‘ഓന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ’: ദാ, ലോകകപ്പിലെ മലയാളം കഥ!
Mail This Article
നമീബിയയ്ക്കെതിരായ മത്സരത്തിൽ ഞങ്ങൾ മലയാളത്തിൽ സംസാരിച്ചത് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു. ഓസ്ട്രേലിയയിൽ നടന്ന മത്സരത്തിനിടെ മലയാളം കേട്ടതുകൊണ്ടു കൂടിയായിരിക്കണം അത് ശ്രദ്ധിക്കപ്പെടാൻ കാരണം. ഞങ്ങൾ കുറച്ചു നാളുകളായി ഒന്നിച്ച് കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മത്സരത്തിനിടെ മിക്കപ്പോഴും മലയാളത്തിലാണ് സംസാരിക്കാറുള്ളത്. പതിവു രീതിയിലാണ് അന്നും ഞങ്ങൾ സംസാരിച്ചത്. അത് ശ്രദ്ധിക്കപ്പെടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അത് സോഷ്യൽ മീഡിയയിലും മറ്റും ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. വിവിധ രാജ്യക്കാരായ കളിക്കാരാണ് യുഎഇ ടീമിലുള്ളത്. നിലവിലെ ടീമിൽ കൂടുതലും ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ. വേറിട്ട സംസ്കാരവും പശ്ചാത്തലവുമാണ് ടീമംഗങ്ങൾക്ക്. ഇവരെ ഒരുമിച്ച് ഒത്തൊരുമയോടെ നയിക്കുകയെന്നത് വ്യത്യസ്തമായ അനുഭവമാണ്. മുന്നിലുള്ള മത്സരങ്ങൾക്കായി സജ്ജമാകുകയെന്ന ലക്ഷ്യമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.