ADVERTISEMENT

പ്രിട്ടോറിയ∙ ഇന്ത്യ അണ്ടർ 19 വനിതാ ടീമിനെതിരെ വിമർശനമുന്നയിച്ച് ഇംഗ്ലണ്ട് വനിതാ താരം ഡാനിയേല വിയാറ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടെ ക്രീസ് വിട്ടു പുറത്തിറങ്ങിയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കിയതാണ് ഇംഗ്ലിഷ് താരത്തെ പ്രകോപിപ്പിച്ചത്. അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കളിക്കുകയാണ് ഇന്ത്യൻ ടീം. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം 54 റൺസിനു വിജയിച്ചു. ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിടെ 17–ാം ഓവറിലാണു വിവാദങ്ങൾക്കു വഴിവച്ച സംഭവം.

ഇന്ത്യൻ താരം മന്നത് കശ്യപ് പന്തെറിയുന്നതിനു മുൻപേ ദക്ഷിണാഫ്രിക്കൻ താരം ജെന്ന ഇവാൻ ക്രീസ് വിട്ട് പുറത്തേക്കോടുകയായിരുന്നു. ഇതോടെ മന്നത് ദക്ഷിണാഫ്രിക്കൻ ബാറ്ററെ റൺ ഔട്ടാക്കി. എന്നാൽ പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റൻ ഷെഫാലി വർമ ഇടപെട്ട് അപ്പീൽ പിൻവലിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് പ്രതികരണവുമായി ഇംഗ്ലണ്ട് വനിതാ താരം രംഗത്തെത്തിയത്. ‘‘അണ്ടര്‍ 19 വനിതാ ലോകകപ്പിൽ ഇതൊന്നുമുണ്ടാകില്ലെന്നു ഞാൻ കരുതുന്നു’’–വിയാറ്റിന്റെ ട്വീറ്റ്. കഴിഞ്ഞ സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ ഷാർലറ്റ് ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശര്‍മ ഇതേ രീതിയിൽ പുറത്താക്കിയതു വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ബോളർ പന്തെറിയും മുൻപേ നോൺ സ്ട്രൈക്കർ ക്രീസ് വിട്ട് പുറത്തുപോയാൽ പന്ത് വിക്കറ്റിലെറിഞ്ഞു പുറത്താക്കുന്ന രീതി നേരത്തേ ‘മങ്കാദിങ്’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇത്തരം പുറത്താക്കലുകൾ നിയമപരമാണെന്ന് ഐസിസി അടുത്തിടെ നിലപാടെടുത്തിരുന്നു. ഇന്ത്യൻ ടീമിനെ വിമർശിച്ച ഡാനിയേല വിയാറ്റിനു മറുപടിയുമായി നിരവധി ഇന്ത്യൻ ആരാധകരും രംഗത്തെത്തി. ക്രിക്കറ്റിലെ നിയമത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ എന്താണു തെറ്റെന്നും ഇംഗ്ലിഷ് താരം അതു പഠിക്കാൻ തയാറാകണമെന്നും ഒരു ആരാധകന്‍ ട്വിറ്ററിൽ കുറിച്ചു.

English Summary: England Star Danielle Wyatt Trolls India U19 Team Over Run Out Incident, Faces Backlash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com