ADVERTISEMENT

ബെംഗളൂരു ∙ ഐസിസി ടൂർണമെന്റുകളിൽ കിരീടമില്ലാത്തതിനാൽ, പലരും തന്നെ പരാജയപ്പെട്ട ക്യാപ്റ്റനായാണ് വിലയിരുത്തുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. നാല് ഐസിസി ടൂർണമെന്റുകളിൽ ടീമിനെ നയിച്ചിട്ടും ജയിക്കാനാകാതെ വന്നതോടെയാണ് താൻ പരാജിതനായ ക്യാപ്റ്റനെന്നു മുദ്രകുത്തപ്പെട്ടതെന്ന് കോലി ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ത്യൻ ടീമിന്റെ ശൈലിയിൽ കാതലമായ മാറ്റം കൊണ്ടുവരാൻ ക്യാപ്റ്റനെന്ന നിലയിൽ തനിക്കു കഴിഞ്ഞിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോലി, ഇക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

‘‘നോക്കൂ, ജയിക്കാനായാണ് നാം ടൂർണമെന്റുകൾ കളിക്കുന്നത്. 2017 ചാംപ്യൻസ് ട്രോഫിയിലും (ഫൈനലിൽ തോറ്റു), 2019ലെ ഏകദിന ലോകകപ്പിലും (സെമിയിൽ തോൽവി), ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും (ഫൈനലിൽ തോൽവി), 2021 ട്വന്റി20 ലോകകപ്പിലും (നോക്കൗട്ടിൽ കടക്കാനായില്ല) ഞാനാണ് ടീമിനെ നയിച്ചത്. നാല് ഐസിസി ടൂർണമെന്റുകളിൽ കിരീടം അകന്നതോടെ, ഞാൻ പരാജിതനായ ക്യാപ്റ്റനെന്ന് മുദ്ര കുത്തപ്പെട്ടു’ – ആർസിബിയുടെ പോഡ്കാസ്റ്റിൽ കോലി ചൂണ്ടിക്കാട്ടി.

അതേസമയം, ടീമിന്റെ ശൈലിയിൽ കാര്യമായ വ്യത്യാസം വരുത്താൻ സാധിച്ചതിനെ വളരെ അഭിമാനത്തോടെയാണ് കാണുന്നതെന്നും കോലി വിശദീകരിച്ചു. 2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച നായകനാണ് കോലി.

‘‘ആ ഒരു കാഴ്ചപ്പാടിൽ നിന്ന് ഞാൻ ഒരിക്കലും എന്നെ വിലയിരുത്തിയിട്ടില്ല. ടീമെന്ന നിലയിൽ നമ്മൾ നേടിയതും ടീമിന്റെ ശൈലിയിൽ വന്ന വ്യത്യാസവും എന്നെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടങ്ങളാണ്. ഒരു ടൂർണമെന്റ് ചെറിയൊരു കാലയളവിൽ നടത്തപ്പെടുന്ന കാര്യമാണ്. പക്ഷേ, ടീമിന്റെ ശൈലിയിൽ വരുന്ന വ്യത്യാസം ദീർഘനാളുകൾ കൊണ്ട് സംഭവിക്കുന്നതാണ്. ഒരു ടൂർണമെന്റ് ജയിക്കുന്നതിനേക്കാൾ സ്ഥിരതയും സ്ഥൈര്യവുമുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു വ്യത്യാസം ടീമിൽ കൊണ്ടുവരാനാകൂ’ – കോലി ചൂണ്ടിക്കാട്ടി.

‘‘കളിക്കാരനെന്ന നിലയിൽ ഞാൻ ലോകകപ്പ് നേടിയിട്ടുണ്ട്. കളിക്കാരനെന്ന നിലയിൽ ചാംപ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരകൾ നേടിയ ടീമിലും ഞാൻ അംഗമായിരുന്നു. അങ്ങനെ നോക്കിയാൽ ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ താരങ്ങളുണ്ടെന്നു കാണാം’ – കോലി ചൂണ്ടിക്കാട്ടി.

‘‘2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. അന്ന് എനിക്ക് ടീമിൽ ഇടം കിട്ടിയതു തന്നെ മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ്. അന്ന് ആറാം ലോകകപ്പിലാണ് സച്ചിൻ ആദ്യമായി കിരീടം ചൂടിയത്. ആദ്യമായി ടീമിലെത്തിയപ്പോൾത്തന്നെ എനിക്ക് കിരീടം നേടാനായി’ – കോലി പറഞ്ഞു.

English Summary: ‘I was considered as a failed captain’: Virat Kohli on not winning an ICC trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com