ADVERTISEMENT

ബെംഗളൂരു∙ ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഫിറ്റ്നസ് ടെസ്റ്റിൽ പാസായെന്ന സൂചന നൽകി സഞ്ജു സമൂഹമാധ്യമത്തിൽ പോസിറ്റിട്ടു. ‘എല്ലാം ശരിയായി, മുൻപോട്ട് പോകാൻ തയാർ’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽനിന്നുള്ള ചിത്രം സഹിതമാണ് സഞ്ജുവിന്റെ പോസ്റ്റ്.

കൊച്ചിയില്‍ സ്വന്തം ഫിസിയോക്കൊപ്പം തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സഞ്ജു സാംസൺ. ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് എന്‍സിഎയില്‍ എത്തിയെന്ന് സൂചന നൽകി പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സഞ്ജു കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. ഇന്നു ചിത്രവും കൂടി പങ്കുവച്ചതോടെ ടെസ്റ്റ് പാസായെന്നു കരുതാമെന്ന് ആരാധകർ കമന്റുകളിൽ പറയുന്നു.

ഇതോടെ ദേശീയ ടീമിലേക്ക് താരത്തിന്റെ ‘റീഎൻട്രി’ എന്നാകുമെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ശ്രീലങ്കയ്ക്കെതിരെ മുംബൈയിൽ നടന്ന ആദ്യ ട്വന്റി20 മത്സരത്തിനിടെയാണ് സഞ്ജുവിന്റെ കാല്‍ മുട്ടിനു പരുക്കേറ്റത്. ഫീൽഡിങ്ങിനിടെ പരുക്കേറ്റ താരത്തിന് ശ്രീലങ്കയ്ക്കെതിരായ മറ്റു മത്സരങ്ങൾ നഷ്ടമായിരുന്നു. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമയെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലും ജിതേഷിനെ നിലനിർത്തിയെങ്കിലും ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഓസ്ട്രേലിയ‌യ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയാണ് ഇനി ഐപിഎലിനു മുൻപ് ഇന്ത്യയ്ക്കുള്ളത്. ഓസീസിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമോ എന്നതിലാണ് ആകാംക്ഷ. അതല്ലെങ്കിൽ ഇനി ഐപിഎലിലാകും സഞ്ജു കളത്തിലിറങ്ങുക. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിൽനിന്നു കേരളം പുറത്തായതിനാൽ ആഭ്യന്തര മത്സരങ്ങളിലൂടെ തിരിച്ചുവരാനുള്ള സഞ്ജുവിന്റെ സാധ്യത മങ്ങി.

English Summary: All set & ready to go: Sanju Samson recovers from knee injury, declares himself fit for selection

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com