ADVERTISEMENT

പുണെ ∙ ബൗണ്ടറികളുടെ അക്ഷാംശ രേഖകൾ മാറ്റിമറിച്ച അക്ഷർ പട്ടേലിന്റെ മാസ്മരിക ഇന്നിങ്സിനും ഇന്ത്യയെ രക്ഷിക്കാനായില്ല. 207 റൺസിന്റെ കൂറ്റൻ‌ വിജയലക്ഷ്യത്തിനു മുൻപി‍ൽ മുൻനിര ബാറ്റർമാർക്കു മുട്ടിടിച്ചപ്പോൾ ഇന്ത്യൻ ഇന്നിങ്സിനെ ഉയർത്തിയെടുത്തത് ഏഴാമനായി ബാറ്റിങ്ങിനെത്തിയ അക്ഷർ പട്ടേൽ.

31 പന്തിൽ 65 റൺസ് നേടിയ ഇന്നിങ്സിലൂടെ അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് അക്ഷർ ഇന്ത്യയെ അടുപ്പിച്ചു. 36 പന്തിൽ 51 റൺസുമായി സൂര്യകുമാർ യാദവ് ആ പോരാട്ടത്തിനു കൂട്ടു നിന്നു. പക്ഷേ അവസാന ഓവറിൽ അക്ഷർ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. രണ്ടാം ട്വന്റി20യിൽ‌ ശ്രീലങ്കയ്ക്ക് 16 റൺസ് ജയം. പരമ്പര ഇതോടെ 1–1 എന്ന നിലയിൽ. നിർണായകമായ അവസാന ട്വന്റി20 നാളെ രാജ്കോട്ടിൽ നടക്കും. 22 പന്തിൽ‌ പുറത്താകാതെ 56 റൺസ് നേടിയ ലങ്കൻ ക്യാപ്റ്റൻ‌ ദാസുൻ ശനകയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ദൂരം കുറഞ്ഞ ബൗണ്ടറികളുള്ള പുണെയിലെ എംസിഎ സ്റ്റേഡിയത്തിൽ വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നേരിട്ടത് ബാറ്റിങ് തകർച്ച. ഓപ്പണർമാരായ ഇഷാൻ കിഷൻ (2), ശുഭ്മൻ ഗിൽ (5) അരങ്ങേറ്റക്കാരൻ രാഹുൽ ത്രിപാഠി (5) എന്നിവർ 7 പന്തുകൾക്കിടെ പുറത്തായി.
സൂര്യകുമാർ യാദവ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റു വീഴ്ച തുടർന്നു. 9 ഓവറിൽ 5ന് 57 എന്ന സ്കോറിൽ ഇന്ത്യ പതറുമ്പോഴാണ് സൂര്യയ്ക്കു കൂട്ടായി അക്ഷർ പട്ടേൽ ക്രീസിലെത്തുന്നത്. പിന്നാലെ ഇന്നിങ്സിന്റെ കടിഞ്ഞാൺ അക്ഷർ ഏറ്റെടുത്തു.

40 പന്തിൽ‌ 91 റൺസ് അടിച്ചുകൂട്ടിയ ഇവരുടെ ആറാം വിക്കറ്റു കൂട്ടുകെട്ട് ഇന്ത്യൻ ആരാധകർക്കു പ്രതീക്ഷ പകർന്നു. സൂര്യ 3 വീതം സിക്സും ഫോറും നേടിയപ്പോൾ 6 സിക്സും 3 ഫോറും അടങ്ങുന്നതായിരുന്നു അക്ഷറിന്റെ ഉജ്വല ഇന്നിങ്സ്. 16–ാം ഓവറിൽ സൂര്യകുമാറിനെ പുറത്താക്കി ലങ്ക നിർണായക കൂട്ടുകെട്ട് പൊളിച്ചെങ്കിലും ശിവം മാവിയുമൊത്തുള്ള (15 പന്തിൽ 26) കൂട്ടുകെട്ടുമായി (41 റൺസ്) അക്ഷർ പോരാട്ടം തുടർന്നു.

അവസാന ഓവറിൽ 4 പന്തിൽ ജയിക്കാൻ 18 റൺസ് വേണ്ടപ്പോഴായിരുന്നു ഇന്ത്യയെ നിരാശരാക്കി അക്ഷർ പുറത്തായത്. ശനകയുടെ പന്തിൽ ചാമിക കരുണരത്നയ്ക്കു ക്യാച്ച്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി ഏഴാമതോ അതിനുശേഷമോ ഇറങ്ങി, ഉയർന്ന സ്കോർ നേടുന്ന താരവുമായി മാറി അക്ഷർ. 2020ൽ ഓസ്ട്രേലിയയ്ക്കെതിരെ രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയ 44 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്കോർ.

നേരത്തേ ശനകയുടെയും (22 പന്തിൽ‌ പുറത്താകാതെ 56) വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസിന്റെയും (31 പന്തിൽ‌ 52) മിന്നൽ‌ ബാറ്റിങ്ങാണ് ആദ്യം ബാറ്റു ചെയ്ത സന്ദർശകരെ മികച്ച സ്കോറിലെത്തിച്ചത്. ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ഒരു ടീമും സ്വന്തമാക്കാതെ തഴയപ്പെട്ട ശനക ഇന്നലെ ട്വന്റി20 ക്രിക്കറ്റിലെ ഒരു ശ്രീലങ്കൻ‌ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി നേടിയാണ് (20 പന്ത്) തന്റെ മികവു കാട്ടിയത്. അവസാന 4 ഓവറിൽ 68 റൺസാണ് ലങ്ക അടിച്ചുകൂട്ടിയത്.

കഴിഞ്ഞ മത്സരത്തിൽ 4 വിക്കറ്റുമായി തിളങ്ങിയ ഇന്ത്യൻ പേസർ ശിവം മാവി ഇന്നലെ 4 ഓവറിൽ വിക്കറ്റില്ലാതെ വിട്ടുകൊടുത്തത് 53 റൺസ്. 2 ഓവർ മാത്രം എറിഞ്ഞ അർഷ്‌ദീപിനെതിരെ ലങ്കൻ ബാറ്റർമാർ അടിച്ചുകൂട്ടിയത് 37 റൺസ്. മത്സരത്തിൽ ഇന്ത്യ 7 നോബോളുകൾ‌ വഴങ്ങിയപ്പോൾ അതിൽ അഞ്ചും അർഷ്‌ദീപിന്റെ വകയായിരുന്നു. 3 വിക്കറ്റ് നേടിയെങ്കിലും റൺസ് വഴങ്ങുന്നതിൽ ഉമ്രാൻ മാലിക്കും ഒട്ടും പിശുക്കുകാട്ടിയില്ല (4 ഓവറിൽ 48 റൺസ്). 4 ഓവറിൽ‌ 24 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത അക്ഷർ പട്ടേൽ മാത്രമാണ് ഇന്ത്യൻ ബോളിങ്ങിലും മികച്ചു നിന്നത്.

English Summary: India vs Sri Lanka, 2nd T20I- Axar Patel Batting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com