ADVERTISEMENT

തിരുവനന്തപുരം ∙ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന് ഒരിക്കൽക്കൂടി സച്ചിൻ ബേബിയെന്ന മുൻ നായകൻ രക്ഷകനായി. രഞ്ജി ട്രോഫിയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറിയുമായി സച്ചിൻ ബേബി മിന്നിയതോടെ, കർണാടകയ്‌ക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ. ഒന്നാം ദിനം കളി നിർത്തുമ്പോൾ 90 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലാണ് കേരളം. സച്ചിൻ ബേബി 116 റൺസോടെയും ജലജ് സക്സേന 31 റൺസോടെയും ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ഇതുവരെ 50 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

204 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതമാണ് സച്ചിൻ ബേബി 10–ാം ഫസ്റ്റ് ക്ലാസ് സെഞ്ചറി തികച്ചത്. ഇതുവരെ 272 പന്തുകൾ നേരിട്ട സച്ചിൻ ബേബി, 12 ഫോറും ഒരു സിക്സും സഹിതമാണ് 116 റൺസെടുത്തത്. 74 പന്തുകൾ നേരിട്ട ജലജ് സക്സേന, അഞ്ച് ഫോറുകളോടെ 31 റണ്‍സുമെടുത്തു. ഏഴാം വിക്കറ്റിൽ ഇതുവരെ 142 പന്തുകൾ നേരിട്ടാണ് ഇരുവരും 50 റൺസ് കൂട്ടിച്ചേർത്തത്.

സച്ചിനും സക്സേനയ്ക്കും പുറമെ കേരള നിരയിൽ ഇതുവരെ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രമാണ്. വത്സൽ ഗോവിന്ദ് 46 റൺസെടത്തും അക്ഷയ് ചന്ദ്രൻ 17 റൺസെടുത്തും പുറത്തായി. 116 പന്തുകൾ നേരിട്ട വത്സൽ ഗോവിന്ദ്, ആറു ഫോറുകളോടെയാണ് 46 റൺസെടുത്തത്. 59 പന്തുകൾ നേരിട്ട അക്ഷയ് ചന്ദ്രൻ ഒരു ഫോർ സഹിതം 17 റൺസുമെടുത്തു. ഓപ്പണർമാരായ പി.രാഹുൽ (രണ്ടു പന്തിൽ 0), രോഹൻ എസ്.കുന്നുമ്മൽ (അഞ്ച് പന്തിൽ അഞ്ച്), രോഹൻ പ്രേം (ഒൻപതു പന്തിൽ 0), സൽമാൻ നിസാർ (ഒൻപതു പന്തിൽ 0) എന്നിവർ നിരാശപ്പെടുത്തി.

ആറു റൺസ് എടുക്കുമ്പോഴേയ്ക്കും മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന്, നാലാം വിക്കറ്റിൽ വത്സൽ ഗോവിന്ദിനൊപ്പം സച്ചിൻ ബേബി പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. 257 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 120 റൺസാണ്. ആറാം വിക്കറ്റിൽ സച്ചിൻ ബേബി – അക്ഷയ് ചന്ദ്രൻ സഖ്യം 120 പന്തിൽ 46 റൺസും കൂട്ടിച്ചേർത്തു.

കർണാടകയ്ക്കായി കൗശൽ 15 ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. വൈശാഖ് 17 ഓവറിൽ 58 റൺസ് വഴങ്ങിയും ശ്രേയസ് ഗോപാൽ 15 ഓവറിൽ 25 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

∙ കേരളത്തിന്റെ ‘ലിറ്റിൽ മാസ്റ്റർ’

സർവീസസിനെതിരായ കഴിഞ്ഞ മത്സരത്തിൽ കേരളത്തെ തകർച്ചയിൽ നിന്നു ഉജ്വല ജയത്തിലേക്കു നയിച്ച സച്ചിൻ ബേബി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4000 റൺസ് ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 2009ൽ ആന്ധ്രക്കെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 34 വയസ്സുകാരൻ സച്ചിൻ കർണാടകയ്‌ക്കെതിരെ തുമ്പയിൽ പുരോഗമിക്കുന്ന മത്സരത്തിൽ ഉൾപ്പെടെ 81 മത്സരങ്ങളിൽ 10 സെഞ്ചറിയും 20 അർധ സെഞ്ചറിയുമായി 4265 റൺസാണ് ഇതുവരെ നേടിയത്. അതിൽ ഈ സീസണിലെ ആറു മത്സരങ്ങളിൽ മാത്രം അടിച്ചു കൂട്ടിയത് 3 സെഞ്ചറിയും 3 അർധ സെഞ്ചറിയുമടക്കം 729 റൺസ്. രഞ്ജിയിൽ കേരളത്തെ ആദ്യമായി ക്വാർട്ടറിലും സെമിയിലും എത്തിച്ച നായകനായ സച്ചിൻ ഇന്ത്യ എ ടീമിലും ഇടം പിടിച്ചിട്ടുണ്ട്.

English Summary: Kerala vs Karnataka, Elite Group C - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com