‘ഞാൻ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്; ധോണി പോയതോടെ ആ ഉത്തരവാദിത്തം എനിക്ക്’

hardik-pandya-ms-dhoni-0202
ഹാർദിക് പാണ്ഡ്യ, എം.എസ്.ധോണി
SHARE

അഹമ്മദാബാദ്∙ ന്യൂസീലൻഡിനെതിരായ പരമ്പര നേട്ടത്തോടെ ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനം ഹാർദിക് പാണ്ഡ്യ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ഹാർദിക്കിന്റെ നേതൃത്വത്തിന്റെ ഇതുവരെ നാല് ട്വന്റി20 പരമ്പരകളാണ് ഇന്ത്യ നേടിയത്. ഹാർദിക് നയിച്ച എല്ലാ പരമ്പരകളിലും ഇന്ത്യ ചാംപ്യന്മാരായി. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റ്ാകുക കൂടി ചെയ്തതോടെ, ടീമിനെ മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

മൂന്നാം ട്വന്റി20യിൽ, ഹാർദിക് 17 പന്തിൽനിന്ന് 30 റൺസ് നേടി നിർണായകമായ ആങ്കർ ഇന്നിങ്സ് കളിക്കുകയും ബോളിങ്ങിൽ നാല് കിവീസ് ബാറ്റർമാരെ പുറത്താക്കുകയും െചയ്തു. പരുക്ക് ഭേദമായി കഴിഞ്ഞ വർഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതിനു ശേഷം ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് ശൈലിയിൽ വലിയ മാറ്റമാണുണ്ടായത്. പവർഹിറ്ററായ ഹാർദിക്, സ്ട്രൈക്ക് കൈമാറാനുള്ള പ്രവണത കൂടുതലായി കാണിക്കുന്നതാണ് പ്രധാന മാറ്റം. തന്റെ ശൈലിയിൽ വന്ന മാറ്റത്തെക്കുറിച്ച് ഹാർദിക്കും സമ്മതിക്കുന്നു.

‘‘സിക്‌സറുകൾ അടിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു. പക്ഷേ അതാണ് ജീവിതം, നമ്മൾ മാറേണ്ടതുണ്ട്. ഞാൻ കൂട്ടുകെട്ടിൽ വിശ്വസിക്കുന്നു. എന്റെ ബാറ്റിങ് പങ്കാളിക്കും ടീമിനും മറുവശത്ത് ഞാൻ ഉണ്ടെന്ന ഉറപ്പും ശാന്തതയും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരേക്കാൾ കൂടുതൽ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സമ്മർദം അതിജീവിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു.

ഒരുപക്ഷേ, അതിനായി സ്‌ട്രൈക്ക് റേറ്റ് കുറയ്ക്കേണ്ടി വന്നേക്കാം. പുതിയ റോളുകൾ എടുക്കാൻ ഞാൻ എപ്പോഴും കാത്തിരിക്കുകയാണ്. ന്യൂ ബോൾ എറിയാനും ഞാൻ ആഗ്രഹിക്കുന്നു. ന്യൂ ബോളിൽ എന്റെ കഴിവുകൾ മിനുക്കാനുള്ള കഠിന ശ്രമത്തിലാണ്. ടീമിനെ മുന്നിൽനിന്നു നയിക്കാനാണ് ആഗ്രഹിക്കുന്നത്.’’– കിവീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഹാർദിക് പാണ്ഡ്യ പറഞ്ഞു

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, ടീം ഇന്ത്യയ്‌ക്കൊപ്പം അവസാന വർഷങ്ങളിൽ കളിച്ചിരുന്ന റോൾ താൻ ഏറ്റെടുക്കുകയാണെന്നും ഹാർദിക് പറഞ്ഞു. പലപ്പോഴും ബാറ്റിങ്ങിനിടെ, ധോണി സ്ട്രൈക്ക് കൈമാറാൻ കൂടുതലായി ശ്രമിക്കുകയും തന്റെ ബാറ്റിങ് പങ്കാളിയെ കൂടുതൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കാൻ അനുവദിക്കുകയും ചെയ്യുന്നതായിരുന്നു ധോണിയുടെ രീതി. പവർഹിറ്ററായിരുന്ന ധോണി, ക്യാപ്റ്റൻ സ്ഥാനത്തെയിതോടെയാണ് ആങ്കർ ഇന്നിങ്സുകൾ കളിക്കാൻ ആരംഭിച്ചത്.

‘‘അന്നു മഹി കളിച്ചിരുന്ന ശൈലി പിന്തുടരാൻ എനിക്ക് വിഷമമില്ല. അന്ന് ഞാൻ ചെറുപ്പമായിരുന്നു, സ്റ്റേഡിയത്തിനു ചുറ്റും ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചു. പക്ഷേ ഇപ്പോൾ ധോണി ഇല്ലാത്തതിനാൽ ആ ഉത്തരവാദിത്തം എനിക്കായി. ഞാൻ അതു കാര്യമാക്കുന്നില്ല. ഞങ്ങൾക്ക് മത്സരങ്ങൾ വിജയിക്കുന്നുണ്ട്. ഞാൻ കുറച്ച് പതുക്കെ കളിക്കേണ്ടി വന്നാലും കുഴപ്പമില്ല.’’– ഹാർദിക് പാണ്ഡ്യ പറഞ്ഞു.

English Summary: 'Since Dhoni has gone, the responsibility is on me': Hardik Pandya

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS