ADVERTISEMENT

വെറും 36 ട്വന്റി20 ഇന്നിങ്സുകളില്‍ നിന്നാണ് സൂര്യകുമാര്‍ യാദവ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് നാലാം നമ്പര്‍ ബാറ്ററായ ഇന്ത്യന്‍ താരം റാങ്കിങ്ങില്‍ മുന്നിലെത്തുന്നത്. 31ാം വയസില്‍ രാജ്യാന്തര അരങ്ങേറ്റം. നേരിട്ട ആദ്യ പന്ത് സിക്സര്‍. ഏത് ബോളറെയും ആത്മവിശ്വാസത്തോടെ നേരിടുന്ന സൂര്യകുമാര്‍ യാദവെന്ന ആരാധകരുടെ സ്കൈ. 38 മത്സരങ്ങള്‍ക്കിപ്പുറം നേട്ടങ്ങളുടെ പുതിയ ഉയരത്തിലാണ് സൂര്യ. ട്വന്റി 20 ബാറ്റിങ് റാങ്കിങില്‍ ഒന്നാമത്. 36 ഇന്നിങ്സുകളില്‍ നിന്ന് 177.27 സ്ട്രൈക് റേറ്റില്‍ സൂര്യ നേടിയത് 1,209 റണ്‍സ്. ഓപ്പണര്‍മാരും മൂന്നാം നമ്പര്‍ ബാറ്റര്‍മാരും വാഴുന്ന ട്വന്റി 20 ബാറ്റിങ് റാങ്കില്‍ സൂര്യകുമാര്‍ അല്‍ഭുതമാണ്.

36 മല്‍സരങ്ങളില്‍ 21 എണ്ണത്തിലും നാലാം നമ്പറില്‍ ബാറ്റുചെയ്ത സൂര്യയുടേത് വലിയ നേട്ടമെന്നാണ് ക്രക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇനിയും ഉയരെ വലിയ നേട്ടത്തിലേക്ക് പോകാനുണ്ടെന്ന് സൂര്യയെ പറ്റി പറഞ്ഞിരിക്കുകയാണ് കിവീസ് മുന്‍ താരം റോസ് ടെയ്‍ലര്‍. ട്വന്റി 20യില്‍ ഏറ്റവും കഷ്ടപ്പാടാണ് നാലമതോ അഞ്ചാമതോ ബാറ്റുചെയ്യാന്‍. സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ വിക്കറ്റ് നഷ്ടപ്പെടുന്ന അവസ്ഥ. അത്തരമൊര് പൊസിഷനില്‍ സ്കോര്‍ കണ്ടെത്തി ഒന്നാം റാങ്കിലേക്കെത്തുക എന്നത് വലിയ കാര്യമെന്നാണ് െടയ്‍ലറിന്റെ വാദം

 

റാങ്കിങ്ങില്‍ സൂര്യയ്ക്കൊപ്പമുള്ളവരെ കണ്ടാല്‍ ടെയ്‍ലർ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് പിടികിട്ടും. രണ്ടാം സ്ഥാനത്തുള്ളത് പാക്കിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍. മൂന്നാം സ്ഥാനത്ത് കിവീസ് ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ. നാലാമത് ബാബര്‍ അസം. അതും ഓപ്പണര്‍ തന്നെ.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം പതിനൊന്ന് വര്‍ഷം കാത്തിരുന്നാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ജേഴ്സിയണിയുന്നത്. അതും മുപ്പത് വയസ്സ് പിന്നിട്ട ശേഷം. 20ാം വയസ്സിൽ മുംൈബ ടീമിലെത്തിയ സൂര്യകുമാര്‍യാദവ്, ഇന്ത്യന്‍ ജേഴ്സിയണിയാന്‍ കാത്തിരുന്നത് ഒരുപതിറ്റാണ്ടിലേറെ. ആത്മസമര്‍പ്പണം കൊണ്ട് നിരാശകളെ മറികടന്നാണ് സൂര്യ പിടിച്ചുനിന്നത്. ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിച്ചിട്ടും ഇന്ത്യന്‍ സിലക്ടേഴ്സ് സൂര്യയെ പലവട്ടം കണ്ടില്ലെന്ന് നടിച്ചു. അപ്പോഴും പരാതിയില്ലാതെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു താരം.

ഒരു മടുപ്പും കൂടാതെ മണിക്കൂറുകളോളം പരിശീലിച്ചാണ് സൂര്യ ഇന്നീ കാണുന്ന നിലയിലേക്കെത്തിയത്. ഹാര്‍ഡ് വര്‍ക്കില്‍ നിന്ന് സ്മാര്‍ട്ട് വര്‍ക്കിലേക്ക് സൂര്യമാറി. ട്രെയിനിങ്ങിലും ഭക്ഷണക്രമത്തിലും ബാറ്റിങ്ങിലും മാറ്റംകൊണ്ടുവന്ന് സ്വയം അപ്ഗ്രേഡ് ചെയ്തു. തന്നെ ഇന്ത്യന്‍ ടീമിന് ആവശ്യമില്ലെന്ന് കണ്ടപ്പോള്‍ ടീമിന് വേണ്ടവിധം സൂര്യകുമാര്‍ സ്വയം മാറി. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത പാഷനില്‍ നിന്നാണ് സൂര്യക്ക് അത്തരമൊരു മാറ്റം സാധ്യമായത്. ഒടുവില്‍ ടീമിലേക്ക് വിളിയെത്തി 2021 മാർച്ച് 18. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരം. ജോഫ്ര ആർച്ചറുടെ 144 കിലോമീറ്റർ വേഗത്തിൽ വന്ന പന്ത് സൂര്യകുമാ‍ർ യാദവ് ഫൈൻ ലെഗിലൂടെ സിക്സറിന് പറത്തി. രാജ്യാന്തര ക്രിക്കറ്റിൽ നേരിട്ട ആദ്യ പന്തിനെ ഗാലറിയിലെത്തിച്ച ആ ചങ്കൂറ്റമാണ് കരിയറിലുടനീളം സൂര്യകുമാറിനെ മുന്നോട്ടു നയിക്കുന്നത്. ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ധസെഞ്ചറി. എന്തൊരു തുടക്കം. തീര്‍ന്നില്ല വളരെ വേഗം തന്നെ സൂര്യക്ക് ഏകദിന ടീമിലേക്കം വിളിയെത്തി. അവിടെയും സൂര്യ തുടങ്ങിയത് അര്‍ധസെഞ്ചറി നേടി. രണ്ടാമത് ബാറ്റുചെയ്യുമ്പോഴാണ് സൂര്യ തന്റെ ആദ്യ ട്വന്റി 20 സെഞ്ചറി നേടിയത്. അത് ഇംഗ്ലണ്ടിനെതിരെ, 55 പന്തില്‍ 117 റണ്‍സ്. റൺസ്, സ്ട്രൈക്ക് റേറ്റ്, അർധസെഞ്ചറി, കൂടുതൽ സിക്സറുകളും ഫോറുകളും തുടങ്ങിയ നേട്ടങ്ങളിലെല്ലാം പോയവർഷം സഹതാരങ്ങളെ സൂര്യ കടത്തിവെട്ടി.

 

റണ്‍ നേടുന്നതിനൊപ്പം സൂര്യുടെ ബാറ്റിങ് ശൈലിയാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ഒന്നോ രണ്ടോ വിക്കറ്റുകളെടുത്ത് ടീം ഇന്ത്യയെ സമ്മര്‍ദത്തിലാക്കുമ്പോഴായിരിക്കും സൂര്യയുടെ വരവ്. സമ്മര്‍ദം മുതലാക്കാന്‍ എതിരാളികള്‍ ശ്രമിക്കുമ്പോള്‍ സൂര്യ അവര്‍ക്ക് മേല്‍ ആളിക്കത്തും. തുടരെ ബൗണ്ടറി പായിച്ച് ടീമിന് മേല്‍ക്കൈ നേടിക്കൊടുക്കും. ഭയമില്ലാതെ ബാറ്റുവീശുന്ന സമീപനമാണ് സൂര്യയെ വ്യത്യസ്തനാക്കുന്നത്. മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോള്‍ വിരാട് കോലിയുമായി നേര്‍ക്കുനേര്‍ നിന്ന സൂര്യയെ ഓര്‍മയുണ്ടോ. ഗ്രൗണ്ടിലെ അഗ്രസീവ് കോലിയെ എല്ലാവരും ഭയക്കുന്ന കാലത്താണ് സൂര്യയുടെ ഫിയര്‍ലെസ് അപ്രോച്ച്. അന്ന് ടീമിനെ വിജയത്തിലെത്തിച്ച് സൂര്യ ഡ്രസിങ് റൂമിലേക്ക് നോക്കി പറഞ്ഞു.. ഞാനിവിടുണ്ട് സമാധാനമായിരിക്കെന്ന്. ഇതേ സ്റ്റൈലാണ് സൂര്യ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനായും ചെയ്യുന്നത്. ഞാനിവിടുണ്ട് ടീം ഇന്ത്യ സമാധാനമായിരിക്കൂ. ട്വന്റി ട്വന്റിയില്‍ ഏങ്ങനെ ബാറ്റുചെയ്യണമെന്നതിന്റെ മികച്ച ഉദാഹരണാണ് സൂര്യകുമാര്‍ യാദവ്. തുടക്കത്തില്‍ റണ്‍ ഏ ബോള്‍ കളിച്ച് ഒടുവില്‍ തകര്‍ത്തടിച്ച് സ്കോര്‍ ഉയര്‍ത്തുകയെന്ന പതിവ് ശൈലിയില്ല സൂര്യയ്ക്ക്. വരിക ബൗണ്ടറി നേടുക സ്കോര്‍ ഉയര്‍ത്തുക. ഇതാണ് സൂര്യയുടെ ശൈലി. ട്വന്റി20 ക്രിക്കറ്റിൽ നേരിട്ട ആദ്യ 10 പന്തുകളിലെ സൂര്യകുമാറിന്റെ സ്ട്രൈക്ക് റേറ്റ് 154.2 ആണ്. നേരിടുന്ന ഓരോ 4 പന്തിലും ഒരു ബൗണ്ടറി എന്നതാണ് ശരാശരി കണക്ക്. ഏത് ടീമും ആഗ്രഹിച്ച് പോകും ഇതുപോലെ ഒറു ബാറ്ററെ ലഭിക്കാന്‍...

 

 

English Summary: Suryakumar Yadav’s rise to the Indian Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com