കൊച്ചി∙ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി വിട്ട് കൊച്ചിയിൽ പരിശീലനം തുടങ്ങി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെയാണു താരത്തിനു പരുക്കേറ്റത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം അവസാനിപ്പിച്ച സഞ്ജു കൊച്ചിയിൽ ഫിസിയോയ്ക്കു കീഴിൽ പരിശീലനം തുടങ്ങി. ഉടൻ തന്നെ സഞ്ജുവിന് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനായി കളിക്കാൻ ബിസിസിഐയുടെ അനുമതി കാത്തിരിക്കുകയാണ് സഞ്ജു ഇപ്പോൾ. രഞ്ജിയിൽ കേരളം അടുത്ത റൗണ്ടിലേക്കു യോഗ്യത നേടിയാല്‍ താരത്തിന് കേരളത്തിനായി കളിക്കാൻ സാധിക്കുമെന്നാണു വിവരം. നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണു കേരളം. കേരളം ആറു കളികൾ പൂർത്തിയാക്കിയപ്പോൾ മൂന്നെണ്ണമാണു വിജയിച്ചത്. രണ്ടു മത്സരങ്ങൾ സമനിലയിലായി.
ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നടന്ന ട്വന്റി20 മത്സരത്തിനിടെ സഞ്ജുവിന്റെ കാല്‍ മുട്ടിനാണു പരുക്കേറ്റത്. ഫീൽഡിങ്ങിനിടെ പരുക്കേറ്റ താരത്തിന് ശ്രീലങ്കയ്ക്കെതിരായ മറ്റു മത്സരങ്ങൾ നഷ്ടമായിരുന്നു. ന്യൂസീലൻഡിനെതിരായ പരമ്പരയും താരത്തിനു നഷ്ടമായി. പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സഞ്ജു ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
English Summary: Sanju Samson trains with Personal physio in Kochi