ADVERTISEMENT

റാഞ്ചി∙ ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ 21 റൺസിനു തോൽവി വഴങ്ങിയെങ്കിലും ആരാധകർക്ക് ആർപ്പു വിളിക്കാൻ ചില നിമിഷങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ സൂര്യകുമാർ യാദവിന്റെ ചില കിടിലൻ ഷോട്ടുകളും വാഷിങ്ടൻ സുന്ദറിന്റെ അതിവേഗ അർധസെഞ്ചറിയുമൊക്കെയാണ് ആരാധകർക്ക് ഓർത്തുവയ്ക്കാനുള്ള നിമിഷങ്ങൾ സമ്മാനിച്ചത്. എന്നാൽ ഇതിനേക്കാൾ എല്ലാമുപരി സ്റ്റേഡിയത്തിൽ ഒരാളുടെ സാന്നിധ്യമാണ് ആരാധകരെ ഏറ്റുവുമധികം സന്തോഷത്തിൽ ആറാടിച്ചത്. മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി.

ജെഎസ്‌സിഎ സ്റ്റേഡിയത്തിലെ വിഐപി ബോക്സിൽ, ഭാര്യ സാക്ഷിക്കൊപ്പം ഇരുന്ന ധോണിയെ ടിവി സ്ക്രീനിൽ കാണിച്ചപ്പോഴൊക്കെ കാണികൾ ഇളകിമറിഞ്ഞു. ‘ധോണി, ധോണി..’ വിളികൾ സ്റ്റേഡിയത്തിൽ മുഴങ്ങി. ഇടയ്ക്ക് ചെറുചിരിയോടെ ആരാധരെ കൈവീശി കാണിക്കാനും ധോണി മറന്നില്ല. റാഞ്ചി സ്വദേശിയായ ധോണിയുടെ ഹോം ഗ്രൗണ്ടാണ് ജെഎസ്‌സിഎ സ്റ്റേഡിയം. മത്സരത്തിന് മുൻപ് ധോണി, താരങ്ങളെ നേരിൽ കണ്ടു സംസാരിച്ചിരുന്നു.

മത്സരശേഷം ന്യൂസീലൻഡ് ഓൾറൗണ്ടർ ജിമ്മി നീഷം പറഞ്ഞ വാക്കുകളിൽ ധോണിയോട് കാണികൾ പ്രകടിപ്പിച്ച ആരാധനയുടെ മുഴുവൻ വികാരവുമുണ്ടായിരുന്നു. ‘‘വാസ്തവത്തിൽ ഇതൊരു വലിയ വികാരമാണ്. നമ്മൾ ബാറ്റ് ചെയ്യുന്നതോ ബോൾ ചെയ്യുന്നതോ കാണാൻ യഥാർഥത്തിൽ ആരുമില്ല. മറ്റൊരാളെ കാണുന്നതിനാണ് എല്ലാവരും വന്നിരിക്കുന്നത്. സത്യസന്ധമായി, ഞാൻ അത് ആസ്വദിച്ചു.’’– ജിമ്മി നീഷം പറഞ്ഞു.

മാത്രമല്ല, ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ധോണിയെ സാക്ഷിയാക്കി ചില കിടിലൻ പ്രകടനങ്ങളും ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തു. റാഞ്ചിയിൽനിന്നുള്ള താരം തന്നെയായ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ ഡയറക്ട് ത്രോയായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. 18–ാം ഓവറിൽ ന്യൂസീലൻഡ് ബാറ്റർ മൈക്കൽ ബ്രേസ്‍‌വെലിനെ റണ്ണൗട്ടാക്കാനായിരുന്നു ഇഷാൻ കിഷന്റെ ത്രോ.

മറ്റൊരു ഇന്ത്യൻ താരം സൂര്യകുമാർ യാദവ്, ട്വന്റി20 റൺവേട്ടയിൽ ധോണിയെ മറികടന്നതും യാദൃശ്ചികമായി. നിലവിൽ, ട്വന്റി20യിൽ ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവ്, ഇന്നലെ 34 പന്തിൽ 47 റൺസാണ് എടുത്തത്. ഇതോടെ 44 ഇന്നിങ്സുകളിൽനിന്ന് സൂര്യയുടെ സമ്പാദ്യം 1625 റൺസായി. 98 മത്സരങ്ങളിൽനിന്ന് 1617 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.

English Summary: MS Dhoni waves at Ranchi crowd during India vs New Zealand 1st T20I

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com