ADVERTISEMENT

സിഡ്നി ∙ കുട്ടിക്രിക്കറ്റിന്റെ ആഗോള ഉത്സവമായ ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് വമ്പൻ അട്ടിമറിയുമായി ഓസ്ട്രേലിയയിൽ തുടക്കം. ലോകകപ്പിനു തിരിതെളിച്ചു കൊണ്ടുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിൽ, കരുത്തരായ ശ്രീലങ്കയെ നമീബിയ അട്ടിമറിച്ചു. ആവേശപ്പോരാട്ടത്തിൽ 55 റൺസിനാണ് നമീബിയ നിലവിലെ ഏഷ്യാ കപ്പ് ജേതാക്കൾ കൂടിയായ ശ്രീലങ്കയെ വീഴ്ത്തിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ അടിച്ചെടുത്തത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസ്. അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത യാൻ ഫ്രൈലിങ്ക് (28 പന്തിൽ 44), സ്മിത്ത് (16 പന്തിൽ പുറത്താകാതെ 31) എന്നിവരാണ് നമീബിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ശ്രീലങ്കയുടെ മറുപടി ഒരു ഓവർ ബാക്കിനിൽക്കെ 108 റൺസിൽ അവസാനിച്ചു. നമീബിയയുടെ വിജയം 55 റണ്‍സിന്.

23 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്ത ക്യാപ്റ്റൻ ദസൂൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റനു പുറമെ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് ഭാനുക രജപക്സെ (21 പന്തിൽ 20), മഹീഷ് തീക്ഷണ (11 പന്തിൽ പുറത്താകാതെ 11), ധനഞ്ജയ ഡിസിൽവ (11 പന്തിൽ 12) എന്നിവർ മാത്രം. പാത്തും നിസ്സങ്ക (10 പന്തിൽ 9), കുശാൽ മെൻഡിസ് (ആറു പന്തിൽ ആറ്), ധനുഷ്ക ഗുണതിലക (0), വാനിന്ദു ഹസരംഗ (എട്ടു പന്തിൽ നാല്), ചാമിക കരുണരത്‌നെ (എട്ട് പന്തിൽ അഞ്ച്), പ്രമോദ് മധുഷൻ (0), ദുഷ്മന്ത ചമീര (15 പന്തിൽ എട്ട്) എന്നിവർ നിരാശപ്പെടുത്തി.

നമീബിയയ്ക്കായി ഡേവിഡ് വീസ് നാല് ഓവറിൽ 16 റൺസ് വഴങ്ങിയും ബെർണാർഡ് സ്കോൾട്സ് നാല് ഓവറിൽ 18 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെൻ ഷികോംഗോ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും യാൻ ഫ്രൈലിങ്ക് നാല് ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഒരു വിക്കറ്റ് സ്മിത്തിനും ലഭിച്ചു.

നേരത്തെ, യാൻ ഫ്രൈലിങ്ക് – സ്മിത്ത് സഖ്യം അവസാന 5 ഓവറിൽ അടിച്ചെടുത്ത 68 റൺസാണ് ശ്രീലങ്കയ്‌ക്കെതിരെ നമീബിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 15–ാം ഓവറിലെ മൂന്നാം പന്തിൽ ഒരുമിച്ച ഫ്രൈലിങ്ക് – സ്മിത്ത് സഖ്യം 34 പന്തിൽ അടിച്ചെടുത്തത് 70 റൺസാണ്. ഫ്രൈലിങ്ക് 28 പന്തിൽ നാലു ഫോറുകളോടെ 44 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി. സ്മിത്ത് 16 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 31 റൺസുമായി പുറത്താകാതെ നിന്നു.

ലോഫ്ടി–ഈട്ടൺ (12 പന്തിൽ 20), ബാർഡ് (24 പന്തിൽ 26), ക്യാപ്റ്റൻ‍ ജെറാർദ് ഇറാസ്മസ് (24 പന്തിൽ 20) എന്നിവരും നമീബിയയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയ്ക്കായി പ്രമോദ് മധുഷൻ രണ്ടു വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കാൻ ശ്രീലങ്ക, വിൻഡീസ്

രണ്ട് തവണ ചാംപ്യൻ‌മാരായ വെസ്റ്റിൻഡീസും ഒരു തവണ കിരീടമുയർത്തിയ ശ്രീലങ്കയും മത്സരിക്കുന്നുവെന്നതാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആവേശമുയർത്തുന്ന ഘടകം. ഗ്രൂപ്പ് റൗണ്ടിലെ 8 ടീമുകളിൽ നിന്ന് 4 ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്കു മുന്നേറും.

ഗ്രൂപ്പ് റൗണ്ട്

4 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളിലായി മത്സരം. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ‌ 9 മുതൽ 12 വരെയുള്ള 4 ടീമുകൾക്കൊപ്പം‌
യോഗ്യതാ മത്സരം വിജയിച്ചെത്തിയ 4 ടീമുകളും. ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക്.

സൂപ്പർ 12

ട്വന്റി20 റാങ്കിങ്ങിലെ ആദ്യ 8 സ്ഥാനക്കാർക്കൊപ്പം ഗ്രൂപ്പ് റൗണ്ടിൽ നിന്നുള്ള 4 ടീമുകളും. 6 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളിലായി മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സെമിയിലേക്ക്.

English Summary: Sri Lanka vs Namibia, 1st Match, Group A - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com