കപ്പടിച്ച് കൗമാരപ്പട; പ്രഥമ അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

u19-t20-world-cup-2023-champions
അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം കിരീടവുമായി. ചിത്രം: Twitter/@BCCIWomen
SHARE

ജൊഹാനസ്ബർ‌ഗ് ∙ പ്രഥമ അണ്ടർ‌ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റിനു തോൽപ്പിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം ചൂടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കന്നി ലോകകപ്പാണ് ഇത്. ഫൈനലിൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ 17.1 ഓവറിൽ വെറും 68 റൺസിനു ചുരുട്ടികെട്ടി. കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 14 ഓവറിൽ വെറും മൂന്നും വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഇന്ത്യയ്ക്കായി പന്തെറിഞ്ഞ എല്ലാ ബോളർമാരും വിക്കറ്റ് നേടി. ടിറ്റാസ് സധു, അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ മന്നത്ത് കശ്യപ്, ഷഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. റയാന മക്ഡൊണാൾഡ് ഗേ (19) ആണ് അവരുടെ ടോപ് സ്കോറർ. നിയാം ഹോളണ്ട് (10), അലക്സാ സ്റ്റോൺഹൗസ് (11), സോഫിയ സ്മെയിൽ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ.

മറുപടി ബാറ്റിങ്ങിൽ, മൂന്നാം ഓവറിൽ ക്യാപ്റ്റൻ ഷഫാലി വർമയുടെ (15) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ ശ്വേത ശെഹ്‌രാവത്തും (5) പുറത്തായി. മൂന്നാം വിക്കറ്റിൽ സൗമ്യ തിവാരിയും (24*) ഗോങ്കടി തൃഷയും (24) ചേർന്ന് നേടിയ 46 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 13–ാം ഓവറിൽ പുറത്തായ ഗോങ്കടിക്കു പകരമെത്തിയ ഹൃഷിതാ ബസു (0*) പുറത്താകാതെ നിന്നു.

സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ 8 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യൻ വനിതാ സീനിയർ ടീം രണ്ടു തവണ ഏകദിന ലോകകപ്പിലും ഒരു തവണ ട്വന്റി20 ലോകകപ്പിലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ട് ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരുന്ന ഷഫാലി വർമയുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് കിരീടനേട്ടം.

English Summary: India Make History, Win Inaugural U19 Women's T20 WC Beating England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS