കൊച്ചി∙ നഗരത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിനു പരിഗണിക്കപ്പെടുന്നതിൽ മുൻതൂക്കം ഇപ്പോഴും നെടുമ്പാശേരി അത്താണിയിലെ സ്ഥലത്തിനെന്നു സൂചന. ആവശ്യമായ അനുമതികൾ ലഭിച്ചാൽ ഈ സ്ഥലത്തുതന്നെ ക്രിക്കറ്റ് സ്റ്റേഡിയം യാഥാർഥ്യമാകും. രാജ്യാന്തര വിമാനത്താവളത്തിനടുത്താണെന്നതും ദേശീയ പാതയിലേക്ക് 21 മീറ്റർ വഴിയുണ്ടെന്നതും ഈ സ്ഥലത്തിന്റെ മേന്മകളായാണു കെസിഎ കാണുന്നത്.
അതേസമയം, സ്റ്റേഡിയത്തിനായി സ്ഥലം കൈമാറാൻ താൽപര്യമറിയിച്ചു മുപ്പതിലേറെ ഭൂവുടമകൾ ഇതിനകം തന്നെ കെസിഎയെ സമീപിച്ചിട്ടുണ്ട്. ഇതിൽ വ്യക്തികളും ഒന്നിലേറെ വ്യക്തികളുടെ സംഘവുമുണ്ട്. 250 കോടി രൂപ ചെലവിൽ മൂന്നു വർഷത്തിനകം സ്റ്റേഡിയം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി.
മികച്ച പ്രതികരണമാണു സ്ഥലമുടമകളിൽനിന്നു ലഭിക്കുന്നത്. കൊച്ചി നഗരത്തിന്റെ 30 കിലോമീറ്റർ പരിധി എന്നറിയിച്ചെങ്കിലും അയൽ ജില്ലകളിൽനിന്നുപോലും താൽപര്യപത്രം ലഭിച്ചു. ക്ലബ് ഹൗസ്, കൺവൻഷൻ സെന്റർ, ഹോട്ടൽ, ജിംനേഷ്യം തുടങ്ങി ആധുനിക ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ വേണ്ടതെല്ലാം സ്റ്റേഡിയം കോംപ്ലക്സിൽ ഒരുക്കും.
English Summary: Plans to build cricket stadium at Kochi