ADVERTISEMENT

റായ്‌പുർ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് കിട്ടിയതിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തീരുമാനം പറയാൻ വൈകിയതിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറഞ്ഞെങ്കിലും മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആരാധകരുടെ ഉള്ളുനിറയ്ക്കുന്ന ഹിറ്റ്മാന്റെ മറ്റൊരു പ്രവർത്തിക്കും മൈതാനം സാക്ഷിയായി. കിവീസ് ഉയർത്തിയ 109 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെയാണ് നാടകീയ സംഭവം അരങ്ങേറിയത്.

ഇന്ത്യൻ ഇന്നിങ്സിന്റെ പത്താം ഓവറിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ബാറ്റു ചെയ്യുന്നതിനിടെ ഒരു ആൺകുട്ടി മൈതാനത്തേക്ക് ഓടിക്കയറി രോഹിത് ശർമയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടിപ്പോയ രോഹിത്, നിലത്ത് വീഴാൻ ഉൾപ്പെടെ ഒരുങ്ങി. ഉടൻ തന്നെ പിന്നാലെ എത്തിയ സുരക്ഷ ഉദ്യോഗസ്ഥർ‌ കുട്ടിയെ ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ, കുട്ടിയെ ഉപദ്രവിക്കരുതെന്ന് രോഹിത് ശർമ സുരക്ഷ ഉദ്യോഗസ്ഥരോട് ആംഗ്യം കാണിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സാഹചര്യം ശാന്തമായി കൈകാര്യം ചെയ്ത രോഹിത്തിനെ പുകഴ്ത്തി സമൂഹമാധ്യങ്ങളിൽ പോസ്റ്റുകൾ നിറയുകയും ചെയ്തു.

വിഡിയോയോടു പ്രതികരിച്ച് ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ: ‘‘ആദ്യം സുരക്ഷ കർശനമാക്കണം, ആരാധകരൊന്നും ഗ്രൗണ്ടിലേക്ക് പ്രവേശിക്കരുത്. രണ്ടാമതായി, ഒരു ആരാധകൻ വന്നാൽ പിന്നെ താരത്തെ കാണട്ടെ. ആരാധകരെ ഇങ്ങനെ തല്ലുന്നതല്ല സുരക്ഷ ഉദ്യോഗസ്ഥരുടെ ജോലി.’’

കളിക്കാർ അവരുടെ ആരാധകരെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ആരാധകർ അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണാൻ ആഗ്രഹിക്കുന്നതിനാലും ഇത്തരം സംഭവങ്ങളുടെ എണ്ണം ഇനി ഉയരും,’’– മറ്റൊരു ആരാധകൻ എഴുതി.

മത്സരത്തിൽ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 34.3 ഓവറിൽ വെറും 108 റൺസിന് ന്യൂസീലൻഡിനെ പുറത്താക്കിയ ഇന്ത്യ 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 6 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. 3 മത്സര പരമ്പര ഇതോടെ ഇന്ത്യ ഉറപ്പിച്ചു. മൂന്നാം മത്സരം ചൊവ്വാഴ്ച ഇൻഡോറിൽ നടക്കും.

English Summary: Rohit Sharma tries to stop security from manhandling a boy who rushed to hug him in 2nd ODI vs New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com