ADVERTISEMENT

സിഡ്നി ∙ ട്വന്റി20 ലോകകപ്പിനു വേദിയൊരുക്കുന്ന ഓസ്ട്രേലിയയിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഭക്ഷണം മോശമാണെന്ന ആക്ഷേപവുമായി ഇന്ത്യൻ താരങ്ങൾ പരിശീലന വേദിയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തയാറാക്കിയിരുന്ന ഉച്ചഭക്ഷണം ബഹിഷ്കരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് പരിശീലന സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ താണ്ടി താമസ സ്ഥലത്തെ ഹോട്ടലിൽ വന്നാണ് താരങ്ങൾ പരിശീലനത്തിനു ശേഷം ഉച്ചഭക്ഷണം കഴിച്ചത്.

ഇന്നലെയാണ് സംഭവം. നെതർലൻഡ്സിനെതിരെ നാളെ നടക്കുന്ന മത്സരത്തിനു മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യൻ ടീമിന്റെ പരിശീലനം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. പരിശീലനത്തിനു ശേഷം പതിവുപോലെ ഇന്ത്യൻ താരങ്ങൾക്കുള്ള ഉച്ചഭക്ഷണം ഐസിസി സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു.

സ്വന്തമായി സാൻഡ്‌വിച്ച് ഉണ്ടാക്കാനുള്ള ക്രമീകരണങ്ങളും പഴങ്ങളുമെല്ലാം വേദിയിൽ ഒരുക്കിയിരുന്നു. എന്നാൽ, ഭക്ഷണം തണുത്തുപോയെന്നും ഗുണനിലവാരമില്ലെന്നും ഇന്ത്യൻ ടീമംഗങ്ങൾ വേദിയിൽ സന്നിഹിതനായിരുന്ന ഐസിസി പ്രതിനിധിയെ അറിയിക്കുകയായിരുന്നു. ഭക്ഷണത്തിന് ഒട്ടും നിലവാരമില്ലായിരുന്നുവെന്നും പരിശീലന സെഷനു ശേഷം സാൻഡ്‌വിച്ച് കഴിക്കാനാകില്ലെന്ന് ഒരു ഇന്ത്യൻ ടീമംഗം പ്രതികരിച്ചതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

ഭക്ഷണത്തിന്റെ നിലവാരം മോശമായതിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ ഐസിസിയുടെ ഉച്ചഭക്ഷണം ബഹിഷ്കരിച്ചെന്ന റിപ്പോർട്ടുകൾക്കിടെ, വിദേശ രാജ്യങ്ങളുടെ ആതിഥ്യമര്യാദ പഴയതുപോലെ മികച്ചതല്ലെന്ന സൂചനയുമായി ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു. ട്വീറ്റിന്റെ പശ്ചാത്തലം വിശദീകരിച്ചിട്ടില്ലെങ്കിലും, ഭക്ഷണ വിവാദത്തിനു പിന്നാലെ സേവാഗ് ട്വീറ്റ് ചെയ്ത കുറിപ്പ് അഭ്യൂഹങ്ങൾക്ക് കാരണമായി.

‘‘പാശ്ചാത്യ രാജ്യങ്ങളുടെ ആതിഥ്യ മര്യാദയാണ് ഏറ്റവും മികച്ചതെന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ പോയി. ആതിഥ്യ മര്യാദയുടെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യ ബഹുഭൂരിപക്ഷം പാശ്ചാത്യ രാജ്യങ്ങളേക്കാളും മികച്ചതാണ്’ – സേവാഗ് കുറിച്ചു.

പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിലെ അവിസ്മരണീയ വിജയത്തിനു പിന്നാലെയാണ് ഇന്ത്യൻ ടീം സിഡ്നിയിൽ പരിശീലനത്തിന് എത്തിയത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളികൾ.

ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, കെ.എൽ.രാഹുൽ, മുഹമ്മദ് സിറാജ്, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ ഠാക്കൂർ, ദീപക് ഹൂഡ തുടങ്ങിയവർ പരിശീലനത്തിന് എത്തിയിരുന്നു. ബാക്കിയുള്ള താരങ്ങളിൽ മിക്കവരും ഇന്നലെ വിശ്രമമെടുത്തു.

English Summary: Indian players left fuming due to poor food choices following training session at the SCG - Reports 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com