പന്തിന്റെ പരുക്ക് ഭേദമാകാൻ വൈകും; പുതിയ കീപ്പര്‍ വേണം, ഭരത്, ഇഷൻ, ഉപേന്ദ്ര പരിഗണനയിൽ

Mail This Article
ന്യൂഡൽഹി ∙ കാറപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കളിക്കളത്തിലേക്കു തിരിച്ചെത്താൻ വൈകും. പന്തിന്റെ വലതു കാൽമുട്ടിലെ ലിഗമെന്റിനു സംഭവിച്ച പരുക്ക് ഭേദമാകാൻ 2 മാസം മുതൽ 6 മാസം വരെ സമയമെടുക്കുമെന്നാണ് വിവരം. ഇതിനു പുറമേ വലതു കയ്യിലും കണങ്കാലിനും പരുക്കുണ്ട്. ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അതിനാൽ പന്തിനു കളിക്കാന‍് സാധിക്കില്ല.
മാർച്ചിൽ നടക്കുന്ന ഐപിഎലിലും പന്തിന്റെ പങ്കാളിത്തം ഉറപ്പില്ല. ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനാണ് പന്ത്. പന്തിന്റെ അഭാവത്തിൽ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കു റിസർവ് താരം അടക്കം 2 വിക്കറ്റ് കീപ്പർമാരെ കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ടെസ്റ്റ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ കെ.എസ്.ഭരത്തിനൊപ്പം ഇഷൻ കിഷൻ, ഇന്ത്യൻ എ ടീമംഗം ഉപേന്ദ്ര യാദവ് എന്നിവരാണ് പരിഗണനയിൽ.
രഞ്ജിയിൽ ട്രോഫിയിൽ മികച്ച പ്രകടനമില്ലെന്നതാണ് ഇഷൻ കിഷനെയും സഞ്ജു സാംസണിനെയും ടെസ്റ്റ് ടീമിലേക്കു പരിഗണിക്കുന്നതിനു വെല്ലുവിളി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് മികവ് (ബാറ്റിങ് ശരാശരി 45.1) ഉത്തർപ്രദേശുകാരൻ ഉപേന്ദ്ര യാദവിന് അനുകൂല ഘടകമാണ്.
English Summary: Rishabh Pant injury, India searching for new wicket keeper