ADVERTISEMENT

ഇൻഡോർ ∙ വൻജയവുമായി ഇന്ത്യ വൺഡേയിൽ ഒന്നാം നമ്പർ സ്ഥാനത്തേക്ക്. ന്യൂസീലൻഡിനെതിരെ മൂന്നാം ഏകദിനത്തിൽ ആദ്യം തകർത്തടിച്ചും പിന്നെ എറിഞ്ഞൊതുക്കിയും നേടിയ 90 റൺസ് വിജയത്തോടെ ഇന്ത്യ പരമ്പര 3–0നു തൂത്തുവാരി. വിജയാഘോഷത്തിനു തിളക്കമേകി ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുമെത്തി. ഇന്നലെ വരെ ഒന്നാം റാങ്കുകാരായിരുന്ന കിവീസ് 4–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെയും (85 പന്തിൽ 101) ശുഭ്മൻ ഗില്ലിന്റെയും (78 പന്തിൽ 112) സെഞ്ചറികളുടെയും ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചറിയുടെയും മികവിൽ (38 പന്തിൽ 54) 9 വിക്കറ്റിന് 385 റൺസെടുത്തു. ഓപ്പണർ ഡെവൺ കോൺവേ 100 പന്തിൽ 138 റൺസ് നേടി പോരാട്ടം നയിച്ചെങ്കിലും കിവീസ് 41.2 ഓവറിൽ 295ന് ഓൾഔട്ടായി. 3 വിക്കറ്റും 25 റൺസും നേടിയ ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ 2 സെഞ്ചറികളടക്കം 360 റൺസ് നേടിയ ശുഭ്മൻ ഗിൽ പ്ലെയർ ഓഫ് ദ് സീരീസ്.

ഇരട്ടത്തായമ്പക

ബൗണ്ടറികളുടെ മേളത്തിനാണ് ഹോൾക്കർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏകദിന ക്രിക്കറ്റിലെ പ്രമാണിയായ രോഹിത് ശർമയും ഇളമുറക്കാരനായ ശുഭ്മൻ ഗില്ലും കൊട്ടിക്കയറിയപ്പോൾ ആരാധകർ ആവേശത്തോടെ താളംപിടിച്ചു. പതിഞ്ഞ താളത്തിൽ തുടങ്ങിയ രോഹിത്–ഗിൽ സഖ്യം പിന്നീട് രൗദ്രഭാവം പൂണ്ടതോടെ 157 പന്തിൽ പിറന്നത് 212 റൺസ്. ഇതിനിടെ, 3 വർഷത്തിനിടെ രോഹിത് ആദ്യമായി ഏകദിന ക്രിക്കറ്റിൽ 100 പിന്നിട്ടു. തൊട്ടുപിന്നാലെ സെഞ്ചറി കുറിച്ച് ഗില്ലും ഒപ്പമെത്തി. ക്യാപ്റ്റൻ 9 ഫോറും 6 സിക്സും അതിർത്തി കടത്തി വിട്ടപ്പോൾ ഗില്ലിന്റെ ബാറ്റിൽനിന്നു പിറന്നത് 13 ഫോറും 5 സിക്സും.

വിരാട് കോലിയും രോഹിത് ശര്‍മയും മത്സരത്തിനിടെ. Photo: Twitter@BCCI
വിരാട് കോലിയും രോഹിത് ശര്‍മയും മത്സരത്തിനിടെ. Photo: Twitter@BCCI

12 പന്തുകൾക്കിടെ രോഹിത്തും ഗില്ലും പുറത്തായ ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ കരുത്തു ചോർന്നു. ആദ്യത്തെ 25 ഓവറിൽ 205 റൺസെടുത്ത ഇന്ത്യയ്ക്കു പിന്നീട് 180 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. വിരാട് കോലി 27 പന്തിൽ 36 റൺസെടുത്തെങ്കിലും മധ്യനിരയിൽ ഇഷാൻ കിഷൻ (24 പന്തിൽ 17), സൂര്യകുമാർ യാദവ് (9 പന്തിൽ 14), വാഷിങ്ടൺ സുന്ദർ (14 പന്തിൽ 9) എന്നിവർ പരാജയപ്പെട്ടത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 7–ാം വിക്കറ്റിൽ ഒത്തുചേർന്ന ഹാർദിക്ക് പാണ്ഡ്യയും ഷാർദുൽ ഠാക്കൂറും ചേർന്ന് 34 പന്തിൽ നേടിയ 54 റൺസാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 

പാഴായ പോരാട്ടം

386 റൺസെന്ന വൻലക്ഷ്യം പിന്തുടർന്ന കിവീസിന് ആദ്യ ഓവറിൽതന്നെ ഓപ്പണർ ഫിൻ അലനെ (0) നഷ്ടമായെങ്കിലും കോൺവേ രണ്ടാം വിക്കറ്റിൽ ഹെൻറി നിക്കോൾസിനൊപ്പം (42) 106 റൺസും മൂന്നാം വിക്കറ്റിൽ ഡാരിൽ മിച്ചലിനൊപ്പം (24) 78 റൺസും കൂട്ടിച്ചേർത്തതു പ്രതീക്ഷ നൽകി. മിച്ചലിനെയും ക്യാപ്റ്റൻ ടോം ലാതമിനെയും (0) അടുത്തടുത്ത പന്തുകളിൽ ഷാർദൂൽ പുറത്താക്കിയതാണ് വഴിത്തിരിവായത്. തുടർന്ന്, ഗ്ലെൻ ഫിലിപ്സിനെ (5) ഷാർദൂലും കോൺവേയെ ഉമ്രാൻ മാലിക്കും പുറത്താക്കിയതോടെ ന്യൂസീലൻഡിന്റെ പോരാട്ടം അവസാനിച്ചു. കുൽദീപ് യാദവ് 3 വിക്കറ്റും യുസ്‌വേന്ദ്ര ചെഹൽ 2 വിക്കറ്റും നേടി.

സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം. Photo: Twitter@BCCI
സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം. Photo: Twitter@BCCI

30

ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ രോഹിത് ശർമ മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങിന് ഒപ്പമെത്തി–30. വിരാട് കോലി (46), സച്ചിൻ തെൻഡുൽക്കർ (49) എന്നിവരാണ് മുന്നിലുളളത്. 

100

ന്യൂസീലൻഡ് ബോളർ ജേക്കബ് ടഫി ഇന്നലെ 10 ഓവറിൽ വഴങ്ങിയത് 100 റൺസ്. ഏകദിനത്തിൽ ഒരു ന്യൂസീലൻഡ് ബോളർ മാത്രമേ 10 ഓവറിൽ ഇതിൽ കൂടുതൽ റൺസ് വഴങ്ങിയിട്ടുള്ളൂ. 2009ൽ ടിം സൗത്തി ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയ്ക്കെതിരെ വഴങ്ങിയത് 105 റൺസ്. 

360

പരമ്പരയിലെ മൂന്നു മത്സരങ്ങളിലായി ശുഭ്മൻ ഗിൽ നേടിയത് 360 റൺസ്. 3 മത്സരങ്ങളുള്ള ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡിൽ പാക്കിസ്ഥാൻ താരം ബാബർ അസമിനൊപ്പം. 2016ൽ വെസ്റ്റിൻഡീസിനെതിരെയാണ് ബാബർ 360 റൺസ് നേടിയത്.

English Summary : India sweeps one day series against Newzealand 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com