ADVERTISEMENT

കൊൽക്കത്ത∙ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ചറി നേടി യുവ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. കഴിഞ്ഞ ദിവസം ടീം പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു കർണാടകയ്ക്കെതിരായ മത്സരത്തിൽ പഞ്ചാബ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ 55 പന്തുകളിൽനിന്ന് 126 റൺസാണു ഗിൽ അടിച്ചെടുത്തത്.

താരം ബൗണ്ടറി കടത്തിവിട്ടത് 11 ഫോറും ഒൻപതു സിക്സും. 49 പന്തുകളിൽനിന്ന് ഗിൽ സെഞ്ചറി തികച്ചു. ഗില്ലാണു കളിയിലെ താരവും. ടോസ് നേടിയ കർണാടക പഞ്ചാബിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയത് 225 റൺസ്. പഞ്ചാബിനായി മധ്യനിര താരം അൻമോൽ പ്രീത് സിങ്ങും തിളങ്ങി. 43 പന്തുകളിൽനിന്ന് 59 റൺസ് താരം നേടി.

മറുപടി ബാറ്റിങ്ങിൽ കർണാടകയും 200 കടന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് കർണാടക അടിച്ചെടുത്തത്. കർണാടകയുടെ മുൻനിര താരങ്ങൾ ബാറ്റിങ്ങിൽ പതറിയെങ്കിലും മധ്യനിരയിൽ അഭിനവ് മനോഹര്‍ തകർത്തുകളിച്ചത് അവർക്കു കരുത്തായി. 29 പന്തിൽ 62 റൺസുമായി താരം പുറത്താകാതെനിന്നു. സെമി പോരാട്ടത്തിൽ ഹിമാചൽ പ്രദേശാണു പഞ്ചാബിന്റെ എതിരാളികൾ.

ഇന്ത്യയ്ക്കായി 2019ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ഗില്ലിന് ഇതുവരെ ട്വന്റി20യിൽ അവസരം ലഭിച്ചിട്ടില്ല. ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളിൽനിന്ന് 579 റൺസ് താരം നേടി. ഏകദിനത്തിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറിയും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിൽ 11 മത്സരങ്ങളിൽനിന്ന് 579 റൺസുണ്ട്.

English Summary: Shubman Gill smashes century at Syed Mushtaq Ali Trophy a day after being called up for T20I squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com