ADVERTISEMENT

ഓക്‌ലൻഡ് ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ് ‌വിക്കറ്റിന് പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ യുവതാരങ്ങളായ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരവും സിലക്ടറുമായിരുന്ന സാബാ കരിം. പ്ലെയിങ് ഇലവനിൽ തങ്ങളുടെ സ്ഥാനം സംരക്ഷിക്കാനുള്ള അധിക സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നതായി സാബാ കരിം അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ളതാണ് സമീപനമെങ്കിൽ വിജയം അപ്രാപ്യമാണെന്നും യുവതാരങ്ങൾക്ക് ആത്മ‌വിശ്വാസം നൽകുകയും ഭയമില്ലാതാക്കുകയുമാണ് വേണ്ടതെന്നു ടെലിവിഷൻ ചർച്ചയ്ക്കിടെ സാബാ കരിം അഭിപ്രായപ്പെട്ടു. ഭയമില്ലെങ്കിൽ ഇരുവരുടെയും കളിയോടുള്ള സമീപനം മറ്റൊന്നാകുമായിരുന്നു. ആക്രമിച്ചു കളിക്കുകയും മികച്ച സ്‌കോറിലേക്കു ഇന്ത്യയ്ക്കു നീങ്ങാൻ കഴിയുമായിരുന്നുവെന്നും സാബാ കരിം പറഞ്ഞു. 

ടീമിലെ സ്ഥാനം നിലനിർത്താനാണ് നിങ്ങൾ കളിക്കുന്നതെങ്കിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിയില്ലെന്നും നിങ്ങൾ സെൽഫിഷ് ക്രിക്കറ്റ് ആണ് കളിക്കുന്നതെന്നും സാബാ കരിം അഭിപ്രായപ്പെട്ടു. പ്രതിഭയുള്ള താരങ്ങളും ഇരുവരും. എന്നാൽ ടീമിനെ സ്ഥാനത്തെ കുറിച്ചുള്ള അരക്ഷിതാവസ്ഥ താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിരിക്കുന്നുവെന്നും സാബാ കരിം പറഞ്ഞു. 

ടോം ലാതം– കെയ്ൻ വില്യംസൺ കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയ മോഹങ്ങൾ തല്ലിക്കെടുത്തിയത്. . തകർപ്പൻ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ലാതമിന്റെയും (104 പന്തിൽ പുറത്താകാതെ 145) സെഞ്ചറിക്ക് അരികിലെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും (98 പന്തിൽ പുറത്താകാതെ 94) മികവിൽ ആതിഥേയർക്ക് 7 വിക്കറ്റിന്റെ ഉജ്വല ജയം. 307 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് ഇരുപതാം ഓവറിൽ മൂന്നിന് 88 എന്ന നിലയിൽ പതറുമ്പോഴാണ് ലാതമും വില്യംസനും ഒന്നിച്ചത്. നാലാം വിക്കറ്റിൽ 221 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും 17 പന്തുകൾ ബാക്കിനിൽക്കെ വിജയമുറപ്പാക്കി.

സ്കോർ: ഇന്ത്യ– 50 ഓവറിൽ 7ന് 306. ന്യൂസീലൻഡ് 47.1 ഓവറിൽ 3ന് 309. 3 മത്സര പരമ്പരയിൽ കിവീസ് 1–0ന് മുന്നിലെത്തി. രണ്ടാം ഏകദിനം നാളെ നടക്കും. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാരായ ശിഖർ ധവാനും (72) ശുഭ്മൻ ഗില്ലും (50) ചേർന്നു നൽകിയത് മികച്ച തുടക്കം. ഒന്നാം വിക്കറ്റിൽ 124 റൺസ് നേടിയശേഷം അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായി. ശ്രേയസ് അയ്യരാണ് (80) തുടർന്ന് സ്കോറുയർത്തിയത്.  അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണുമൊത്ത് (36) ശ്രേയസ് 94 റൺസ് നേടി. വാഷിങ്ടൻ സുന്ദറിന്റെ വെടിക്കെട്ട് (16 പന്തിൽ പുറത്താകാതെ 37) കൂടിയായതോടെ ഇന്ത്യൻ സ്കോർ 300 കടന്നു.

English Summary: Former indian selector on Indian batters Shreyas Iyer and Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com