‘ഡ്രസിങ് റൂമിൽ അന്വേഷിച്ചുവെങ്കിലും പന്തിനെ കണ്ടില്ല: ഒഴിവാക്കിയെന്ന് പിന്നീട് അറിഞ്ഞു’
Mail This Article
മിർപുർ (ബംഗ്ലദേശ്) ∙ വൈറ്റ് ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയാൻ സദാ തയാറായിരിക്കാൻ ടീം മാനേജ്‌മെന്റ് എല്ലായ്പ്പോഴും തന്നോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. ബംഗ്ലദേശിനെതിരായ ഒന്നാം ഏകദിനത്തിനു തൊട്ടുമുൻപ് ഡഗ്ഔട്ടിൽ വച്ച് മാത്രമാണ് ഋഷഭ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി അറിഞ്ഞത്. എന്താണ് കാരണമെന്നു എനിക്കറിയില്ല, .ബംഗ്ലദേശ് നായകൻ ടോസ് നേടിയതിനു തൊട്ടുപിന്നാലെ പന്തിനെ ടീമിൽ നിന്ന് റീസിസ് ചെയ്‌തതായി ബിസിസിഐ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നുവെന്നും കെ.എൽ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ യാതൊരു വിശദീകരണവും നൽകിയിരുന്നില്ല. പന്തിന് എന്താണ് സംഭവിച്ചതെന്നു മെഡിക്കൽ ടീമിനാണു കൂടുതൽ പറയാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
‘‘പന്തിനെ ഏറെ നേരമായി ഡ്രസിങ് റൂമിൽ കണ്ടില്ല, എന്തുപറ്റിയെന്നറിയാൻ അന്വേഷിച്ചപ്പോഴാണ് പന്തിനെ ടീമിൽ നിന്ന് റീലീസ് ചെയ്‌തുവെന്ന് അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല. മത്സരത്തിൽ ശ്രദ്ധിക്കേണ്ടതിനാൽ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും പോയില്ല– രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഏഴുമാസങ്ങളായി ട്വന്റി20 ഫോർമാറ്റാണ് കൂടുതൽ കളിക്കുന്നത്. 2020 ലും 2021 ലും ഞാൻ വിക്കറ്റ് കീപ്പർ റോൾ ഏറ്റെടുത്തിട്ടുണ്ട്. നാലാം നമ്പറിലും അഞ്ചാം നമ്പറിലും ബാറ്റ് ചെയ്‌തിട്ടുണ്ട്. ടീം ഏൽപിക്കുന്ന ജോലി ചെയ്യുകയെന്നതാണ് തന്റെ കടമയെന്നും രാഹുൽ പറഞ്ഞു. വളരെ നാടകീയമാണ് ഋഷഭ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐയുടെ പ്രഖ്യാപനം വന്നത്. സ്വക്വാഡിൽ ഉണ്ടായിരുന്ന ഇഷാൻ കിഷാന് പകരം ചുമതല നൽകിയില്ല. പന്തിന് പകരക്കാരനെ നിയോഗിക്കില്ലെന്നു ബിസിസിഐ വ്യക്തമാക്കുകയും ചെയ്‌തു. മത്സരത്തിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞ കെ.എൽ. രാഹുൽ മെഹ്‌ദി ഹസ്സന്റെ ക്യാച്ച് കൈവിട്ടത് മത്സരഫലത്തിൽ നിർണായകമാകുകയും ചെയ്‌തു.
വിജയ സാധ്യതകൾ മാറി മറിഞ്ഞ ഒന്നാം ഏകദിനത്തിൽ ബംഗ്ലദേശ് ഇന്ത്യയെ ഒരു വിക്കറ്റിന് കീഴടക്കി. 187 റൺസ് എന്ന നിസ്സാര വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് ഒരു ഘട്ടത്തിൽ മൂന്നിന് 95 എന്ന സുരക്ഷിത നിലയിലായിരുന്നു. തുടർന്ന് 41 റൺസിനിടെ 6 വിക്കറ്റുകൾ വീഴ്ത്തി ബോളർമാർ തിരിച്ചടിച്ചതോടെ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയായി. എന്നാൽ മെഹ്‌ദി ഹസ്സൻ (38 നോട്ടൗട്ട്) മുസ്തഫിസുർ റഹ്മാനെ (10 നോട്ടൗട്ട്) കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ നേടിയ 50 റൺസിന്റെ കരുത്തിൽ, കൈവിട്ടുപോയെന്നു കരുതിയ മത്സരത്തിൽ ബംഗ്ലദേശ് വിജയം പിടിച്ചെടുത്തു.
സ്കോർ: ഇന്ത്യ: 41.2 ഓവറിൽ 186ന് ഓൾഔട്ട്. ബംഗ്ലദേശ് 46 ഓവറിൽ 9ന് 187. മെഹ്‌ദി ഹസ്സനാണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ പിടിച്ചുകെട്ടിയ ബംഗ്ലദേശ് ബോളർമാരുടെ മികവാണ് മത്സരത്തിൽ നിർണായകമായത്. നീണ്ട ഇടവേളയ്ക്കുശേഷം ഓപ്പണിങ്ങിൽ ഒന്നിച്ച രോഹിത് ശർമയും (27) ശിഖർ ധവാനും (7) നിരാശപ്പെടുത്തി. വിരാട് കോലിയും (9) ശ്രേയസ് അയ്യരും (24) നിറം മങ്ങിയപ്പോൾ അഞ്ചാമനായി ഇറങ്ങിയ കെ.എൽ.രാഹുലിന്റെ ഇന്നിങ്സാണ് (73) ഇന്ത്യൻ സ്കോർ 100 കടത്തിയത്. വാഷിങ്ടൻ സുന്ദറിനൊപ്പം (19) രാഹുൽ അഞ്ചാം വിക്കറ്റിൽ നേടിയ 60 റൺസായിരുന്നു ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ട്.
5 വിക്കറ്റു വീഴ്ത്തിയ ഷാക്കിബ് അൽ ഹസനും 4 വിക്കറ്റെടുത്ത എബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ലിറ്റൻ ദാസ് (41) ബംഗ്ലദേശിന് മികച്ച തുടക്കം നൽകി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തപ്പോൾ വാഷിങ്ടൻ സുന്ദറും അരങ്ങേറ്റ മത്സരം കളിച്ച കുൽദീപ് സെന്നും 2 വിക്കറ്റ് വീതം നേടി.
English Summary: KL Rahul opens up on Pant release from India squad