ഒരോവറിൽ 7 സിക്‌സ്, 43 റൺസ്; 159 പന്തിൽ പുറത്താകാതെ 220: ലോകരാജാവായി ഋതുരാജ്

ഋതുരാജ് ഗെയ്ക്‌വാദ്
ഋതുരാജ് ഗെയ്ക്‌വാദ്
SHARE

അഹമ്മദാബാദ് ∙ ക്രിക്കറ്റിൽ ഒരോവറിൽ പരമാവധി എത്ര റൺസ് നേടാൻ കഴിയും ? 6 പന്തിൽ 6 സിക്സർ എന്ന വിസ്മയത്തിൽ‌ ആറാടി നിന്ന ക്രിക്കറ്റ് ലോകത്തിനു മുൻപിൽ‌ മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്‌വാദ് പുതിയ അദ്ഭുതക്കണക്ക് എഴുതി. ഒരോവറിൽ 7 സിക്‌സ്!  വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ ഉത്തർപ്രദേശിനെതിരായ മത്സരത്തിലാണ് സംഭവം. അഞ്ചാം പന്ത് നോബോൾ ആയതോടെ യുപി ബോളർക്ക് 7 പന്തുകൾ ഏറിയേണ്ടിവന്നു. ഫലമോ 7 സിക്സും നോബോളിന്റെ എക്സ്ട്രാ റണ്ണും അടക്കം ഓവറിൽ പിറന്നത് 43 റൺസ്.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസെന്ന ലോക റെക്കോർഡ് ഋതുരാജിന് സ്വന്തമായി. ഋതുരാജ് അതിവേഗ ഇരട്ട സെഞ്ചറി (159 പന്തിൽ പുറത്താകാതെ 220) നേടിയ മത്സരത്തിൽ മഹാരാഷ്ട്ര 58 റൺസിന് വിജയിച്ചു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്ര 5 വിക്കറ്റ് നഷ്ടത്തിൽ‌ 330 റൺസെടുത്തപ്പോൾ ഉത്തർപ്രദേശ് 272 റൺസിന് ഓൾഔട്ടായി.

ഉത്തർപ്രദേശിന്റെ ഇടംകൈ സ്പിന്നർ ശിവ് സിങ് 49–ാം ഓവറിൽ പന്തെറിയാനെത്തുമ്പോൾ 5ന് 272 എന്ന സ്കോറിലായിരുന്നു മഹാരാഷ്ട്ര. ഋതുരാജിന്റെ സമ്പാദ്യം 165 റൺസും. ഫുൾടോസായി എറിഞ്ഞ ആദ്യ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിൽ സിക്സ് പറത്തിയാണ് തുടങ്ങിയത്. തുടർന്നുള്ള പന്തുകളും ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലൂടെ പറന്ന് ബൗണ്ടറി കടന്നു. അടികൊണ്ടു വലഞ്ഞു സമ്മർദത്തിലായതോടെ ശിവ് സിങ്ങിന്റെ അഞ്ചാം പന്ത് നോബോളുമായി.

7 സിക്സറുടെ ആറാട്ട് നിറഞ്ഞ ഓവർ അവസാനിക്കുമ്പോൾ ഋതുരാജ് ഡബിൾ സെ‍ഞ്ചറി പൂർത്തിയാക്കിയിരുന്നു. 2018ൽ ന്യൂസീലൻഡ് ആഭ്യന്തര ക്രിക്കറ്റിൽ നോർത്തേൺ ഡിസ്ട്രിക് ബാറ്റർമാരായ ജോ കാർട്ടറും ബ്രെറ്റ് ഹാപ്ടണും ചേർന്ന് ഒരോവറിൽ 43 റൺസ് നേടിയിരുന്നു. ഇന്നലെ ഋതുരാജ് ഈ റെക്കോർഡിനൊപ്പമെത്തി. ഒരോവറിൽ കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന ലിസ്റ്റ് എ റെക്കോർ‌ഡ് ഋതുരാജിനു മാത്രം (42) സ്വന്തമായി.

English Summary: ruturaj gaikwad slams record seven sixes in an over

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS