ബെംഗളൂരു∙ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തി. ബെംഗളൂരുവിലാണ് ഓസ്ട്രേലിയയുടെ 4 ദിവസം നീളുന്ന പരിശീലന ക്യാംപ്. ഇന്ത്യൻ ടീം നാഗ്പുരിലും പരിശീലനം ആരംഭിച്ചു. 4 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 9ന് നാഗ്പുരിൽ ആരംഭിക്കും.
വിവാഹത്തെത്തുടർന്ന് ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്നു വിട്ടുനിന്ന വൈസ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ ടീമിനൊപ്പം ചേർന്നു. പരുക്ക് ഭേദമായി ടീമിലേക്ക് മടങ്ങിവന്ന രവീന്ദ്ര ജഡേജ ഇന്നലെ പരിശീലനത്തിനിറങ്ങി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ലക്ഷ്യമിടുന്ന ഇരുടീമിനും നിർണായകമാണ് ഈ പരമ്പര. നിലവിൽ പോയിന്റ് നിലയിൽ ഒന്നാമതാണ് ഓസ്ട്രേലിയ. ഇന്ത്യ രണ്ടാമതും.
പഠാനിലെ ഷാറുഖായി വാർണർ
ബോളിവുഡ് സിനിമ പഠാനിൽ സൂപ്പർതാരം ഷാറുഖ് ഖാന് പകരം ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നായകൻ ആയിരുന്നെങ്കിലോ? എങ്ങനെയുണ്ടെന്നറിയാൻ വാർണറുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് കണ്ടാൽ മതി. പഠാന്റെ ട്രെയ്‌ലറിൽ ഷാറുഖിനു പകരം വാർണറുടെ മുഖം ഉൾപ്പെടുത്തി ആരാധകൻ നിർമിച്ച വിഡിയോയാണ് വാർണർ പങ്കുവച്ചത്. വിഡിയോ ഇതിനോടകം 48 ലക്ഷം പേർ കണ്ടു.

ഇന്ത്യൻ ടീമിന്റെ പ്രായം 30.6 ഓസ്ട്രേലിയ 29.9
ഇന്ത്യൻ ടീമിലെ താരങ്ങളുടെ ശരാശരി പ്രായം 30.6. ഓസ്ട്രേലിയയുടെ ശരാശരി പ്രായം 29.9. ആർ.അശ്വിനാണ് (36 വയസ്സ്) ഇന്ത്യൻ നിരയിലെ പ്രായം കൂടിയ താരം. ശുഭ്മൻ ഗില്ലാണ് (23) പ്രായം കുറഞ്ഞ താരം. ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ (36) എന്നിവരാണ് ഓസ്ട്രേലിയൻ നിരയിലെ സീനിയേഴ്സ്. ഇരുപത്തിരണ്ടുകാരൻ ടോഡ് മർഫിയാണ് ജൂനിയർ.
English Summary: India-Australia first test on 9th in Nagpur