ADVERTISEMENT

റാഞ്ചി ∙ കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഇരട്ടസെഞ്ചറിയുമായി കരുത്തുകാട്ടിയതിനു പിന്നാലെ, രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനായി മറ്റൊരു ഉജ്വല ഇന്നിങ്സുമായി യുവതാരം ഇഷാൻ കിഷൻ. കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തകർത്തടിച്ച് സെഞ്ചറി നേടിയ ഇഷാൻ കിഷന്റെ മികവിൽ, ജാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ നേടിയത് 340 റൺസ്. ഇതോടെ, ഒന്നാം ഇന്നിങ്സിൽ 475 റൺസ് നേടിയ കേരളത്തിന് നിർണായകമായ 135 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു.

ജാർഖണ്ഡ് പുറത്തായതിനു പിന്നാലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ 15 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. കേരളത്തിന് ഇപ്പോൾ ആകെ 195 റൺസിന്റെ ‌ലീഡായി. 44 പന്തിൽ രണ്ടു ഫോറുകളോടെ 25 റൺസുമായി ഓപ്പണർ രോഹൻ പ്രേം, 33 പന്തിൽ അഞ്ച് ഫോറുകളോടെ 28 റൺസുമായി ഷോൺ റോജർ എന്നിവരാണ് ക്രീസിൽ. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ഇതിനകം 68 പന്തിൽ 48 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 13 പന്തിൽ ആറു റൺസുമായി ഓപ്പണർ രോഹൻ കുന്നുമ്മലാണ് പുറത്തായത്. ഷഹബാസ് നദീമിനാണ് വിക്കറ്റ്.

നേരത്തേ, 195 പന്തിൽ ഒൻപതു ഫോറും എട്ടു സിക്സും സഹിതം 132 റൺസ് നേടിയ ഇഷാൻ കിഷന്റെ മികവിലാണ് ജാർഖണ്ഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇഷാൻ കിഷനു പുറമെ സെഞ്ചറിയുടെ വക്കോളമെത്തിയ ഇന്നിങ്സുമായി വെറ്ററൻ താരം സൗരഭ് തിവാരിയും തിളങ്ങി. 229 പന്തിൽ എട്ടു ഫോറുകൾ സഹിതം 97 റൺസെടുത്താണ് തിവാരി പുറത്തായത്. അഞ്ചാം വിക്കറ്റിൽ ഇഷാൻ കിഷൻ – സൗരഭ് തിവാരി സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ജാർഖണ്ഡിനെ രക്ഷിച്ചത്. 369 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 202 റൺസ്. ഇരുവരെയും പുറത്താക്കിയ ജലജ് സക്സേന അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.

ക്യാപ്റ്റൻ വിരാട് സിങ് (70 പന്തിൽ 30), കുമാർ കുശാഗ്ര (12 പന്തിൽ 7), ഷഹബാസ് നദീം (10 പന്തിൽ നാല്), രാഹുൽ ശുക്ല (രണ്ടു പന്തിൽ ഒന്ന്), ആശിഷ് കുമാർ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റു ജാർഖണ്ഡ് താരങ്ങൾ. മനീഷി ഏഴു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഉത്കർഷ് സിങ് (42 പന്തിൽ 24), മുഹമ്മദ് നസിം (ഏഴു പന്തിൽ മൂന്ന്), കുമാർ സൂരജ് (58 പന്തിൽ 28) എന്നിവർ രണ്ടാം ദിനം പുറത്തായിരുന്നു.

കേരളത്തിനായി ജലജ് സക്സേന 37.3 ഓവറിൽ 75 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി 12 ഓവറിൽ 55 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത് സക്സേനയ്ക്ക് ഉറച്ച പിന്തുണ നൽകി. വൈശാഖ് ചന്ദ്രൻ 27 ഓവറിൽ 81 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.

∙ രണ്ടാം ദിനം തിളങ്ങി അക്ഷയ്, സിജോമോൻ

നേരത്തേ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ രണ്ടാം സെഞ്ചറിയും തന്റെ ഉയർന്ന വ്യക്തിഗത സ്കോറും കണ്ടെത്തിയ അക്ഷയ് ചന്ദ്രനും അർധസെഞ്ചറിയുമായി തിളങ്ങിയ വൈസ് ക്യാപ്റ്റൻ സിജോമോൻ ജോസഫുമാണ് രണ്ടാം ദിനം കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ 146.4 ഓവറിൽ 475 റൺസിനു പുറത്തായ കേരളത്തിനെതിരെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു ജാർഖണ്ഡ്.

ഫസ്റ്റ് ക്ലാസ് കരിയറിൽ തന്റെ ഉയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തിയ അക്ഷയ്, 150 റൺസെടുത്ത് പുറത്തായി. 268 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് അക്ഷയിന്റെ ഇന്നിങ്സ്. വൈസ് ക്യാപ്റ്റൻ സിജോമോൻ ജോസഫ് 153 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 83 റൺസെടുത്ത് അക്ഷയിന് ഉറച്ച പിന്തുണ നൽകി. ഇവർക്കു പുറമെ ബേസിൽ തമ്പി (12 പന്തിൽ ഒൻപത്), വൈശാഖ് ചന്ദ്രൻ (34 പന്തിൽ 10) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്. ഫാസിൽ ഫനൂസ് 13 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

222 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി ശരാശരി സ്കോറിൽ ഒതുങ്ങുമായിരുന്ന കേരളത്തെ, ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് അക്ഷയ് ചന്ദ്രനും സിജോമോനും ചേർന്ന് രക്ഷപ്പെടുത്തിയത്. 296 പന്തുകൾ നേരിട്ട ഇരുവരും കൂട്ടിച്ചേർത്തത് 171 റൺസ്!

സ്കോർ 393ൽ നിൽക്കെ സിജോമോനെയും പിന്നാലെ ബേസിൽ തമ്പിയെയും ഷഹബാസ് നദീം പുറത്താക്കിയെങ്കിലും, ഒൻപതാം വിക്കറ്റിൽ വൈശാഖ് ചന്ദ്രനൊപ്പം 42 റൺസ് കൂട്ടുകെട്ട് തീർത്താണ് അക്ഷയ് ചന്ദ്രൻ കേരളത്തെ മികച്ച സ്കോറിൽ എത്തിച്ചത്. 10–ാം വിക്കറ്റിൽ ഫാസിൽ ഫനൂസിനൊപ്പം 48 പന്തിൽ 26 റൺസ് കൂട്ടിച്ചേർക്കാനും അക്ഷയ് ചന്ദ്രനു കഴിഞ്ഞു.

ജാർഖണ്ഡിനായി ഷഹബാസ് നദീം അഞ്ച് വിക്കറ്റ് വീഴ്ത്തി. 45 ഓവറിൽ 167 റൺസ് വഴങ്ങിയാണ് നദീം അ‍ഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഉത്കർഷ് സിങ്, മനീഷി എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി. കേരള താരം ജലജ് സക്സേന റണ്ണൗട്ടായി.

English Summary:  Jharkhand vs Kerala, Elite Group C - Live Cricket Score

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com