വയസ് 40, ജയിംസ് ആൻഡേഴ്സൻ ടെസ്റ്റ് ബോളിങ്ങിൽ ഒന്നാമത്; 87 വർഷത്തിനിടയിലെ പ്രായം കൂടിയ താരം
Mail This Article
ദുബായ് ∙ പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യവുമായി രാജ്യാന്തര ക്രിക്കറ്റിൽ തിളങ്ങുന്ന ഇംഗ്ലിഷ് പേസർ ജയിംസ് ആൻഡേഴ്സൻ 40–ാം വയസ്സിൽ വീണ്ടും ലോക ഒന്നാം റാങ്കിൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ആൻഡേഴ്സൻ കഴിഞ്ഞ 87 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന പ്രായം കൂടിയ താരവുമായി. 1936ൽ 44–ാം വയസ്സിൽ ഒന്നാം റാങ്കിലെത്തിയ മുൻ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ക്ലാരി ഗ്രിമറ്റിന്റെ പിൻഗാമിയാണ് ആൻഡേഴ്സൻ.
കഴിഞ്ഞ 4 വർഷമായി ബോളിങ്ങിലെ ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരുന്ന ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെ ആൻഡേഴ്സൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. ഇന്ത്യയുടെ ആർ.അശ്വിൻ രണ്ടാമതെത്തി.
ഇത് ആറാം തവണയാണ് ആൻഡേഴ്സൻ ടെസ്റ്റ് ബോളിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. 2016 മേയിലായിരുന്നു ആദ്യ നേട്ടം. ന്യൂസീലൻഡിനെതിരെ കഴിഞ്ഞയാഴ്ച നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ 7 വിക്കറ്റു നേട്ടമാണ് ആൻഡേഴ്സനെ റാങ്കിങ്ങിന്റെ തലപ്പത്തെത്തിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റു നേടുന്ന ഫാസ്റ്റ് ബോളറായ ജയിംസ് ആൻഡേഴ്സൻ (682 വിക്കറ്റുകൾ) കരിയറിലെ ഏറ്റവും മികച്ച ഫോമിലാണിപ്പോൾ.
2013ൽ അരങ്ങേറിയ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് ശരാശരി (25.9) ഇപ്പോഴത്തേതാണ്. 35 വയസ്സിനുശേഷം കളിച്ച 56 ടെസ്റ്റുകളിൽ നിന്നു മാത്രം നേടിയത് 202 വിക്കറ്റുകൾ.
English Summary : James Anderson ranks first in test bowlers list