ADVERTISEMENT

നാഗ്പുർ ∙ സിഡ്നിയിൽ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചൊരുക്കി ആദ്യഘട്ട പരിശീലനം നടത്തിയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. വന്നയുടൻ ബെംഗളൂരുവിലെ പിച്ചും സ്പിൻ അനുകൂലമാക്കി മാറ്റി. നെറ്റ്സിൽ ബോൾ ചെയ്യുന്നതിനായി രണ്ട് ഇന്ത്യൻ ഫസ്റ്റ് ക്ലാസ് സ്പിന്നർമാരെ നിയമിച്ചു. പേസർമാരെ നേരിടുന്നതിലും കൂടുതൽ നേരം ഓസ്ട്രേലിയൻ ബാറ്റർമാർ ഇവരുടെ പന്തുകളാണ് കഴിഞ്ഞ രണ്ട് ദിവസത്തെ പരിശീലനത്തിൽ നേരിട്ടത്. 

നെറ്റ് ബോളർമാരായി 4 സ്പിന്നർമാരെയാണ് ഇന്ത്യയും ക്യാംപിലെത്തിച്ചത്. ഇരുടീമും ടെസ്റ്റ് ക്രിക്കറ്റിൽ നേർക്കുനേർ വരുമ്പോൾ സ്പിൻ ബോളിങ് നിർണായകമാകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചേക്കാം. 

കണക്കുകൾ ഇങ്ങനെ

1996ൽ തുടങ്ങിയ ബോർഡർ–ഗാവസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത 5 പേരും സ്പിന്നർമാരാണ്. 20 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റെടുത്ത ഇന്ത്യൻ താരം അനിൽ കുംബ്ലെയാണ് ഒന്നാമത്. 18 മത്സരങ്ങളിൽ നിന്ന് 95 വിക്കറ്റോടെ ഹർഭജൻ സിങ് രണ്ടാമതുണ്ട്. ഓസ്ട്രേലിയയുടെ നേഥൻ ലയൺ (94 വിക്കറ്റ്), ഇന്ത്യൻ സ്പിന്നർമാരായ ആർ.അശ്വിൻ (89), രവീന്ദ്ര ജഡേജ (63) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങൾ. ഇവർ മൂവരും ഇത്തവണയും കളിക്കുന്നുണ്ട്.

കുൽദീപോ അക്ഷറോ?

അശ്വിനും ജഡേജയും പരമ്പരയിൽ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മൂന്നാം സ്പിന്നറായി കുൽദീപ് യാദവോ അക്ഷർ പട്ടേലോ ഇടം പിടിച്ചേക്കാം. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലൂടെയാണ് കുൽദീപ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ തന്നെ 4 വിക്കറ്റ് വീഴ്ത്തി. കരിയറിലാകെ 8 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2021ൽ ആദ്യ ടെസ്റ്റ് കളിച്ച അക്ഷർ 8 മത്സരങ്ങളിലായി 47 വിക്കറ്റ് നേടിയിട്ടുണ്ട്. മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററായും ഉപയോഗിക്കാവുന്നതിനാൽ അക്ഷർ ടീമിൽ ഉൾപ്പെടാനുള്ള സാധ്യതയേറെ.

English Summary : Spin bowling is the talk before India-Australia Test series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com