100 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ എത്തിപ്പിടിച്ച് ഇന്ത്യ; കിവീസിനെതിരെ 6 വിക്കറ്റ് ജയം

ന്യൂസീലൻഡിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ്. Photo: FB@BCCI
ന്യൂസീലൻഡിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ്. Photo: FB@BCCI
SHARE

ലക്നൗ ∙ പതിവായി ബാറ്റിങ് വെടിക്കെട്ടുകൾക്ക് വേദിയാകുന്ന ലക്നൗവിലെ എ.ബി.വാജ്പേയ് സ്റ്റേഡിയത്തിൽ ഇന്നലെ ബോളർമാരുടെ ദിനം. ഇന്ത്യൻ സ്പിന്നർമാരും പേസർമാരും അവസരത്തിനൊത്ത് മികവ് പുറത്തെടുത്തപ്പോൾ കിവീസിനെതിരെ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് മാത്രമാണ് നേടാനായത്.

ചെറിയ വിജയലക്ഷ്യത്തിനു മുന്നിൽ 4 വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു പന്ത് മാത്രം ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കെതിരെ ട്വന്റി20 മത്സരത്തിൽ ന്യൂസീലൻഡിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. ജയത്തോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമും ഓരോ ജയം വീതം സ്വന്തമാക്കി. ഇതോടെ ബുധനാഴ്ച അഹമ്മദാബാദിൽ നടക്കുന്ന അവസാന മത്സരം നിർണായകമായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിന്റെ നീക്കത്തെ സ്പിൻ തന്ത്രത്തോടെയാണ് ഇന്ത്യ നേരിട്ടത്. പേസർ ഉമ്രാൻ മാലിക്കിനു പകരം ടീമിലെത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ 4–ാം ഓവറിൽ ഫിൻ അലനെ പുറത്താക്കി ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് നേടി. പിന്നാലെ ഡെവൻ കോൺവേ, ഡാരിൽ മിച്ചൽ എന്നിവരെയും സ്പിന്നർമാർ പുറത്താക്കിയതോടെ ന്യൂസീലൻഡിന്റെ തകർച്ചയ്ക്ക് തുടക്കമായി. 

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങൾ. Photo: FB@BCCI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങൾ. Photo: FB@BCCI

 23 പന്തിൽ 19 റൺസെടുത്ത സാന്റ്നറാണ് ന്യൂസീലൻഡ‍് ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ബോൾ ചെയ്ത 7 പേരിൽ പേസർ ശിവം മാവി ഒഴികെ എല്ലാവരും വിക്കറ്റ് നേടി. പേസർ അർഷ്ദീപ് സിങ് 2 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.

ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് 4–ാം ഓവറിൽ ശുഭ്മൻ ഗില്ലിന്റെ (11 റൺസ്) വിക്കറ്റ് നഷ്ടമായി. പിന്നാലെ ഇഷാൻ കിഷൻ (19), രാഹുൽ ത്രിപാഠി (13), വാഷിങ്ടൺ സുന്ദർ (10) എന്നിവർ പുറത്തായെങ്കിലും സൂര്യകുമാർ യാദവ് (26*), ഹാർദിക് പാണ്ഡ്യ (15*) എന്നിവർ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയമൊരുക്കി.

English Summary : India vs New zealand, Second Twenty 20 Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS