ADVERTISEMENT

ഹൊബാർട്ട് ∙ വിജയം അനിവാര്യമായ പോരാട്ടത്തിൽ ബാറ്റിങ് പിഴച്ചുവെങ്കിലും ബോളർമാരുടെ മികവിൽ വെസ്റ്റിൻഡീസിന് ‘ജീവൻ’. അൽസാരി ജോസഫിന്റെയും ജയ്സൻ ഹോ‍ൾഡറുടെയും ഉജ്വല സ്പെല്ലുകളുടെ കരുത്തിൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ 31 റൺസ് വിജയം വിൻഡീസിന്റെ സൂപ്പർ 12 സാധ്യത നിലനിർത്തി. 154 റൺസെന്ന ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 122 റൺസിനു പുറത്തായി. അൽസാരിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 7 വിക്കറ്റിന് 153, സിംബാബ്‌വെ 18.2 ഓവറിൽ 122 ഓൾഔട്ട്.

ആദ്യ മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ കീഴടങ്ങിയ വിൻഡീസ് ഈ കളിയിലും തോറ്റാൽ ടൂർണമെന്റിൽ നിന്നു പുറത്താകുമെന്ന സ്ഥിതിയിലായിരുന്നു. മികച്ച സ്കോർ നേടാമെന്ന് പ്രതീക്ഷയിൽ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ഒരു വിധത്തിലാണ് 150 റൺസ് പിന്നിട്ടത്. ബ്രണ്ടൻ കിങ്ങിനു പകരം ടീമിലെത്തിയ ഓപ്പണർ ജോൺ‌സൺ ചാൾസാണ് (36 പന്തിൽ 45) ടോപ് സ്കോറർ. റോവ്മാൻ പവൽ (28), അകീൽ ഹുസൈൻ (23) എന്നിവരുടെ സംഭാവനയും നിർണായകമായി.

മറുപടി ബാറ്റിങ്ങിൽ പവർപ്ലേയിൽ 3 വിക്കറ്റിന് 55 റൺസെടുത്ത സിംബാബ്‌വെയെ അൽസാരിയുടെയും ഹോൾഡറിന്റെയും സ്പെല്ലുകളാണ് തകർത്തത്. കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത അൽസാരി 16 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി. ഹോൾഡർ 3.2 ഓവറിൽ 12 റൺസ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി.

Curtis Campher AFP
കാംഫറിന്റെ ആഹ്ലാദം. (Photo by DAVID GRAY / AFP)

കാംഫർ കസറി
∙ അയർലൻഡിന് 6 വിക്കറ്റ് വിജയം, സൂപ്പർ 12 പ്രതീക്ഷ
∙ കാംഫറിന് അർധശതകം, 2 വിക്കറ്റ്

ഹോബാർട്ട് ∙ കേർട്ടിസ് കാംഫറിന്റെ ഓൾറൗണ്ട് മികവിൽ സ്കോട്‌ലൻഡിനെതിരെ 6 വിക്കറ്റ് വിജയത്തോടെ അയർലൻഡ് ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12 പ്രതീക്ഷ നിലനിർത്തി. 177 റൺസെന്ന ലക്ഷ്യം പിന്തുടർന്ന അയർലൻഡിനെ കാംഫറും ജോർജ് ഡോക്കറെലും ചേർന്ന് 5–ാം വിക്കറ്റിൽ നേടിയ 119 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് വിജയത്തിലേക്കു നയിച്ചത്. അർധസെഞ്ചറിയും 2 വിക്കറ്റും നേടിയ കാംഫറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: സ്കോട്‌ലൻഡ് 20 ഓവറിൽ 5 വിക്കറ്റിന് 176, അയർലൻഡ് 19 ഓവറിൽ 4 വിക്കറ്റിന് 180.

ആദ്യ മത്സരത്തിൽ സിംബ‍ാ‌ബ്‍വെയോടു തോറ്റ അയർലൻഡ് ഈ വിജയത്തോടെ സാധ്യത നിലനിർത്തി. 10–ാം ഓവറിൽ 4 വിക്കറ്റിന് 61 റൺസെടുത്ത് തകർച്ച നേരിട്ടതിനു ശേഷം കാംഫർ– ഡോക്കറെൽ സഖ്യം അടുത്ത 57 പന്തിൽ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ വിജയം പിടിച്ചെടുക്കുമ്പോൾ ഇന്നിങ്സിൽ 6 പന്തു ബാക്കിയുണ്ടായിരുന്നു.

32 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 72 റൺസെടുത്ത കാംഫറിന് മികച്ച പങ്കാളിയായി ഡോക്കറെൽ (27 പന്തിൽ 39 റൺസ്, 4 ഫോർ, 1 സിക്സ്). നേരത്തേ, 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി സ്കോട്‌ലൻഡിന്റെ 2 വിക്കറ്റുകൾ നേടിയ ശേഷമായിരുന്നു കാംഫറിന്റെ ബാറ്റിങ് പ്രകടനം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലൻഡ് മൈക്കൽ ജോൺസിന്റെ അർധസെഞ്ചറിയുടെ (55 പന്തിൽ 86, 6 ഫോർ, 4 സിക്സ്) മികവിലാണ് 176 റൺസെടുത്തത്.

ഗ്രൂപ്പ് ബിയിൽ 2 പോയിന്റ് വീതം നേടിയ സ്കോട്‌ലൻഡ‍ും അയർലൻഡും സൂപ്പർ 12 പ്രതീക്ഷയിലാണ്. നാളെ വെസ്റ്റിൻഡീസിനെ അയർലൻഡും സിംബാബ്‌വെയെ സ്കോട്‌ലൻഡും നേരിടും.

Content Highlight: T20 World Cup 2022, West Indies Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com