മുംബൈ∙ രഞ്ജി ട്രോഫിയിൽ തുടർച്ചയായി ഗംഭീര പ്രകടനം നടത്തിയിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മെലിഞ്ഞ ആളുകളെ മാത്രമാണു സിലക്ടർമാർക്കു വേണ്ടതെങ്കിൽ ക്രിക്കറ്റ് കളിക്കാൻ മോഡലുകളെ തിരഞ്ഞെടുക്കണമെന്ന് ഗാവസ്കർ തുറന്നടിച്ചു. സർഫറാസ് സെഞ്ചറികൾ നേടിയ ശേഷവും കളിക്കുന്നുണ്ടെന്നും ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്നസ് ഉണ്ടെന്നും ഗാവസ്കർ വാദിച്ചു.
‘‘നിങ്ങൾക്ക് വടിവൊത്ത ശരീരമുള്ളവരെയും മെലിഞ്ഞവരെയും മാത്രം മതിയെങ്കിൽ ഏതെങ്കിലും ഫാഷൻ ഷോയ്ക്കു പോയി അവിടത്തെ കുറച്ചു മോഡലുകളെ തിരഞ്ഞെടുത്താൽ മതി. അവരുടെ കയ്യിൽ ബാറ്റും പന്തും കൊടുത്തു കളിക്കാൻ ആവശ്യപ്പെടാം. താരങ്ങളുടെ വലുപ്പമനുസരിച്ചല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്, അവരുടെ സ്കോറും നേടിയ വിക്കറ്റുകളും നോക്കൂ.’’– ഒരു സ്പോർട്സ് മാധ്യമത്തോടു ഗാവസ്കർ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇടം കിട്ടാതായതോടെ താൻ കരഞ്ഞുപോയെന്ന് സർഫറാസ് ഖാൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ‘‘ടീം പ്രഖ്യാപിച്ച ദിവസം മുഴുവൻ ഞാന്‍ ദുഃഖത്തിലായിരുന്നു. ഞങ്ങൾ ഗുവാഹത്തിയിൽനിന്ന് ഡൽഹിയിലേക്കു പോകുമ്പോൾ ഞാൻ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചത്. ശരിക്കും കരഞ്ഞുപോയി.’’– എന്നായിരുന്നു സർഫറാസിന്റെ പ്രതികരണം.
English Summary: Sunil Gavaskar Slams Selectors For Ignoring Sarfaraz Khan