ADVERTISEMENT

പതിനാറാം വയസ്സിലാണ് മിന്നു മണി കേരള ക്രിക്കറ്റ് ടീമിലെത്തിയത്. അന്നുതൊട്ട് ഇന്നുവരെ ഇന്ത്യ എ ഉൾപ്പെടെ വിവിധ ടീമുകൾക്കായി ഒട്ടേറെ മത്സരങ്ങൾ മിന്നു കളിച്ചു. പക്ഷേ, ഒരിക്കൽപോലും സ്റ്റേഡിയത്തിലെത്തി മിന്നുവിന്റെ പ്രകടനം കാണാൻ അച്ഛൻ മണിക്കും അമ്മ വസന്തയ്ക്കും സാധിച്ചിട്ടില്ല. കൂലിപ്പണിക്കാരായ ഇരുവർക്കും ഒരു ദിവസത്തെ ജോലി ഒഴിവാക്കി മത്സരം കാണാൻ പോകാനുള്ള സാഹചര്യം ഇല്ലായിരുന്നു.

ഇന്ന്, പ്രഥമ വനിതാ പ്രിമിയർ ലീഗിലെ മലയാളി താരം എന്ന നേട്ടത്തിൽ എത്തി നിൽക്കുമ്പോൾ മിന്നുവിന് ഒരാഗ്രഹമുണ്ട്; അച്ഛനെയും അമ്മയെയും ഒരു മത്സരം കാണാനെങ്കിലും സ്റ്റേഡിയത്തിൽ കൊണ്ടുവരണം, അവർക്കു മുന്നിൽ ഒരു മത്സരമെങ്കിലും കളിക്കണം... ഡൽഹി ക്യാപിറ്റൽസ് ടീമംഗം മിന്നു മണി മനോരമയോടു സംസാരിക്കുന്നു.

വനിതാ പ്രിമിയർ ലീഗിലെ പ്രതീക്ഷകൾ?

ലേലത്തിനു റജിസ്റ്റർ ചെയ്തപ്പോൾ ഏതെങ്കിലും ടീം വിളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. ഡൽഹി ടീം എനിക്കു വേണ്ടി ബിഡ് ചെയ്തപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. പ്രക്ടീസ് സെഷനുകളെല്ലാം നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു.

ക്രിക്കറ്റിലേക്കുള്ള വരവ്

വീടിനു മുന്നിൽ പാടമാണ്. അവിടെ എന്നും ക്രിക്കറ്റ് കളി ഉണ്ടാകും. അവിടെ ചേട്ടൻമാർക്കൊപ്പം കളിച്ചാണ് ക്രിക്കറ്റ് പഠിച്ചത്. പിന്നെ ക്രിക്കറ്റിനോടുള്ള താൽപര്യം കണ്ടപ്പോൾ സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക എൽസമ്മ ടീച്ചറാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പരിശീലനത്തിനായി അയച്ചത്. 9–ാം ക്ലാസിൽ പഠിക്കുമ്പോൾ തൊടുപുഴയിലുള്ള കെസിഎ ക്രിക്കറ്റ് അക്കാദമിയിൽ സിലക്‌ഷൻ കിട്ടി. പിന്നീടങ്ങോട്ടുള്ള പഠനവും പരിശീലനവുമെല്ലാം അക്കാദമി വഴിയായിരുന്നു.

ഇഷ്ടതാരം ധോണിയാണോ? 

സ്മൃതി മന്ഥന, ഹർമൻ പ്രീത് കൗർ എന്നിവരെയൊക്കെ ഇഷ്ടമാണെങ്കിലും ചെറുപ്പം തൊട്ടേ ഞാനൊരു എം.എസ്.ധോണി ഫാനാണ്. ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്ത് ഏറ്റവുമധികം കേട്ട പേരാണ് ധോണിയുടേത്. അദ്ദേഹത്തെ പോലെ ഒരു വിക്കറ്റ് കീപ്പർ ആകണമെന്നായിരുന്നു ആഗ്രഹം.

ക്യാംപിലെ വിശേഷങ്ങൾ

ഒരൽപം ടെൻഷനോടെയാണ് ക്യാംപിലേക്ക് വന്നത്. പക്ഷേ എല്ലാരുമായും പെട്ടെന്ന് കൂട്ടായി. ജമൈമ റോഡ്രിഗസ്, ഷെഫാലി വർമ തുടങ്ങിയ ദേശീയ താരങ്ങൾക്കൊപ്പമെല്ലാം ആഭ്യന്തര ക്രിക്കറ്റിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ സൂപ്പർ താരം മെഗ് ലാനിങ്ങിനെ നേരിട്ടു കണ്ടത് മറക്കാനാകാത്ത അനുഭവമാണ്. അങ്ങോട്ട് കേറി പരിചയപ്പെടാനുള്ള മടി കാരണം മാറി നിന്നപ്പോൾ അവർ ഇങ്ങോട്ടു വന്ന് പരിചയപ്പെട്ടു.

കുടുംബത്തിന്റെ പിന്തുണ

വയനാട് മാനന്തവാടി ചോയ്മൂല എടപ്പടി കോളനിയിലാണ് എന്റെ വീട്. അച്ഛൻ മണിക്കു കൂലിപ്പണിയാണ്. അമ്മ വസന്തയും ഇടയ്ക്ക് കൂലിപ്പണിക്കുപോകും. പ്രിമിയർ ലീഗ് കാണാൻ അവരെ മുംബൈയിലേക്കു കൊണ്ടുവരണമെന്നുണ്ട്. ഇവിടെ നിന്നുള്ള പണം കിട്ടുന്നതിനനുസരിച്ച് ഒരു മത്സരമെങ്കിലും നേരിട്ടു കാണാൻ അവരെ ഇങ്ങോട്ടു കൊണ്ടുവരാനാണ് ആലോചന. 

English Summary: Delhi Capitals Keralite player Minnu Mani, Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com