ആധിപത്യം അരക്കിട്ടുറപ്പിച്ച് ഓസീസ്; 19 റൺസ് വിജയത്തോടെ ആറാം ലോക കിരീടം
Mail This Article
കേപ് ടൗൺ ∙ ചാംപ്യൻ ടീം എന്നത് എന്തുകൊണ്ട് തങ്ങളുടെ സ്ഥിരം വിശേഷണമാകുന്നു എന്ന് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഒരിക്കൽ കൂടി തെളിയിച്ചു. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 19 റൺസിന് തകർത്ത് ഓസീസിന് വീണ്ടും ലോകകിരീടം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ 6 വിക്കറ്റിന് 137 റൺസിലൊതുങ്ങി. ഇതുവരെ നടന്ന 8 ട്വന്റി20 ലോകകപ്പുകളിൽ ആറാം തവണയാണ് ഓസീസ് ജേതാക്കളാകുന്നത്. തുടർച്ചയായ മൂന്നാം തവണയും. ഓസ്ട്രേലിയയ്ക്കായി 53 പന്തിൽ 74 റൺസ് നേടി പുറത്താകാതെ നിന്ന ബെത്ത് മൂണിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
9 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് മൂണിയുടെ ഇന്നിങ്സ്. ഓപ്പണർ ലോഹ വോഹ്‌വാർദിലൂടെ (48 പന്തിൽ 61 റൺസ്) ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും അവസാന ഓവറുകളിൽ റൺറേറ്റ് സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കി. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആഷ്‌ലി ഗാർഡനറാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്.
157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അച്ചടക്കത്തോടെയാണ് ഓസീസ് ബോളർമാർ പന്തെറിഞ്ഞത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്തതിനൊപ്പം റൺറേറ്റ് നിശ്ചിത നിരക്കിനപ്പുറം കടക്കാതെ അവർ തടഞ്ഞു. പവർപ്ലേയിലെ 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (10 റൺസ്), മരിസാൻ ക്യാപ് (11), ക്യാപ്റ്റൻ സൂൻ ലുസ് (2) എന്നിവരെ ഓസീസ് നിലയുറപ്പിക്കും മുൻപ് മടക്കി. തുടർന്നു ക്രീസിലെത്തിയ ക്ലോയി ട്രയോണിനൊപ്പം ചേർന്ന് വോഹ്‌വാർദ് ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ഗാലറിയിൽ തിങ്ങിനിറഞ്ഞ ദക്ഷിണാഫ്രിക്കൻ ആരാധകർ ആവേശത്തിലായി. 5 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു വോഹ്‌വാർദിന്റെ ഇന്നിങ്സ്. ഇരുവരും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോകകപ്പ് സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും പുറത്താക്കി ഓസീസ് ബോളർമാർ തിരിച്ചടിച്ചു.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് അലീസ ഹീലിയും ബെത്ത് മൂണിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഹീലി (20 പന്തിൽ 18 റൺസ്) പുറത്തായതിനു ശേഷം ക്രീസിലെത്തിയ ആഷ്‌ലി ഗാർഡനറും (21 പന്തിൽ 29) തകർത്തടിച്ചതോടെ ഓസീസ് സ്കോർ കുതിച്ചു. എന്നാൽ പിന്നാലെ വന്നവരെ ക്രീസിൽ നിലയുറപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ ബോളർമാർ അനുവദിക്കാതിരുന്നതോടെ ഓസീസ് സ്കോർ 156ൽ ഒതുങ്ങി.
English Summary: Australia Women vs South Africa Women, Final - Live