ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ ടീമിൽ തുടർച്ചയായി തഴയപ്പെടുന്ന മലയാളി താരം സ‍ഞ്ജു സാംസണിനു പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്ത്. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഒരു മത്സരത്തിൽപ്പോലും സഞ്ജുവിന് അവസരം നൽകാതെ പുറത്തിരുത്തിയതിനു പിന്നാലെ, ഏകദിനത്തിൽ സഞ്ജുവിനെ കളത്തിലിറക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ രംഗത്തെത്തി. ഋഷഭ് പന്ത് ടീമിനു ബാധ്യതയായി മാറിയെന്നും, ഏകദിനത്തിൽ സ‍ഞ്ജുവിന് അവസരം നൽകണമെന്നും മുൻ ഇന്ത്യൻ താരം റിതീന്ദർ ‍സിങ് സോധി ആവശ്യപ്പെട്ടു. ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ തുടങ്ങിയവരും സഞ്ജുവിനായി വാദിച്ച് രംഗത്തുണ്ട്.

ഏകദിനത്തിൽ ലഭിച്ച അവസരങ്ങളിലെല്ലാം തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടിയ സഞ്ജുവിന്, ഇനിയും അവസരം നിഷേധിക്കുന്ന അനീതിയാണെന്ന് മുൻ താരങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്നു മത്സരങ്ങളിൽനിന്ന് പുറത്താകാതെ 116 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. വിൻഡീസ്, സിംബാബ‌വെ ടീമുകൾക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിന്റെ ഈ വർഷത്തെ ശരാശരി 82.87 ആണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് പിന്തുണയേറുന്നത്.

‘‘ഋഷഭ് പന്ത് ടീമിന് ഒരു ബാധ്യതയായി മാറിക്കഴിഞ്ഞു. ഇതാണ് അദ്ദേഹത്തിന്റെ അവസ്ഥയെങ്കിൽ പകരം സഞ്ജുവിനെ കളിപ്പിക്കൂ. ഇപ്പോൾ അവസരം നൽകിയില്ലെങ്കിൽ പിന്നെ എപ്പോൾ നൽകാനാണ്? ലോകകപ്പിലും ഐസിസി ടൂർണമെന്റുകളിലും എന്നും പാതിവഴിയിൽ തോറ്റു മടങ്ങാനൊക്കുമോ? ഒരാൾക്ക് പരിധിയിൽ കൂടുതൽ അവസരങ്ങൾ നൽകുമ്പോഴാണ് പ്രശ്നം. പുതിയ ആളുകൾക്ക് അവസരം നൽകേണ്ട സമയമായി’ – സോധി ചൂണ്ടിക്കാട്ടി.

‘‘പന്തിന് ഇനിയും എത്ര അവസരങ്ങൾ കിട്ടുമെന്ന് കണ്ടറിയണം. അദ്ദേഹം പ്രതിഭയോടു നീതി പുലർത്തേണ്ട സമയം അതിക്രമിച്ചു. എല്ലാറ്റിനും പരിധിയുണ്ട്. ഒരു താരത്തെ ഇതിൽക്കൂടുതൽ ആശ്രയിക്കാനാകില്ല. പ്രകടനം മോശമാണെങ്കിൽ ടീമിൽനിന്ന് പുറത്താക്കൂ’ – സോധി പറഞ്ഞു.

അതിനിടെ, സഞ്ജുവിന് പിന്തുണയുമായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കും രംഗത്തെത്തി. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ആറാം നമ്പറിൽ കളിപ്പിക്കാൻ ഏറ്റവും യോഗ്യനായ കളിക്കാരൻ സഞ്ജുവാണെന്ന് കാർത്തിക് അഭിപ്രായപ്പെട്ടു.

‘‘കിവീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവാനും ശുഭ്മൻ ഗില്ലുമാകും ഓപ്പൺ ചെയ്യുന്നതാകും ഉചിതം. മൂന്നാം നമ്പറിൽ ശ്രേയസ് അയ്യർ കളിക്കട്ടെ. നാല്, അഞ്ച് സ്ഥാനങ്ങളിൽ ഋഷഭ് പന്തും സൂര്യകുമാർ യാദവും ഇറങ്ങുമ്പോൾ, ആറാം നമ്പറിൽ കളിക്കാൻ ഉറ്റവും നല്ലത് സഞ്ജു സാംസൺ തന്നെ’ – കാർത്തിക് പറഞ്ഞു.

സഞ്ജു സാംസണ് അവസരം നിഷേധിക്കുന്നതിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെയും രംഗത്തെത്തിയിരുന്നു. സഞ്ജു നന്നായി ബാറ്റു ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനത്ത് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും മനീഷ് പാണ്ഡെ വ്യക്തമാക്കിയിരുന്നു.

English Summary: 'He's becoming a liability, show him exit door and bring in Sanju Samson': Ex-India all-rounder blasts Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com