ADVERTISEMENT

പുണെ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ തോൽവിയോടെ ചർച്ചയായി ഇന്ത്യൻ പേസർമാരുടെ പ്രകടനവും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കായി വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് (31 പന്തിൽ‌ 52) തുടങ്ങിവച്ച ബാറ്റിങ് വെടിക്കെട്ട് ക്യാപ്റ്റൻ ദാസുൻ ശനക (22 പന്തിൽ‌ പുറത്താകാതെ 56) ആണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു ലങ്ക, അവസാന 4 ഓവറിൽ 68 റൺസാണ് അടിച്ചുകൂട്ടിയത്.

കഴിഞ്ഞ മത്സരത്തിൽ 4 വിക്കറ്റുമായി തിളങ്ങിയ ഇന്ത്യൻ പേസർ ശിവം മാവി ഇന്നലെ 4 ഓവറിൽ വിക്കറ്റില്ലാതെ വിട്ടുകൊടുത്തത് 53 റൺസ്. 2 ഓവർ മാത്രം എറിഞ്ഞ അർഷ്‌ദീപിനെതിരെ ലങ്കൻ ബാറ്റർമാർ അടിച്ചുകൂട്ടിയത് 37 റൺസ്. മത്സരത്തിൽ ഇന്ത്യ 7 നോബോളുകൾ‌ വഴങ്ങിയപ്പോൾ അതിൽ അഞ്ചും അർഷ്‌ദീപിന്റെ വകയായിരുന്നു. 3 വിക്കറ്റ് നേടിയെങ്കിലും റൺസ് വഴങ്ങുന്നതിൽ ഉമ്രാൻ മാലിക്കും ഒട്ടും പിശുക്കുകാട്ടിയില്ല (4 ഓവറിൽ 48 റൺസ്). 4 ഓവറിൽ‌ 24 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത അക്ഷർ പട്ടേൽ മാത്രമാണ് ഇന്ത്യൻ ബോളിങ്ങിലും മികച്ചു നിന്നത്.

രണ്ടാം ട്വന്റി20യിൽ ഹർഷൽ പട്ടേലിനു പകരം പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച അർഷ്ദീപ് സിങ്, ബോൾ ചെയ്ത ആദ്യ ഓവറിൽ തന്നെ ഹാട്രിക് നോബോൾ ഉൾപ്പെടെ 19 റൺസാണ് വഴങ്ങിയത്. ഇതോടെ ബോളിങ്ങിൽനിന്നും അർഷ്ദീപിനെ പിൻവലിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, 19–ാം ഓവറിലാണ് താരത്തെ തിരികെ കൊണ്ടുവന്നത്. എന്നാൽ വീണ്ടും നിരാശയായിരുന്നു അനുഭവം.

ഓവറിന്റെ ആദ്യ പന്തിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത അർഷ്ദീപ്, രണ്ടാം പന്തിൽ ബൗണ്ടറിയും മൂന്നാം പന്തിൽ ഡബിളും  ശനകയിൽനിന്നു വഴങ്ങി. നാലാമത് അർഷ്ദീപ് എറിഞ്ഞ ലോ ഫുൾ ടോസ്, ലോങ് ഓണിൽ സൂര്യകുമാർ യാദവ് കയ്യിലൊതുക്കിയെങ്കിലും അംപയർ നോബോൾ വിളിച്ചതോടെ ലങ്കൻ ക്യാപ്റ്റന് ലൈഫ് തിരികെകിട്ടി.

ഈ സമയം ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു നിരാശ മറച്ചുവയ്ക്കാനായില്ല. സങ്കടത്തോടെ ഹാർദിക് കൈ കൊണ്ട് മുഖം മറയ്ക്കുന്നത് ടിവി റീപ്ലേകളിൽ തുടർച്ചയായി കാണിച്ചു. ഇതിനുശേഷവും അർഷ്‌ദീപ് ഒരു നോ ബോൾ വഴങ്ങി. ഇതോടെ താരത്തിന്റെ അടുത്തെത്തിയ ഹാർദിക്, സമ്മർദം കുറയ്ക്കാൻ അർഷ്‌ദീപുമായി സംസാരിക്കുകയും ചെയ്തു.

നാണക്കേടിന്റെ റെക്കോർഡാണ് അർഷ്ദീപ് ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. രാജ്യാന്തര ട്വന്റി20 മത്സരത്തിൽ എറിയുന്ന ആദ്യ ഓവറിൽ തന്നെ മൂന്നൂ നോ ബോളുകൾ വഴങ്ങുന്ന ആദ്യ ഇന്ത്യൻ ബോളറായി മാറി അർഷ്ദീപ്. പിന്നീട് രണ്ടു നോബോളുകൾ കൂടി എറിഞ്ഞതോടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ നോബോളുകൾ വഴങ്ങുന്ന ഇന്ത്യൻ ബോളർ എന്ന ചീത്തപ്പേരും അർഷ്ദീപിന്റെ പേരിലായി.

English Summary: Hardik Pandya's shell-shocked reaction as Arshdeep's 4th no-ball saves Shanaka in India vs Sri Lanka 2nd T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com