South Africa third T20 live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com