ADVERTISEMENT

സ്പിന്നർമാർക്ക്, പ്രത്യേകിച്ച് വലംകയ്യൻ ഓഫ് സ്പിന്നർമാർക്ക് ഒരു ‘സഹായ’വും നൽകാത്ത അഡ്‌ലെയ്ഡ് ഓവലിലെ ഗ്രൗണ്ടിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ചവൻ. പിന്നീട് എപ്പോഴോ ക്രിക്കറ്റ് താരത്തിൽ നിന്നു പിച്ച് ക്യുറേറ്റർ എന്ന റോളിലേക്കുള്ള വേഷപ്പകർച്ച. വീണ്ടും ക്രിക്കറ്റ് താരത്തിലേക്കുള്ള മടക്കം. തന്റെ പന്തുകളെക്കാൾ നന്നായി ‘കുത്തിത്തിരിഞ്ഞ’ കരിയറും ജീവിതവുമാണ് നേഥൻ ലയൺ എന്ന ഓസ്ട്രേലിയൻ ഓഫ് സ്പിന്നറുടേത്!  

ബോർഡർ–ഗാവസ്കർ ട്രോഫിയിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം (25 മത്സരങ്ങളിൽ നിന്നായി 113 വിക്കറ്റ്), ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന നോൺ ഏഷ്യൻ സ്പിന്നർ (27 മത്സരങ്ങളിൽ നിന്നായി 137 വിക്കറ്റ്), ഇന്ത്യയിൽ അൻപതിൽ അധികം വിക്കറ്റ് നേടുന്ന ഏഷ്യയ്ക്കു പുറത്തുള്ള ഏക സ്പിന്നർ തുടങ്ങി സ്പിൻ മാന്ത്രികൻ ഷെയ്ൻ വോണിനു പോലും എത്തിപ്പിടിക്കാൻ കഴിയാതിരുന്നത്ര റെക്കോർഡുകൾ ഇതിനോടകം ലയണിന്റെ പേരിലുണ്ട്. ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ 2 ഇന്നിങ്സുകളിലായി 11 വിക്കറ്റ് വീഴ്ത്തി വീണ്ടുമൊരിക്കൽ കൂടി ടീമിന്റെ രക്ഷകനായിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരൻ. 

ഉയരത്തിന്റെ ആനൂകൂല്യം

6 അടി പൊക്കക്കാരനായ ലയൺ തന്റെ ഉയരത്തിന്റെ ആനുകൂല്യം മുതലാക്കിയാണ് ഓരോ പന്തും എറിയുന്നത്. ഹൈ ആം ആക്‌ഷനിൽ പരമാവധി ഉയരത്തിലുള്ള റിലീസിങ് പോയിന്റ് കണ്ടെത്താൻ തന്റെ പൊക്കം ലയണിനെ സഹായിക്കുന്നു. ഇന്ത്യയിലെ സ്പിൻ ട്രാക്കുകളിൽ പോലും അപ്രതീക്ഷിത ബൗൺസ് കണ്ടെത്താൻ ലയണിനു സാധിക്കുന്നത് ഈ ഉയരത്തിലൂടെയാണ്.

നേഥൻ ലയൺ

റണ്ണപ്പിലെ താളം

സാധാരണ സ്പിന്നർമാരെ അപേക്ഷിച്ച് നാലോ അഞ്ചോ സ്റ്റെപ്പുകൾ അധികമാണ് ലയണിന്റെ റണ്ണപ്പിന്. ഈ അധിക സ്റ്റെപ്പുകളാണ് ലയണിന്റെ ബോളിങ്ങിന് താളം നൽകുന്നത്. പന്തിന് കൃത്യമായ എലിവേഷൻ നൽകാനും ലൈനിലും ലെങ്തിലും സ്ഥിരത പുലർത്താനും ഇതുവഴി കഴിയുന്നു.

ഹിപ് ഡ്രൈവ്

സൈഡ് ആം ആക്‌ഷനാണ് ലയണിന്റേത്. റണ്ണപ്പുമായി വന്ന് സൈഡ് ആം ആക്‌ഷനിലേക്ക് മാറി അരക്കെട്ട് പരമാവധി തിരിച്ചാണ് (ഹിപ് ഡ്രൈവ്) ലയൺ പന്തെറിയുന്നത്. ഈ ഹിപ് റൊട്ടേഷൻ പന്തിന്റെ ടേൺ വർധിപ്പിക്കാൻ സഹായിക്കുന്നു. ഏത് ആംഗിളിൽ നിന്നും പന്ത് ടേൺ ചെയ്യിപ്പിക്കാനും ഈ ഹിപ് ഡ്രൈവ് രീതിയിലൂടെ ലയണിനു സാധിക്കുന്നു.

വിക്കറ്റ് ടു വിക്കറ്റ്

ഗുഡ് ലെങ്ത്, ജസ്റ്റ് ഷോട്ട് ഓഫ് ഗുഡ് ലെങ്ത് എന്നീ ലെങ്ത്തുകളിൽ പതിനഞ്ചും ഇരുപതും ഓവർ നീളുന്ന സ്പെല്ലുകൾ വിക്കറ്റ് ടു വിക്കറ്റ് കൃത്യതയോടെ എറിയുന്നതാണ് ലയണിന്റെ മറ്റൊരു പ്രത്യേകത. പിച്ചിൽ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കിലും ബാറ്റർമാരെ പ്രതിരോധത്തിലാക്കാൻ ലൈൻ ആൻഡ് ലെങ്തിലെ ഈ സ്ഥിരത ലയണിനെ സഹായിക്കുന്നു.

മുത്തയ്യ മുരളീധരനെതിരെയോ ഷെയ്ൻ വോണിനെതിരെയോ ഞാ‍ൻ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. എങ്കിലും ഇന്ത്യയിൽ കളിച്ചിട്ടുള്ള ഏറ്റവും മികച്ച വിദേശ സ്പിന്നർ ആരാണെന്ന് ചോദിച്ചാൽ നേഥൻ ലയൺ എന്നായിരിക്കും എന്റെ ഉത്തരം

പാർട് ടൈം ക്രിക്കറ്റർ

ന്യൂ സൗത്ത് വെയ്ൽസിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ലയണിന്റെ ജനനം. ചെറുപ്പം തൊട്ട് ക്രിക്കറ്റ് ആയിരുന്നു ലയണിന് എല്ലാം. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ തിളങ്ങാൻ സാധിക്കാതെ വന്നതോടെ ഗ്രൗണ്ട് സ്റ്റാഫായി മാറാൻ തീരുമാനിച്ചു. ജോലിയുടെ ഇടവേളകളിൽ ചില പ്രാദേശിക ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്നത് മാറ്റി നിർത്തിയാൽ പ്രഫഷനൽ ക്രിക്കറ്റ് ലയണിനൊരു പാർട് ടൈം ജോലി മാത്രമായിരുന്നു. അങ്ങനെയിരിക്കെയാണ് ഓസ്ട്രേലിയയിലെ ആഭ്യന്തര ടീമായ റെഡ് ബാക്സിന് ഒരു ഓഫ് സ്പിന്നറെ ആവശ്യമായി വന്നത്. നറുക്ക് ലയണിന് വീണു. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടത്തിലൂടെ 2011 ഓസ്ട്രേലിയൻ സീനിയർ ടീമിൽ അരങ്ങേറ്റം. ഷെയ്ൻ വോണിനു ശേഷം ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സ്പിൻ വിഭാഗത്തിന്റെ അമരക്കാരൻ. 

 

English Summary : Brilliance of Australian cricket player Nathan lyon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com