ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചറ്റോഗ്രമിൽ ഇന്ത്യയ്ക്ക് 188 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിക്കുന്നതിൽ മുന്നിൽ നിന്ന ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവ്, ദിവസങ്ങൾക്കിപ്പുറം ധാക്കയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ളിൽ ടീമിൽനിന്ന് പുറത്ത്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതിന്റെ തിളക്കത്തിൽ നിൽക്കെയാണ്, രണ്ടാം ടെസ്റ്റിനുള്ള ടീമിൽനിന്ന് കുൽദീപിനെ തഴഞ്ഞത്. കുൽദീപിനെ ഒഴിവാക്കി രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ, പരിശീലകൻ രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ കെ.എൽ.രാഹുലിനുമെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തി.

ചറ്റോഗ്രമിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 16 ഓവറിൽ 40 റൺസ് വഴങ്ങി കുൽദീപ് വീഴ്ത്തിയത് അഞ്ച് വിക്കറ്റുകളാണ്. രണ്ടാം ഇന്നിങ്സിൽ 20 ഓവറിൽ 73 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. ഇതിനു പുറമെ ഒന്നാം ഇന്നിങ്സിൽ 114 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 40 റൺസെടുത്ത ബാറ്റിങ് പ്രകടനം കൂടി ചേർന്നതോടെയാണ് കുൽദീപ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. 

ഈ ഓൾറൗണ്ട് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ താരം ഇടം നിലനിർത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ്, അപ്രതീക്ഷിതമായി കുൽദീപിനെ തഴഞ്ഞത്. പകരമെത്തിയത് 12 വർഷം മുൻപ് ഇന്ത്യയ്ക്കായി ഏറ്റവും ഒടുവിൽ ടെസ്റ്റ് കളിച്ച പേസ് ബോളർ ജയ്ദേവ് ഉനദ്കട്. 12 വർഷവും 118 ടെസ്റ്റുകളും നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഉനദ്കടിന് വീണ്ടും ഇന്ത്യൻ ജഴ്സിയിൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിക്കുന്നത്.

‘‘ടീമിൽ നമ്മൾ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കുൽദീപ് യാദവിനു പകരം ഉനദ്കട് കളിക്കും. കുൽദീപിനെ ഒഴിവാക്കാനുള്ള തീരുമാനം തീർച്ചയായും നിർഭാഗ്യകരമാണ്. പക്ഷേ, ഉനദ്കടിന് ഇതൊരു അവസരം കൂടിയാണ്’ – ടോസിനു പിന്നാലെ ക്യാപ്റ്റൻ കെ.എൽ.രാഹുൽ പറ‍ഞ്ഞു. സ്ഥിരം നായകൻ രോഹിത് ശർമയുടെ പരുക്കു ഭേദമാകാത്ത സാഹചര്യത്തിലാണ് തുടർച്ചയായ രണ്ടാം ടെസ്റ്റിലും രാഹുൽ ഇന്ത്യയെ നയിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ കുൽദീപ് യാദവിനെ തഴഞ്ഞതിനെതിരെ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ രംഗത്തെത്തി. ‘‘മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ താരത്തെ പുറത്തിരുത്തുന്നത് അവിശ്വസനീയമാണ്. ഇതേക്കുറിച്ച് ഏറ്റവും മാന്യമായ ഭാഷയിൽ എനിക്ക് പറയാനുള്ളത് ഇത്രമാത്രം. 20 വിക്കറ്റിൽ എട്ടും നേടി മാൻ ഓഫ് ദ് മാച്ചായ താരത്തെ പുറത്തിരുത്തുന്നത് ഒട്ടും ശരിയായ നടപടിയല്ല’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.

2017ൽ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കുൽദീപ് യാദവ്, അതിനു ശേഷം ഇന്ത്യൻ ടീമിൽ വന്നും പോയുമിരിക്കുന്ന താരമാണ്. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നീ സ്പിന്നമാരുടെ സാന്നിധ്യം നിമിത്തമാണ് കുൽദീപിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടമുറപ്പിക്കാനാകാതെ പോയത്. 

English Summary: Fans furious after Kuldeep Yadav missed 2nd Test – Horrific decision by KL Rahul and Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com