ADVERTISEMENT

നാഗ്പുർ∙ ‘ഹലോ ഫ്രണ്ട്’! ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ സിലക്‌ഷൻ ലഭിച്ച ശേഷം സൂര്യകുമാർ യാദവ് പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറപ്പ് ഇതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന് ഉപയോഗിക്കുന്ന ചുവന്ന പന്തിന്റെ ചിത്രമാണു സൂര്യകുമാർ പങ്കുവച്ചത്. എന്നാൽ, ഫ്രണ്ടല്ല, ശത്രുവാണെന്നു കരുതി ആഞ്ഞടിക്കാനാകും ഐസിസി ട്വന്റി20 ഒന്നാം റാങ്ക് ബാറ്ററായ സൂര്യകുമാറിനു ടീം മാനേജ്മെന്റ് നൽകുന്ന നിർദേശം. ട്വന്റി20, ഏകദിന ഫോർമാറ്റിൽ‌ മികച്ച ഫോമിലുള്ള സൂര്യകുമാർ ടെസ്റ്റിലും അതു തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മുപ്പത്തിരണ്ടുകാരനായ സൂര്യകുമാർ 79 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലായി 5549 റൺസ് നേടിയിട്ടുണ്ട്. ബാറ്റിങ് ശരാശരി 45 റൺസ്. സ്ട്രൈക്ക് റേറ്റ് 63.8. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 14 സെഞ്ചറികളും മുംബൈയുടെ താരമായ സൂര്യകുമാറിന്റെ പേരിലുണ്ട്. ഇത്രയും ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത ശ്രേയസ് അയ്യരും ഋഷഭ് പന്തും നേരത്തേ തന്നെ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തി. നിലവിലെ ഫോമിനൊപ്പം ഈ കണക്കുകളും സൂര്യകുമാറിനെ ടെസ്റ്റ് ടീമിലേക്ക് വിളിക്കാൻ കാരണമായിട്ടുണ്ട്.

∙ പന്തിന് പകരം 

കാറപകടത്തിൽ പരുക്കേറ്റു വിശ്രമത്തിലുള്ള ഋഷഭ് പന്തിനു പകരക്കാരനാവുകയെന്നതാകും ഓസീസ് പരമ്പരയിൽ സൂര്യകുമാറിന്റെ ദൗത്യം. ആറാമനായി ബാറ്റിങ്ങിന് ഇറങ്ങാനാണു സാധ്യത. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗിൽ ഓപ്പണറായി ഇറങ്ങിയാൽ കെ.എൽ.രാഹുൽ 5–ാം സ്ഥാനത്തേക്കു മാറേണ്ടി വരും. ചേതേശ്വർ പൂജാരയും വിരാട് കോലിയുമാകും 3, 4 സ്ഥാനങ്ങളിൽ ഇറങ്ങുക. മൂന്ന് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തിയാൽ രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവർക്കൊപ്പം ഓൾറൗണ്ടർ അക്ഷർ പട്ടേലും ഇലവനിലുണ്ടാകും. 

∙ ഹെയ്സൽവുഡ് ആദ്യ ടെസ്റ്റിനില്ല

ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിടെ പരുക്കേറ്റ ഓസ്ട്രേലിയൻ പേസ് ബോളർ ജോഷ് ഹെയ്സൽവുഡ് 9ന് നാഗ്പുരിൽ ആരംഭിക്കുന്ന  ഇന്ത്യ– ഓസീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിക്കില്ല. പരുക്ക് ഭേദമായില്ലെങ്കിൽ രണ്ടാം ടെസ്റ്റും നഷ്ടമാകും. കൈവിരലിനു പരുക്കേറ്റതിനെത്തുടർന്ന് വിശ്രമത്തിലുള്ള പേസർ മിച്ചൽ സ്റ്റാർക്കും ആദ്യ ടെസ്റ്റിനില്ല.

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കൈവിരലിനു പരുക്കേറ്റ് പുറത്തായ കാമറൂൺ ഗ്രീൻ പരിശീലനം ആരംഭിച്ചു. ആദ്യ ടെസ്റ്റിൽ ഗ്രീൻ കളിച്ചേക്കും.

ഇന്ത്യൻ നിരയിൽ, പരുക്കേറ്റ ശ്രേയസ് അയ്യർ ആദ്യ ടെസ്റ്റിനില്ല. നാഗ്പുരിൽ 2ന് ആരംഭിച്ച പരിശീലന ക്യാംപിലും ശ്രേയസ് പങ്കെടുത്തിരുന്നില്ല.

English Summary: Suryakumar Yadav Drops Massive Hint Regarding Test Debut Ahead Of Australia Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com