ജൊഹാനസ്ബെർഗ്∙ ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗിൽ രാജസ്ഥാൻ റോയൽസ് ഉടമകളായ പാൾ റോയൽസ് ടീമിലാണ് ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോസ് ബട്‍ലർ കളിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലർ നയിക്കുന്ന ടീമിൽ ജേസൺ റോയ്, ലുങ്കി എൻഗിഡി, തബ്രിസ് ഷംസി, ഒയിൻ മോർഗന്‍ തുടങ്ങിയ പ്രമുഖരുമുണ്ട്.
കഴിഞ്ഞ ദിവസം പാൾ റോയൽസ് പുറത്തിറക്കിയ ഒരു വിഡിയോയിൽ ദക്ഷിണാഫ്രിക്കൻ ലീഗിലേക്കു തുറുപ്പുചീട്ടായി രണ്ടു പേരെ കൊണ്ടുവന്നാൽ ആരൊക്കെയാകും അതെന്ന് ജോസ് ബട്‍ലറോടു ചോദ്യമുന്നയിക്കുന്നുണ്ട്. ഇതിനു മറുപടിയായി ജോസ് ബട‍്‌ലർ പറഞ്ഞ ആദ്യ പേര് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റേതാണ്.
സഞ്ജുവിനു പുറമേ ഇംഗ്ലണ്ട് ടീമിലെ സഹതാരമായ ബെൻ സ്റ്റോക്സിനെ പാൾ റോയൽസിലെത്തിക്കുമെന്നും ജോസ് ബട്‌ലർ വിഡിയോയിൽ പറയുന്നു. ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസും ബട്‍ലറുടെ മറുപടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ജോഫ്ര ആർച്ചർ പരുക്കുമാറി ഇംഗ്ലണ്ട് ടീമിലേക്കു തിരികെയെത്തിയതിൽ സന്തോഷമുണ്ടെന്നും ജോസ് ബട്‍ലർ പറഞ്ഞു.
‘‘ജോഫ്ര ആർച്ചർ പരുക്കു കാരണം കുറച്ചു നാളായി ടീമിനു പുറത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ എന്നെ ഉത്തേജിപ്പിക്കുന്നതാണ്. മത്സരങ്ങളുടെ ഗതി നിർണയിക്കുന്ന എക്സ് ഫാക്ടർ താരമാണ് ആർച്ചർ. ജോഫ്ര ആർച്ചർ വീണ്ടും കളിച്ചു തുടങ്ങിയെന്നതു വലിയ കാര്യമാണ്.’’– ബട്‍ലർ പ്രതികരിച്ചു.
English Summary: Jos Buttler select Sanju Samson as a wild card player