ADVERTISEMENT

മെൽബൺ നിവാസികൾ ആ ഹുങ്കാരം മറക്കില്ല. ദീപാവലിത്തലേന്ന് രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ അവസാനം, രവിചന്ദ്രൻ അശ്വിന്റെ ബാറ്റിൽ നിന്ന് ഇന്ത്യയുടെ വിജയറൺ പിറന്ന നിമിഷം ഉയർന്ന ആരവം മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ (എംസിജി) രണ്ടു കിലോമീറ്റർ ചുറ്റളവിലെങ്കിലും അലയടിച്ചു. ഒട്ടേറെ ആഷസ് മത്സരങ്ങൾക്കും ഒളിംപിക്, കോമൺവെൽത്ത് ഗെയിംസ്, ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് മത്സരങ്ങൾക്കും വേദിയായ എംസിജിയിൽ നിന്ന് ഇതുപോലെയൊരു ആരവം ഇതിനു മുൻപ് ഉയർന്നിട്ടില്ല.

ഇതുപോലൊരു പോരാട്ടത്തിന് ഈ പുൽമൈതാനം ഇതിനു മുൻപ് സാക്ഷ്യം വഹിച്ചിട്ടുമില്ലെന്ന് ഓസ്ട്രേലിയയിലെ പ്രശസ്തനായ റേഡിയോ കമന്റേറ്റർ ഡാരൻ ബെറിയടക്കമുള്ളവർ സാക്ഷ്യം പറയുന്നു. നാളെ നെതർലൻഡ്സിനെതിരെ സിഡ്നിയി‍ൽ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ മെൽബണിലെ ഈ വിജയം ഇന്ത്യയ്ക്കു നൽകുന്ന ഊർജം എത്രയായിരിക്കും!

∙ ആ 40 നിമിഷങ്ങൾ

ട്വന്റി20 ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറിൽനിന്ന് ഇതിഹാസ താരമായി മാറുകയായിരുന്നു കളിയുടെ അവസാന 40 നിമിഷങ്ങളിൽ വിരാട് കോലി. 1975ൽ മനിലയിൽ ജോ ഫ്രേസിയറെ മലർത്തിയടിച്ച് മുഹമ്മദ് അലിയും 1998ൽ ഷാർജയിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർത്തടിച്ച് സച്ചിൻ തെൻഡുൽക്കറും 2001 വിമ്പിൾഡനിൽ പീറ്റ് സാംപ്രസിനെ കീഴ്പ്പെടുത്തി റോജർ ഫെഡററുമൊക്കെ ഐതിഹാസിക താരങ്ങളായതു പോലെ ട്വന്റി20 ക്രിക്കറ്റിൽ കോലിയുടെ പുനരവതാരത്തിനു എംസിജി സാക്ഷ്യം വഹിച്ചു.

2006ൽ ഓസ്ട്രേലിയയുടെ ഇതിഹാസതാരം ഷെയ്ൻ വോൺ ബോക്സിങ് ഡേ ടെസ്റ്റിൽ 700 വിക്കറ്റുകൾ തികച്ചപ്പോഴോ, 2015ൽ ന്യൂസീലൻഡിനെ കീഴടക്കി ഓസ്ട്രേലിയ ഏകദിന ലോകകിരീടം നേടിയപ്പോഴോ എംസിജി ഇതുപോലെ വിസ്മയിച്ചു നിന്നിട്ടില്ല.

∙ മഹാഭാരതീയം

ടെസ്റ്റ് ക്രിക്കറ്റിന്റെ ചാരുതയും ഏകദിനത്തിന്റെ പോരാട്ടവീര്യവും ട്വന്റി20യുടെ പ്രഹരശേഷിയുമെല്ലാം നിറഞ്ഞ് മഹാഭാരതയുദ്ധം പോലെ നാടകീയമായ മത്സരത്തിനിടെ ഇന്ത്യയിൽ യുപിഐ പേയ്മെന്റുകളും ഓൺലൈൻ വ്യാപാരവും പോലും ഏറെക്കുറെ നിർജീവമായിപ്പോയെന്നാണു റിപ്പോർട്ടുകൾ.

വിജയസാധ്യതകൾ മാറിമറിഞ്ഞപ്പോൾ എംസിജിയിലെ ആരവവും അതിനൊത്തു മാറി. മത്സരത്തിനൊടുവിൽ സ്വന്തം ടീം തോറ്റതിൽ സങ്കടമുണ്ടെങ്കിലും ‘വീ ലവ് യു, കോലി’ എന്നു പറഞ്ഞ് പാക്കിസ്ഥാൻകാർ മടങ്ങിയപ്പോൾ ഇന്ത്യൻ ആരാധകർ ഉറക്കമില്ലാത്ത ആഘോഷരാവിലേക്കുളള യാത്രയിലായിരുന്നു.

∙ചരിത്രത്തിലേക്ക് 2 ഷോട്ടുകൾ

ക്രിക്കറ്റിലെ അനേകം മനോഹര മുഹൂർത്തങ്ങൾ കണ്ട എംസിജിയുടെ ചരിത്രത്തിലേക്ക് 2 അമൂല്യ ഷോട്ടുകൾ സംഭാവന ചെയ്താണ് കോലി ഇന്ത്യയെ അവിശ്വസനീയ വിജയത്തിലേക്കു നയിച്ചത്. ഫാസ്റ്റ് ബോളർ ഹാരിസ് റൗഫ് എറിഞ്ഞ അവസാന രണ്ടു പന്തുകളിൽ ആദ്യത്തേത് ബോളറുടെ തലയ്ക്കു മുകളിലൂടെയും രണ്ടാമത്തേത് ഫൈൻ ലെഗിനു മുകളിലൂടെയും സിക്സറിലേക്കു പറന്നു.

അതിന്റെയെല്ലാം ആവേശം അവസാന നിമിഷത്തിൽ ബൗണ്ടറി വരയ്ക്കു പിന്നിൽ ദൃശ്യമായി. മുൻ ലോകകകപ്പ് ജേതാക്കളായ സുനിൽ ഗാവസ്കറും കൃഷ്ണമാചാരി ശ്രീകാന്തും ഇർഫാൻ പഠാനുമെല്ലാം വീണ്ടുമൊരിക്കൽക്കൂടി ലോകജേതാക്കളായതു പോലെ തുള്ളിച്ചാടുകയായിരുന്നു!

English Summary: Virat Kohli Shines As India Beat Pakistan By 4 Wickets in T20 World cup Super 12 at Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com