എഴുപതുകളിൽ ടോട്ടൽ ഫുട്ബോൾ എന്ന വിസ്മയജാലത്തിലൂടെ നെതർലൻഡ്സ് ലോകത്തെ അമ്പരപ്പിച്ചു; ഫുട്ബോളിലെ മധുരനാരങ്ങക്കാലം! ഔട്ട്ഫീൽഡിലെ ഏതു താരവും തന്റെ ടീമിലെ മറ്റേത് താരത്തിന്റെയും റോൾ ഏറ്റെടുത്തു കളിക്കുന്ന ടോട്ടൽ ഫുട്ബോളിനെ ഓർമിപ്പിച്ചാണ് ഈ ട്വന്റി20 ലോകകപ്പ് ട്രോഫി ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇക്കുറി ടൂർണമെന്റിനെത്തിയ പല ടീമുകളും ആറാം ബോളറുടെയും ഫിനിഷറുടെയുമൊക്കെ കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരുന്നു. അതേസമയം, ഇംഗ്ലണ്ട് അങ്ങനെയായിരുന്നില്ല.
11 അംഗ ടീമിൽ 7 പേർ 4 ഓവർ വീതം എറിയാൻ കഴിവുള്ളവർ. ബെൻ സ്റ്റോക്സ്, മോയിൻ അലി, ലിയാം ലിവിസ്റ്റൺ എന്നിവർ ബാറ്റിങ് ഓൾറൗണ്ടർമാർ, സാം കറൻ, ക്രിസ് വോക്സ് എന്നിവർ ബോളിങ് ഓൾറൗണ്ടർമാർ. ക്യാപ്റ്റൻ ജോസ് ബട്‌ലർ കീപ്പിങ് ഓൾറൗണ്ടർ. ബാറ്റർമാരായി കളിച്ച അലക്സ് ഹെയ്ൽസ്, ഫിൽ സോൾട്ട്, ഹാരി ബ്രൂക് എന്നിവർ അഞ്ചോ പത്തോ റൺസ് രക്ഷിക്കാൻ കഴിവുള്ള ഫീൽഡർമാർ. ചുരുക്കിപ്പറഞ്ഞാൽ, ബാറ്റിങ്ങിൽ പാർ സ്കോറിലുമേറെ നേടാനും ഫീൽഡിങ്ങിൽ അത് ഭംഗിയായി പ്രതിരോധിക്കാനും ശേഷിയുള്ള സംഘത്തെയാണ് ഇംഗ്ലണ്ട് കളത്തിലിറക്കുന്നത്.
2015 ഏകദിന ലോകകപ്പ് വരെ ഇംഗ്ലണ്ട് ടീം വൈറ്റ്ബോളിൽ പരമ്പരാഗത ക്രിക്കറ്റാണ് കളിച്ചിരുന്നത്. എന്നാൽ, അക്കുറി ബംഗ്ലദേശിനോടു പോലും പരാജയപ്പെട്ട് ലോകകപ്പിൽനിന്നു നേരത്തേ പുറത്തായതോടെ ക്യാപ്റ്റൻ ഒയീൻ മോർഗനും ഇംഗ്ലിഷ് ക്രിക്കറ്റും യാഥാർഥ്യവുമായി നേർക്കുനേർ നിൽക്കേണ്ട അവസ്ഥ വന്നു.

തൊട്ടടുത്ത വർഷം ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിൽ വെസ്റ്റിൻഡീസിന്റെ കാർലോസ് ബ്രാത്‌വെയ്റ്റ് അടിച്ച 4 സിക്സറുകൾ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തല്ലിക്കെടുത്തി. 2019 ഏകദിന ലോകകപ്പും ഇപ്പോൾ ട്വന്റി20 ലോകകപ്പും സ്വന്തമാക്കിയതോടെ ഒയീൻ മോർഗന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്.
1992 ലോകകപ്പിൽ പാക്കിസ്ഥാനോടു തോറ്റതിന് ഇംഗ്ലണ്ട് നടത്തിയ മധുരപ്രതികാരമായി ഈ വിജയത്തെ പരിമിതപ്പെടുത്തുന്നതാകും ഏറ്റവും വലിയ പിഴവ്. ട്വന്റി20 വ്യത്യസ്തമായൊരു ഗെയിമാണെന്നും അതിന്റെ വ്യാകരണം ഇനിയും പഠിക്കേണ്ടതുണ്ടെന്നുമാണ് ഇന്ത്യയടക്കം മറ്റു ടീമുകൾക്ക് ഇംഗ്ലണ്ടിന്റെ വിജയം നൽകുന്ന പാഠം.
English Summary: T20 World Cup 2022: England Team Insights