ADVERTISEMENT

സിഡ്നി ∙ ‘വീസ കുരുക്ക്’ ഒരിക്കൽക്കൂടി വഴി മുടക്കിയതോടെ, ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട ടീമിനൊപ്പം ചേരാനാകാതെ ഓസീസ് ടീമിലെ പാക്ക് വംശജൻ ഉസ്മാൻ ഖവാജ. ഇന്ത്യൻ വീസ കിട്ടാൻ കാലതാമസം നേരിട്ടതോടെയാണ്, ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഇന്ത്യൻ പര്യടനത്തിനായി പുറപ്പെട്ട സഹതാരങ്ങൾക്കൊപ്പം ഉസ്മാൻ ഖവാജയ്‌ക്കു ചേരാനാകാതെ വന്നത്. ഇന്ത്യൻ പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 18 അംഗ ഓസീസ് ടീമിൽ വീസ പ്രശ്നം നേരിട്ട ഒരേയൊരു വ്യക്തി കൂടിയാണ് ഖവാജ. വീസ ലഭ്യമാകുന്ന മുറയ്ക്ക് താരത്തെ ഇന്ത്യയിലേക്ക് അയയ്ക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം.

നാഗ്പുരിൽ ഈ മാസം ഒൻപതിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി രണ്ടു സംഘങ്ങളായാണ് ഓസീസ് ടീം ഓസ്ട്രേലിയയിൽനിന്ന് പുറപ്പെട്ടത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഇന്ത്യയിലേക്കു പുറപ്പെട്ട രണ്ടു സംഘങ്ങളിലും ഖവാജയ്ക്ക് ഇടം പിടിക്കാനായില്ല. നിലവിൽ സിഡ്നിയിൽത്തന്നെ തുടരുന്ന മുപ്പത്താറുകാരനായ ഖവാജയ്ക്ക്, വ്യാഴാഴ്ചയോടെ ഇന്ത്യയിലെത്താനാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.

നിലവിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഏറ്റവും ഫോമിൽ കളിക്കുന്ന താരമാണ് ഖവാജ. 2022ലെ ഏറ്റവും മികച്ച ഓസീസ് ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഖവാജ നേടിയിരുന്നു. പോയ വർഷത്തെ ഐസിസി ടെസ്റ്റ് ടീമിൽ ഇടം പിടിക്കാനും താരത്തിനായി. ഇന്ത്യൻ വീസ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ, കാത്തിരിപ്പിനെ ട്രോളി സമൂഹമാധ്യമങ്ങളിൽ ഖവാജ ഒരു ട്രോളും പങ്കുവച്ചിട്ടുണ്ട്.

ഇസ്‍ലാമാബാദിൽ ജനിച്ച ഉസ്‍മാൻ ഖവാജയ്ക്ക് ഇന്ത്യൻ വീസ ലഭിക്കാൻ കാലതാമസം നേരിടുന്നത് ഇത് ആദ്യമല്ല. 2011ൽ ട്വന്റി20 ചാംപ്യൻസ് ലീഗിനായി ഇന്ത്യയിലെത്താനായി അപേക്ഷ നൽകിയപ്പോഴും ഖവാജയ്ക്ക് വീസ ലഭിച്ചിരുന്നില്ല. പിന്നീട് പ്രത്യേക ഇടപെടലിലൂടെയാണ് താരത്തിന് വീസ ലഭ്യമായത്. 

അതേസമയം, താരത്തിന് ഇതുവരെ ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനായിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. 2013ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഓസീസ് ടീമിൽ ഖവാജ അംഗമായിരുന്നെങ്കിലും കളത്തിലിറങ്ങാനായില്ല. 2016ൽ ഐപിഎലിൽ റൈസിങ് പുണെ സൂപ്പർജയന്റ്സിനായി കളിച്ചിട്ടുള്ള താരവുമാണ് ഇദ്ദേഹം. 2018ൽ ഇന്ത്യയിൽ പര്യടനം നടത്തിയ ഓസ്ട്രേലിയ എ ടീമിൽ ഖവാജ അംഗമായിരുന്നു. 2019ൽ ഏകദിന പരമ്പരയ്ക്കായി ഓസീസ് ടീമിനൊപ്പം ഇന്ത്യയിലെത്തിയ ഖവാജ രണ്ടു സെഞ്ചറികൾ നേടി. ഇപ്പോഴത്തെ ഫോമിൽ ഇന്ത്യയിൽ ആദ്യ ടെസ്റ്റ് കളിക്കാൻ താരത്തിന് അവസരം ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് വീസയുടെ രൂപത്തിൽ വീണ്ടും തിരിച്ചടി നേരിട്ടത്.

English Summary: Usman Khawaja misses flight to India after visa process delayed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com