ADVERTISEMENT

പാൾ (ദക്ഷിണാഫ്രിക്ക) ∙ അയർലൻഡിനെതിരെ കഷ്ടിച്ചു ജയിച്ച് ഇന്ത്യൻ വനിതകൾ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനൽ ഉറപ്പിച്ചു. മഴ കളിമുടക്കിയ മത്സരത്തിൽ ‍‍ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ അയർലൻഡ് 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തു നിൽക്കുമ്പോഴാണ് മഴയെത്തിയത്. മഴനിയമപ്രകാരം നിശ്ചിത സ്കോറിനേക്കാൾ 5 റൺസിന് പിന്നിലായിരുന്നു അയർലൻഡ് അപ്പോൾ. പിന്നീട് മത്സരം പുനഃരാരംഭിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ– 20 ഓവറിൽ 6ന് 155. അയർലൻഡ്– 8.2 ഓവറിൽ 2ന് 54. 

ഓപ്പണർ സ്മൃതി മന്ഥനയുടെ ഉജ്വല അർധ സെഞ്ചറിയുടെ (56 പന്തിൽ 87) കരുത്തിലാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 155 റൺസെടുത്തത്. 6 ഫോറും 3 സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഇന്നിങ്സ്. ഷെഫാലി വർമയ്ക്കൊപ്പം (24) ഒന്നാം വിക്കറ്റിൽ 62 റൺസ് നേടിയെങ്കിലും പിന്നീടെത്തിയവരിൽ ആർക്കും സ്മൃതിക്ക് പിന്തുണ നൽകാനായില്ല. സെഞ്ചറിക്ക് 13 റൺസ് അകലെ 19–ാം ഓവറിലായിരുന്നു സ്മൃതിയുടെ പുറത്താകൽ. 3 തവണ ക്യാച്ച് കൈവിട്ട് അയർലൻഡ് ഫീൽഡർമാരും സ്മൃതിയെ സഹായിച്ചു. ടൂർണമെന്റിൽ താരത്തിന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയാണിത്. 

മറുപടി ബാറ്റിങ്ങിൽ ഒരു റണ്ണിനിടെ 2 വിക്കറ്റ് നഷ്ടമായെങ്കിലും അയർലൻഡിന്റെ ഗാബി ലെവിസിന്റെയും (25 പന്തിൽ 32*) ലോറ ഡെലനിയുടെയും (20 പന്തിൽ 17*) ബാറ്റിങ്ങാണ് ഇന്ത്യയെ ഞെട്ടിച്ചത്. ഗ്രൂപ്പ് എ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 102 റൺസിന്റെ കൂറ്റൻ ജയത്തോടെ ന്യൂസീലൻഡ് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. ശ്രീലങ്ക സെമി കാണാതെ പുറത്തായി.

English Summary: Women’s T20 World Cup 2023: Match abandoned, India defeat Ireland by 5 runs (DLS method)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com