പാക്ക് പേസർ നസീം ഷായ്ക്കു പിറന്നാൾ ആശംസകളുമായി ഉർവശി റൗട്ടേല; മറുപടിയുമായി താരം
Mail This Article
മുംബൈ∙ പാക്കിസ്ഥാൻ യുവ പേസര്‍ നസീം ഷായ്ക്കു പിറന്നാൾ ആശംസകള്‍ അറിയിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സഹതാരം ശതബ് ഖാന് വിവാഹ ആശംസകൾ അറിയിച്ച് നസീം ഷാ പോസ്റ്റ് ചെയ്ത ചിത്രത്തിന് കമന്റായാണ് ഉർവശിയുടെ പിറന്നാൾ ആശംസകൾ എത്തിയത്.
ഉർവശിക്കു നന്ദി പറയാനും നസീം ഷാ മറന്നില്ല. ബുധനാഴ്ച നസീം ഷായുടെ 20–ാം പിറന്നാളായിരുന്നു. ഉർവശിയുടെ ആശംസാ കുറിപ്പിന് പ്രതികരണങ്ങളുമായി ആരാധകരുമെത്തി. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം കാണാൻ ഉർവശി റൗട്ടേല സ്റ്റേഡിയത്തിലെത്തിയിരുന്നു. തുടർന്ന് തന്റെയും നസീം ഷായുടേയും ടിവി ദൃശ്യങ്ങൾ ഉർവശി ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു.
പേസർ ഷഹീൻ അഫ്രീദിക്കൊപ്പം പാക്കിസ്ഥാൻ ബോളിങ്ങിന്റെ കുന്തമുനയാണു യുവതാരം നസീം ഷാ. ടെസ്റ്റിൽ 15 കളികളിൽനിന്ന് 42 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 18 വിക്കറ്റും ട്വന്റി20യിൽ 16 കളികളിൽനിന്ന് 14 വിക്കറ്റും വീഴ്ത്തി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ്.
English Summary: Urvashi Rautela sends birthday wishes to Naseem Shah