ADVERTISEMENT

ബെംഗളൂരു∙ ക്യാപ്റ്റൻസിയിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മികവിനെ പുകഴ്ത്തി ടീം ഇന്ത്യയുടെ മുൻ ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ. 2020ൽ കാൻബറയിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 മത്സരത്തിൽ സഞ്ജുവിന്റെ വിലപ്പെട്ട നിർദേശം ഇന്ത്യയെ വിജയത്തിലെത്തിച്ചെന്നാണ് ശ്രീധർ വെളിപ്പെടുത്തിയത്. പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഐസിസിയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം തന്ത്രപരമായി ഉപയോഗിച്ച് ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയിരുന്നു. 44 റൺസെടുത്ത് ബാറ്റിങ്ങിൽ തിളങ്ങിയ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ പിൻവലിച്ച് ഇന്ത്യ യുസ്‍വേന്ദ്ര ചെഹലിനെ ബോളിങ്ങിന് ഇറക്കുകയായിരുന്നു. മത്സരത്തിൽ മൂന്നു വിക്കറ്റു വീഴ്ത്തിയ ചെഹൽ ഓസ്ട്രേലിയയെ തോൽപിക്കുന്നതിൽ നിർണായകമായി.

മത്സരത്തിൽ ഇന്ത്യ 11 റൺസിനാണു വിജയിച്ചത്. ചെഹലിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുന്ന തന്ത്രം മാനേജ്മെന്റിനു മുന്നിൽ അവതരിപ്പിച്ചതു സഞ്ജു സാംസണായിരുന്നെന്ന് ശ്രീധർ വെളിപ്പെടുത്തി. ‘കോച്ചിങ് ബിയോണ്ട്– മൈ ഡെയ്സ് വിത് ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന പുസ്തകത്തിലാണ് ശ്രീധറിന്റെ പ്രതികരണം. സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവു താൻ കാണുന്നത് അന്നായിരുന്നെന്നും ശ്രീധർ വ്യക്തമാക്കി.

‘‘ഞാൻ ഡഗ് ഔട്ടിലിരിക്കുമ്പോൾ സഞ്ജു സാംസണും മയാങ്ക് അഗർവാളുമായിരുന്നു അടുത്തുണ്ടായിരുന്നത്. ഇന്ത്യൻ ഇന്നിങ്സിനു ശേഷം ഓസീസ് ബാറ്റിങ് തുടങ്ങും മുൻപ് ഫീൽഡിങ് ഒരുക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇന്ത്യ. പെട്ടെന്ന് സഞ്ജു എന്നോടു ചോദിച്ചു– പന്ത് ജഡ്ഡുവിന്റെ ഹെൽമെറ്റിലല്ലേ ഇടിച്ചത്, എന്തുകൊണ്ട് നമുക്ക് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനു ശ്രമിച്ചുകൂടാ? പകരം നമുക്ക് ഒരു ബോളറെ ഇറക്കാമല്ലോ. ഉടൻ ഇക്കാര്യം മുഖ്യ പരിശീലകനായ രവി ശാസ്ത്രിയോടു പറയാനാണു പറഞ്ഞത്.’’

സഞ്ജുവിന്റെ നിര്‍ദേശം രവി ശാസ്ത്രിക്കും ഇഷ്ടപ്പെട്ടതോടെ ഇന്ത്യൻ ടീം കൺകഷൻ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നൽകി. അനുമതി ലഭിച്ചതോടെ ജഡേജയ്ക്കു പകരം ചെഹൽ ഇറങ്ങി. ഓസീസ് ടീം ഇന്ത്യയ്ക്കെതിരെ പരാതിയുമായെത്തിയെങ്കിലും മാച്ച് റഫറി അംഗീകരിച്ചിരുന്നില്ല. സഞ്ജുവിന്റെ പെട്ടെന്നുള്ള ചിന്തയാണ് ചെഹലിനെ കൊണ്ടുവരുന്നതിലേക്കു നയിച്ചതെന്നും ശ്രീധര്‍ പറഞ്ഞു.

‘‘ആ യുവ താരത്തിൽ ഒരു ക്യാപ്റ്റനെ ഞാൻ കാണുന്നത് അപ്പോഴാണ്. എങ്ങനെയാണു താൻ പുറത്തായതെന്നായിരിക്കില്ല സഞ്ജു ചിന്തിക്കുക. അദ്ദേഹം ടീമിനു വേണ്ടിയാണു ആലോചിക്കുന്നത്. ഇത്തരം സമയങ്ങളിലാണ് ഒരാളുടെ വ്യക്തിത്വം മനസ്സിലാകുന്നത്. രവി ശാസ്ത്രിയോ, വിരാട് കോലിയോ അങ്ങനെയൊരു നീക്കത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകില്ല’’– പുസ്തകത്തിൽ ശ്രീധർ കുറിച്ചു.

English Summary: Smart strategy from Sanju Samson for Team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com