ADVERTISEMENT

മുംബൈ∙ ∙ കാറപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിൽ എത്തിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി ബോളിവുഡ് നടി ഉർവശി റൗട്ടേലയും. ഋഷഭ് പന്തിനെ പ്രവേശിപ്പിച്ചിരിക്കുന്ന മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയുടെ ചിത്രം ഉർവശി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചതോടെയാണ് നടി വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. പന്തിനെ ആശുപത്രിയിലെത്തി ഉർവശി സന്ദർശിച്ചെന്നാണ് ഊഹാപോഹങ്ങൾ.

കാൽമുട്ടിന്റെ ലിഗമെന്റിനു സംഭവിച്ച പരുക്കിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനെ തുടർന്ന ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽനിന്ന് സബർബൻ അന്ധേരിയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടി പോസ്റ്റിട്ടത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒന്നും എഴുതിയിട്ടില്ലെങ്കിലും, ആ സമയത്ത് താൻ മുംബൈയിലായിരുന്നെന്നാണ് ഉർവശി നൽകുന്ന സൂചന.

‌കഴിഞ്ഞ മാസം 30നു അമ്മയെ കാണാൻ ഡൽഹിയിൽ നിന്നു ജന്മസ്ഥലമായ റൂർക്കിയിലേക്കു പോകുംവഴി ഹരിദ്വാർ ജില്ലയിലെ മാംഗല്ലൂരിൽ വച്ചാണ് ഋഷഭ് പന്ത് അപകടത്തിൽപ്പെട്ടത്. ഡൽഹി–ഡെറാഡൂൺ അതിവേഗ പാതയിൽ ഡ്രൈവിങ്ങിനിടെ ഋഷഭ് പന്ത് ഉറങ്ങിപ്പോകുകയും കാർ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചുകയറുകയുമായിരുന്നു. പന്ത് പുറത്തു കടന്നതിനു പിന്നാലെ വാഹനം കത്തിച്ചാമ്പലായിരുന്നു.

കൊണ്ടും കൊടുത്തുമുള്ള സമൂഹമാധ്യമ പോസ്റ്റുകളിലൂടെ ഋഷഭ് പന്തും ഉർവശി റൗട്ടേലയും നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2018ൽ റസ്റ്റോറന്റുകളിലും പാർട്ടികളിലും മറ്റ് ഇവന്റുകളിലും ഇരുവരെയും ഒരുമിച്ച് കണ്ടതിന് ശേഷമാണ് പന്തും ഉർവശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ ഉയർന്നത്. 2019ൽ ഋഷഭ് പന്ത് ഇതു തള്ളുകയും കാമുകി ഇഷ നേഗിയുമായുള്ള പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. ഇഷയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. എന്നാൽ ഇതിനുശേഷവും ഉർവശി, പന്തുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇടുന്നത് തുടരുകയായിരുന്നു. പന്തിന്റെ അപകടശേഷം ‘നിനക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കുന്നു’ എന്ന കുറിപ്പും ഉർവശി പങ്കുവച്ചു.

എന്നാൽ ഉർവശിക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നിരവധിപ്പേരാണ് നടിക്കെതിരെ ട്വിറ്ററിൽ രംഗത്തെത്തിയത്. ഇതൊരു അസുഖമാണെന്നും യഥാർഥത്തിൽ ചികിത്സ വേണ്ടത് ഉർവശിക്കാണെന്നും ചിലർ പറയുമ്പോൾ ഭ്രാന്തുള്ള സ്ത്രീകൾക്കെതിരെ ഇന്ത്യയിൽ പുരുഷന്മാർക്ക് ഒരു രക്ഷയുമില്ലെന്നും, ഇനി ഇതു തമാശയല്ലെന്നും മറ്റൊരാൾ പറയുന്നു. ‘പ്രശസ്തിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ തന്ത്രങ്ങൾ. ഇതൊരു വിനോദമല്ല, മാനസിക പീഡനമാണ്!’– മറ്റൊരു ട്വീറ്റ് ഇങ്ങനെ.

English Summary: Urvashi Rautela Shares Picture Of Hospital Where Rishabh Pant Is Admitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com