ADVERTISEMENT

രാജ്കോട്ട് ∙ ശ്രീലങ്കൻ ഫീൽഡർമാർക്ക് ഇന്നലെ ആകാശത്തേക്കു നോക്കിനിൽക്കാനേ നേരമുണ്ടായിരുന്നുള്ളൂ; വിമാനം പറക്കുന്നതു നോക്കിനിൽക്കുന്ന കുട്ടികളെപ്പോലെ! ലങ്കൻ ബോളർമാരുടെ ഓരോ പന്തുകൾക്കും ആകാശയാത്ര സമ്മാനിച്ചത് സൂര്യപ്രഭ പോലെ മൈതാനത്തിന്റെ നാലതിരുകളിലും പരന്നെത്തിയ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് പ്രഹരം. കരിയറിലെ മൂന്നാം ട്വന്റി20 സെഞ്ചറിയുമായി (51 പന്തിൽ 112 നോട്ടൗട്ട്) സൂര്യകുമാർ തകർത്തടിച്ചപ്പോൾ ലങ്കയുടെ പരമ്പര മോഹങ്ങൾ ചാമ്പലായി. മൂന്നാം ട്വന്റി20യിൽ 91 റൺസ് വിജയത്തോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ  229 റൺസെന്ന കൂറ്റൻ സ്കോറുയർത്തിയപ്പോൾ ലങ്ക 137 റൺസിൽ ഓൾഔട്ടായി. സൂര്യകുമാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. അക്ഷർ‌ പട്ടേലാണ് പരമ്പരയിലെ താരം.

ആറാം ഓവറിൽ ക്രീസിലെത്തിയതു മുതൽ ഇന്നിങ്സിന്റെ അവസാന പന്തുവരെ നീണ്ട സൂര്യയുടെ വെടിക്കെട്ടാണ് രാജ്കോട്ടിലെ  സ്റ്റേഡിയത്തിലെത്തിയ പതിനായിരങ്ങൾക്ക് ആഘോഷക്കാഴ്ചയൊരുക്കിയത്. ‌9 സിക്സും 7 ഫോറും സൂര്യയുടെ ബാറ്റിൽ നിന്നു പറന്നു. 26 പന്തിൽ അർധ സെഞ്ചറി പിന്നിട്ട താരത്തിന് സെഞ്ചറി തികയ്ക്കാൻ തുടർന്നു വേണ്ടിവന്നത് 19 പന്തുകൾ മാത്രം. കൂറ്റനടിക്ക് ശമനം തേടി ലങ്കൻ ക്യാപ്റ്റൻ ദാസുൻ ശനക ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 

സൂര്യകുമാർ യാദവ് സെഞ്ചറി തികച്ചപ്പോൾ. Photo: FB@IndianCricketTeam
സൂര്യകുമാർ യാദവ് സെഞ്ചറി തികച്ചപ്പോൾ. Photo: FB@IndianCricketTeam

മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം (46) 111 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് സൂര്യകുമാർ ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്. മധ്യനിരയിൽ തുടരെ 3 ഇന്ത്യൻ വിക്കറ്റുകൾ നഷ്ടമായെങ്കിലും സൂര്യയുടെ മിന്നലാട്ടത്തിന് അവസാനമുണ്ടായില്ല. 2023ൽ ട്വന്റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചറിയും നിലവിലെ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യയുടെ പേരിലായി. പരമ്പരയുടെ ഫൈനലായി മാറിയ മത്സരത്തിൽ‌ വെടിക്കെട്ട് തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണർ ഇഷാൻ കിഷൻ (1) ആദ്യ ഓവറിൽ പുറത്തായപ്പോൾ രണ്ടാം മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി അവസരത്തിനൊത്തുയർന്നു. 

അരങ്ങേറ്റ മത്സരത്തിൽ ശോഭിക്കാൻ കഴിയാത്തതിന്റെ നിരാശ തീർത്ത ത്രിപാഠി 5 ഫോറും 2 സിക്സുമായി പവർ‌പ്ലേയിൽ ആഞ്ഞടിച്ചു. 16 പന്തിൽ 35 റൺ‌സുമായി ത്രിപാഠി ആറാം ഓവറിൽ മടങ്ങിയപ്പോഴേക്കും ഇന്ത്യൻ സ്കോർ ബോർഡിൽ 52 റൺസെത്തിയിരുന്നു. ശേഷമാണ് കൊടുങ്കാറ്റിന്റെ കരുത്തുമായി സൂര്യകുമാർ ക്രീസിലെത്തിയത്. 9 പന്തുകളിൽ 21 റൺസ് നേടിയ അക്ഷർ പട്ടേലും അവസാന ഓവറുകളിൽ സൂര്യയ്ക്കൊപ്പം ചേർന്ന് ആഞ്ഞടിച്ചു. 

ഇന്ത്യയുടെ മികച്ച സ്കോറിനു മുൻപിൽ പകച്ച് മറുപടി ബാറ്റിങ്ങിനെത്തിയ ശ്രീലങ്ക തുടക്കത്തിലേ പതറി. പവർപ്ലേ ഓവറുകൾക്കുള്ളിൽ 2 ഓപ്പണർമാരെയും അവർക്കു നഷ്ടമായി. കൂറ്റനടികളുമായി റൺറേറ്റ് ഉയർത്താൻ പിന്നാലെയെത്തിയ മറ്റു ബാറ്റർമാർക്കു കഴിഞ്ഞതുമില്ല. 23 റൺസെടുത്ത കുശാൽ മെൻഡിസും ദാസുൻ ശനകയുമാണ് ടോപ് സ്കോറർമാർ. രണ്ടാം ട്വന്റി20യിലെ മോശം പ്രകടനത്തിന്റെ നിരാശ തീർത്ത അർഷ്‌ദീപ് സിങ് ഇന്നലെ 3 വിക്കറ്റുമായി തിളങ്ങി. ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക്, യുസ്‍വേന്ദ്ര ചെഹൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: FB@IndianCricketTeam
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: FB@IndianCricketTeam

1500

രാജ്യാന്തര ട്വന്റി20യിൽ 1500 റൺസെന്ന നാഴികക്കല്ല് പിന്നിട്ട സൂര്യകുമാർ കുറഞ്ഞ പന്തുകളിൽ ഈ നേട്ടം കൈവരിക്കുന്ന താരമായി. 843 പന്തുകളിലാണ് സൂര്യ 1500 റൺസ് നേടിയത്.

English Summary: Suryakumar Yadav scorches hapless Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com