കൊച്ചി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കളിക്കാൻ മലയാളി താരങ്ങളായ പേസർ കെ.എം. ആസിഫും പി.എ. അബ്ദുലും. ആദ്യം അൺസോൾഡായ താരങ്ങളെ രണ്ടാം വട്ടം പരിഗണിച്ചപ്പോഴാണ് രാജസ്ഥാൻ റോയല്‍സ് ടീമിലെത്തിച്ചത്. ആസിഫിനെ 30 ലക്ഷത്തിനും അബ്ദുലിനെ 20 ലക്ഷത്തിനും രാജസ്ഥാൻ സ്വന്തമാക്കി.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിക്കും. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. 2022 ൽ ഹൈദരാബാദ് താരമായിരുന്നു വിഷ്ണു. കേരളത്തിൽനിന്ന് പത്ത് താരങ്ങൾ മിനി ലേലത്തിന്റെ ഭാഗമായപ്പോൾ ടീമുകൾ തിരഞ്ഞെടുത്തത് മൂന്നു പേരെ മാത്രമാണ്.
വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർ, ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ, ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്, ദക്ഷിണാഫ്രിക്ക യുവതാരം ദോനോവന്‍ ഫെരേര എന്നീ വിദേശ താരങ്ങളെയും രാജസ്ഥാൻ മിനിലേലത്തിൽ ടീമിലെത്തിച്ചു. ഇന്ത്യൻ താരങ്ങളായ മുരുകൻ അശ്വിൻ, കുനാൽ റാത്തോർ, ആകാശ് വസിഷ്ട് എന്നിവരും രാജസ്ഥാനൊപ്പമുണ്ടാകുംം.
English Summary: IPL Auction 2022, Vishnu Vinod to Mumbai Indians