ഫിറ്റ്നസ് ടെസ്റ്റ് പാസായി സഞ്ജു; ഓസീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചേക്കും
Mail This Article
ബെംഗളൂരു∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ് ടീമിൽ നിന്നു പുറത്തായ സഞ്ജു സാംസൺ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും.
ജനുവരി 3നു നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് സഞ്ജു കാലിന് പരുക്കേറ്റ് പുറത്തായത്. പരുക്ക് കാരണം ന്യൂസീലൻഡിനെതിരായ പരമ്പരയിലും താരത്തിന് ടീമിലിടം കിട്ടിയിരുന്നില്ല.
ശ്രീലങ്കക്കെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെട്ടിരുന്ന സഞ്ജുവിന് ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിനിടെ ഇടിച്ചു വീണാണ് കാൽമുട്ടിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും ചതവും നീർക്കെട്ടും ഉണ്ടായതോടെ ടീമിൽ നിന്ന് ഒഴിവാക്കി ചികിത്സയും വിശ്രമവും നിർദേശിക്കുകയായിരുന്നു. എൻസിഎയിൽ ഫിസിയോ തെറപ്പിയും വ്യായാമങ്ങളുമായി മൂന്നാഴ്ചത്തെ വിശ്രമത്തിനു ശേഷമാണ് ഇപ്പോൾ തിരിച്ചുവരവ്.
ഇന്ത്യൻ ട്വന്റി20 ടീമിൽ ഏറെക്കുറെ സ്ഥിരാംഗമായി വരുന്നതിനിടെയാണ് പരുക്ക് വില്ലനായി എത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ സഞ്ജുവിനു പകരം ടീമിൽ ഉൾപ്പെടുത്തിയ ജിതേഷ് ശർമയെ ന്യൂസീലൻഡിനെതിരായ പരമ്പരയിലും വിക്കറ്റ് കീപ്പറായി നിലനിർത്തിയിരുന്നു.
English Summary: Sanju Samson passed fitness test