മലയാളിയോട് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു: ‘വി ആർ സോറി’; കൃഷ്ണകുമാറിന്റെ തുടരുന്ന പോരാട്ടം
Mail This Article
കോട്ടയം∙ രണ്ടു വർഷം മുൻപ് ബോർഡർ- ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യ ഐതിഹാസിക വിജയം നേടിയപ്പോൾ തികഞ്ഞ ഓസീസ് പക്ഷപാതികളായ ആരാധകർ പോലും കരഘോഷം മുഴക്കിക്കൊണ്ടു പറഞ്ഞു: വെൽ ഡൺ ഇന്ത്യ! ആവേശോജ്വലമായിരുന്ന ആ പരമ്പരയിൽ ഇന്ത്യയ്ക്കായി ആർപ്പുവിളിക്കുന്നതിനിടെ വംശീയ അധിക്ഷേപത്തിന് ഇരയായ പ്രവാസി മലയാളി ആരാധകനോട് ക്രിക്കറ്റ് ഓസ്ട്രേലിയ പറയുന്നു: വി ആർ സോറി
2021 ജനുവരി 7 മുതൽ 11 വരെ നടന്ന സിഡ്നി ടെസ്റ്റിനിടെ വംശീയമായി അപമാനിക്കപ്പെട്ടതിനെതിരെ മാസങ്ങൾ നീണ്ട ഒറ്റയാൾ പോരാട്ടം നടത്തിയ വൈക്കം വൈക്കപ്രയാർ സ്വദേശി കൃഷ്ണകുമാറിനോടാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഭരണസമിതി ഔപചാരികമായി ക്ഷമാപണം നടത്തിയത്. ജെന്റിൽമാൻസ് ഗെയിമിൽ വംശീയതയ്ക്കും വിവേചനത്തിനും ഇടമില്ലെന്നു തുറന്നുസമ്മതിച്ച അധികൃതർ ഓസ്ട്രേലിയൻ ക്രിക്കറ്റിലും മത്സരവേദികളിലും നിന്ന് വംശീയത തുടച്ചുനീക്കുന്ന മാറ്റങ്ങൾ നടപ്പാക്കാൻ കൃഷ്ണകുമാറിന്റെ ഇടപെടൽ വഴിതുറന്നുവെന്ന് വ്യക്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിലെ ആധിപത്യം ആർക്കെന്നു നിശ്ചയിക്കാനായി അടുത്തയാഴ്ച നാഗ്പുരിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ്കൃഷ്ണകുമാറിന് ഈ അഭിമാനനേട്ടം. തുല്യതയ്ക്കു വേണ്ടിയും വിവേചനത്തിനെതിരെയും പോരാടുന്ന എല്ലാവർക്കും തന്റെ അനുഭവം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷ്ണകുമാർ സിഡ്നിയിൽനിന്ന് ‘മനോരമ’യോട് പറഞ്ഞു.
∙അപമാനത്തിന്റെ നാൾവഴി
സിഡ്നി ടെസ്റ്റിന്റെ 2, 3, 5 ദിവസങ്ങളിലാണ് കൃഷ്ണകുമാർ മത്സരം കാണാൻ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ (എസ് സിജി) പോയത്. രണ്ടാം ദിവസം കുഴപ്പങ്ങളൊന്നുമുണ്ടായില്ല. തൊട്ടടുത്ത ദിവസം വെള്ളക്കാരായ നാലഞ്ചു ചെറുപ്പക്കാർ ഇന്ത്യൻ താരങ്ങളെയും ഇന്ത്യൻ ആരാധകരെയും അധിക്ഷേപിച്ചു. ഇന്ത്യയുടെ ദേശീയപതാക വീശിയപ്പോഴും അധിക്ഷേപം ഉയർന്നു. പിന്നീട് ഈ സംഘത്തോട് സംസാരിച്ചപ്പോൾ, ചെറുപ്പക്കാർ തങ്ങളുടെ തെറ്റ് മനസ്സിലാക്കി സൗഹൃത്തോടെ പെരുമാറിയെന്ന് കൃഷ്ണകുമാർ പറഞ്ഞു.
അഞ്ചാം ദിവസം വംശീയതയ്ക്കെതിരെ ബാനറുകളുമായാണ് പോയത്. പോരാട്ടം ആകാം, വംശീയത അരുത് എന്ന ബാനർ കയ്യിൽ വയ്ക്കാമെന്നു സമ്മതിച്ചെങ്കിലും മറ്റുള്ളവ കണ്ടപ്പോൾ സുരക്ഷാ ജീവനക്കാരുടെ സ്വഭാവം മാറി. മാന്യമായി അതു ചോദ്യം ചെയ്തപ്പോൾ വർണവിവേചനം പുരണ്ട ആ വാക്കുകളിൽ ‘ഈ സാധനങ്ങൾ എടുത്ത് താങ്കൾ വന്ന സ്ഥലത്തേക്കു തിരിച്ചു പോകൂ’ എന്നാണ് സുരക്ഷാ ജീവനക്കാരൻ പ്രതികരിച്ചതെന്ന് കൃഷ്ണകുമാർ ആരോപിച്ചത് 2021 ഫെബ്രുവരി 2ന് ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. അൽപസമയം കൊണ്ടു തീരേണ്ട മെറ്റൽ ഡിറ്റക്ടർ പരിശോധന മിനിറ്റുകൾ നീണ്ടു. മൈതാനത്തിനകത്തു കടന്നപ്പോൾ, പതിവു തെറ്റിച്ച് പത്തോളം സുരക്ഷാ ജീവനക്കാർ തന്റെ ഓരോ നീക്കവും നിരീക്ഷിച്ചു നിൽക്കുകയായിരുന്നുവെന്നും കൃഷ്ണകുമാർ അന്ന് പറഞ്ഞു.
∙ മാസങ്ങൾ നീണ്ട പോരാട്ടം
ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് പ്രഫഷനൽ ആയ നാൽത്തിനാലുകാരൻ കൃഷ്ണകുമാർ വൈക്കപ്രയാർ മഴുവഞ്ചേരിൽ പരേതനായ ഡോ. സി.എൻ. ഗോപാലകൃഷ്ണപ്പണിക്കരുടെയും പാർവതി പണിക്കരുടെയും മകനാണ്. ഈ സംഭവം നടക്കുന്നതിനു 15 മാസം മുൻപാണ് ഓസ്ട്രേലിയയിൽ എത്തിയത്. ഭാര്യ പ്രീതയും മക്കളായ റൗൾ, കിയാൻ എന്നിവരും ഓസ്ട്രേലിയൻ പൗരത്വമുള്ളവരാണ്. വംശീയ അധിക്ഷേപം നേരിട്ടതിൽ നടപടി ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കും സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഭരണച്ചുമതലുള്ള വെന്യൂസ് ന്യൂ സൗത്ത്‌വെയിൽസിനുമാണ് കൃഷ്ണകുമാർ പരാതി നൽകിയത്.
എന്നാൽ, ഇരുകക്ഷികളും നടപടികൾ നീട്ടുന്ന മട്ടായതോടെ വിവേചനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ആന്റി ഡിസ്ക്രിമിനേഷൻ ന്യൂ സൗത്ത്‌വെയിൽസ് എന്ന വകുപ്പിനു പരാതി നൽകി. ഇതോടെ കാര്യങ്ങൾ മാറി. ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള നടപടികൾ 2022 ജനുവരി വരെയും വെന്യൂസ് ന്യൂസൗത്ത് വെയിൽസുമായുള്ള നടപടികൾ ആ വർഷം ഏപ്രിൽ വരെയും നീണ്ടു.
∙ പരാതി ഒന്ന്, വിധി വ്യത്യസ്തം
ഒരേ വിഷയങ്ങൾ ഉന്നയിക്കുന്ന പരാതികളാണ് ലഭിച്ചതെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയയും വെന്യൂസ് ന്യൂസൗത്ത് വെയിൽസും രണ്ടു തരത്തിലാണ് പ്രതികരിച്ചതെന്നതു കൗതുകകരമാണ്. ഔപചാരികമായി മാപ്പു പറഞ്ഞതിനു പുറമേ, ക്രിക്കറ്റ് ഓസ്ട്രേലിയ വംശീയതയ്ക്കെതിരെ നടപടികൾക്കു തുടക്കമിടുകയും ചെയ്തു. അതേസമയം, സുരക്ഷാ ജീവനക്കാരൻ അധിക്ഷേപം നടത്തിയതിനു തെളിവുകളില്ലെന്നാണ് വെന്യൂസ് ന്യൂസൗത്ത് വെയിൽസ് അന്വേഷണത്തിനൊടുവിൽ വിലയിരുത്തിയത്. എന്നാൽ, മൈതാനത്തിനകത്തേക്ക് കാണികൾക്കു കൊണ്ടുപോകാവുന്ന വസ്തുക്കൾ എന്തൊക്കെയെന്ന കാര്യം പുനഃപരിശോധിക്കാമെന്നും മത്സരം വീക്ഷിക്കാനെത്തുന്നവരോട് മാന്യമായും ഭവ്യതയോടെയും പെരുമാറാൻ സുരക്ഷാ ജീവനക്കാർക്കു നിർദേശം നൽകാമെന്നും അവർ കൃഷ്ണകുമാറിനെ അറിയിച്ചു.
∙ വംശീയതയ്ക്കെതിരെ
മത്സരവേദികളിൽ വംശീയതയ്ക്കെതിരെ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന നടപടികൾക്കു കാരണക്കാരനാകാൻ കൃഷ്ണകുമാറിനു കഴിഞ്ഞുവെന്നതാണ് ഈ ഒറ്റയാൾ പോരാട്ടത്തിന്റെ ഏറ്റവും വലിയ നേട്ടം. ആരാധകർ വംശീയത നേരിടുന്നതു തടയാൻ മനുഷ്യാവകാശ കമ്മിഷൻ രൂപപ്പെടുത്തിയ മാർഗനിർദേശങ്ങളിൽ ക്രിക്കറ്റ് ഓസ്ട്രേലിയ ഒപ്പുവച്ചത് കൃഷ്ണകുമാറിന്റെ ഇടപെടലിനെത്തുടർന്നാണ്. ഓസ്ട്രേലിയയിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ വംശീയതയ്ക്കെതിരെ സന്ദേശം നൽകുന്ന വിഡിയോ മൈതാനങ്ങളിലെ ബിഗ് സ്ക്രീനുകളിൽ പ്രദർശിപ്പിക്കാൻ അധികൃതർ നടപടിയെടുത്തു. രാജ്യാന്തര താരങ്ങളായ ഉസ്മാൻ ഖവാജ, ബെത് മൂണി എന്നിവരാണ് സന്ദേശം നൽകുന്നത്. പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന കൃഷ്ണകുമാറിന്റെ സഹായം വിഡിയോയുടെ പ്രി പ്രൊഡക്‌ഷൻ, പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടങ്ങളിൽ ക്രിക്കറ്റ് ഓസ്ട്രേലിയ സ്വീകരിക്കുകയും ചെയ്തു.
വിവേചനം നേരിട്ടതായി പരാതി ലഭിച്ചാൽ നടപടികൾ ത്വരിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരാതി പരിഹാര സംവിധാനം പുനഃപരിശോധിക്കും. സിഡ്നി ടെസ്റ്റിനിടെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങൾക്കു തടയിടുന്നതിന്റെ ഭാഗമായി തന്റെ അനുഭവം പങ്കുവയ്ക്കാൻ കൃഷ്ണകുമാറിനെ ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതർ ക്ഷണിച്ചിട്ടുമുണ്ട്.
∙തുടരുന്ന പോരാട്ടം
തുല്യതയ്ക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്ന് കൃഷ്ണകുമാർ ‘മനോരമ’യോടു പറഞ്ഞു. സിഡ്നി ടെസ്റ്റിനിടെ തന്നെപ്പോലെ മറ്റ് ഒട്ടേറെ ഇന്ത്യക്കാരും അധിക്ഷേപം നേരിട്ടതാണ്. പക്ഷേ, ആരും അനീതിക്കും അപമാനത്തിനുമെതിരെ ശബ്ദമുയർത്തിയില്ല. വർണ വിവേചനത്തിനും വംശീയതയ്ക്കുമെതിരെയുള്ള ശ്രമങ്ങൾ തുടരാനാണ് തീരുമാനമെന്നും കൃഷ്ണകുമാർ ആവർത്തിക്കുന്നു.
English Summary: Keralite krishna kumar wins battle against racism